ഡോ. സന്തോഷ് മാത്യു
പാകിസ്താന് എന്ന ഉറുദു വാക്കിന്റെ അര്‍ഥം പരിശുദ്ധി എന്നാണ്. എന്നാല്‍ പരിശുദ്ധമായ കാര്യങ്ങളല്ല അവിടുന്ന് ഇപ്പോള്‍ പുറത്തു വരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ പാക്കിസ്ഥാന് കത്തിയെരിയുകയാണ്. മെയ് 9ചൊവ്വാഴ്ചയാണ് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ(എന്‍എബി) വാറന്റ്അനുസരിച്ച് അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന് തെഹ്രീക് ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ഖാനെ അര്‍ദ്ധസൈനിക വിഭാഗമായ പാകിസ്ഥാന് റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തത്. അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ വിചാരണ നേരിടാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ എത്തിയ വേളയിലായിരുന്നു അറസ്റ്റ്. അഴിമതിക്കേസില്‍ വിചാരണ നേരിടുന്നതിനായി കോടതിയിലെത്തിയ വേളയില്‍ ഇമ്രാനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് പറഞ്ഞാണ് സുപ്രീംകോടതി അറസ്റ്റ് റദ്ദാക്കിയത്. ഇമ്രാനെ സംബന്ധിച്ച് ആശ്വാസകരമാണ് സുപ്രീംകോടതി വിധി. സൈന്യത്തിനും അവരുമായി സഹകരിച്ച് മുന്നോട്ടുപോകുന്ന പാകിസ്ഥാന് മുസ്ലിം ലീഗ് (നവാസ്)-പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ടി സഖ്യസര്‍ക്കാരിനും രാഷ്ട്രീയമായി കനത്ത തിരിച്ചടികൂടിയാണിത്.
നേരത്തേ ഇസ്ലാമാബാദ് പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പിടിഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്താല്‍ അതിനു കഴിഞ്ഞിരുന്നില്ല. ഇതിനാലായിരിക്കണം പാകിസ്ഥാന് റേഞ്ചേഴ്സിനെ ഉപയോഗിച്ച് ഇമ്രാനെ അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ഇമ്രാന്റെ അനുയായികള്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തിനുനേരെയും ലാഹോറിലെ ചില സൈനിക ഉദ്യോഗസ്ഥരുടെ വസതിക്കുനേരെയും ആക്രമണം നടത്തി. ആദ്യമായിട്ടായിരിക്കണം സൈനിക കേന്ദ്രങ്ങള്‍ക്കുനേരേ ആക്രമണമുണ്ടാകുന്നത്. അറസ്റ്റിലാകുന്നതിനുമുമ്പ് ഇമ്രാന് ഖാന് പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തില്‍ തനിക്കെതിരെ എന്തെങ്കിലും നീക്കമുണ്ടായാല്‍ തെരുവില്‍ പോരാടണമെന്ന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ അണികള്‍ നടത്തിയ ഈ ആക്രമണത്തെ ന്യായീകരിക്കാന്‍ പിടിഐ നേതൃത്വം തയ്യാറായില്ല. പാക് സൈന്യത്തിന്റെ വേട്ടയാടല്‍ ഭയന്നായിരിക്കണം അണികളില്‍നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കാന്‍ നേതൃത്വം തയ്യാറായത്. പിടിഐയില്‍ രണ്ടാമനായി എണ്ണപ്പെടുന്ന ഷാ മുഹമ്മദ് ഖുറേഷിയും മൂന്നാമനായി അറിയപ്പെടുന്ന അസദ് ഉമറും ഉള്‍പ്പെടെ രണ്ടായിരത്തോളംപേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസവിധി ഉണ്ടായിരിക്കുന്നത്. നൂറിലധികം അഴിമതിക്കേസുകള്‍ നേരിടുന്ന ഇമ്രാന് ഖാനെയും അയോഗ്യനാക്കാനുള്ള നീക്കമാണ് ഷെഹ്ബാസ് ഷെരീഫിന്റെ സര്‍ക്കാരും സൈന്യവും തമ്മില്‍ നടത്തുന്നത്. ഈ വര്‍ഷം ഒക്ടോബറിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്നടക്കേണ്ടത്. അത് നേരത്തേയാക്കാന്‍ ഇമ്രാന് സ്വന്തം പാര്‍ടി ഭരിക്കുന്ന പ്രവിശ്യാസഭകള് പിരിച്ചുവിട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ഏതായാലും ഇനി കണ്ടറിയേണ്ടത് ഇമ്രാന് ഖാനെ അയോഗ്യനാക്കുമോ ഇല്ലയോ എന്ന കാര്യമാണ്. അറസ്റ്റിനു മുമ്പുള്ളതിനെക്കാള്‍ കരുത്തനായ ഇമ്രാനെയാണ് ഇനി രാജ്യം കാണുക എന്നുറപ്പാണ്.
പാകിസ്താനില്‍ അറസ്റ്റിലാകുന്ന ഏഴാമത്തെ മുന്‍പ്രധാനമന്ത്രിയാണ് ഇമ്രാന്ഖാന്. ഹുസൈന് ഷഹീദ് സുഹ്രാവര്‍ദി, സുള്‍ഫിക്കര്‍ അലി ഭൂട്ടോ, ബേനസീര്‍ ഭൂട്ടോ, നവാസ് ഷരീഫ്, ഷാഹിദ് ഖാന് അബ്ബാസി തുടങ്ങിയവരാണ് മുന്‍ഗാമികള്‍. തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 28നാണ് ഇമ്രാന് ലാഹോറില്‍നിന്ന് 380 കിലോമീറ്റര്‍ ലോങ് മാര്‍ച്ച് ആരംഭിച്ചത്. ഏഴാംദിവസം മാര്‍ച്ച് പഞ്ചാബിലെത്തിയപ്പോള്‍ ഇമ്രാന് ഖാന് വെടിയേല്‍ക്കുകയായിരുന്നു. ആദ്യപ്രഖ്യാപന പ്രകാരം നവംബര്‍ നാലിനാണ് ഇസ്ലാമാബാദില് മാര്‍ച്ച് എത്തേണ്ടിയിരുന്നത്. വധശ്രമം നടന്ന വസീറാബാദില്‍നിന്ന് ഇസ്ലാമാബാദിലേക്ക് 200 കിലോമീറ്ററോളം ദൂരമുണ്ട്. പാക്കിസ്ഥാനിലെ ഭരണകൂടത്തിനും സൈനികമേധാവിത്വത്തിനുമെതിരെ യുദ്ധം പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് തുടങ്ങിവച്ച വന്‍പ്രക്ഷോഭങ്ങള്‍ക്കിടെയാണ് വധശ്രമം രാഷ്ട്രീയ വഴിത്തിരിവാകുന്നത്.
പാകിസ്താനില്‍ 2018-ല്‍ ഇമ്രാന് ഖാനെ പ്രധാനമന്ത്രിയായി അവരോധിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് സൈന്യമായിരുന്നു. എന്തായാലും പാക് രാഷ്ട്രീയത്തില്‍ സുപ്രീംകോടതിയും സൈന്യവും വീണ്ടും നിര്‍ണായകമായിരിക്കുകയാണ്. മുമ്പ് ജനറല്‍ പര്‍വേസ് മുഷറഫിന്റെയും പിന്നീട് അഞ്ചുവര്‍ഷംമുമ്പ് ഷഹബാസിന്റെ ജ്യേഷ്ഠന് നവാസ് ഷെറീഫിന്റെയും പതനത്തില്‍ സുപ്രീംകോടതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യത്തിന്റെ ചരിത്രത്തില്‍ സൈന്യത്തോളം മുദ്ര പതിപ്പിച്ചിട്ടുള്ള ഒരു സംവിധാനവുമില്ല. 75 വര്‍ഷമാകുന്ന പാകിസ്ഥാന്റെ ചരിത്രത്തില്‍ പകുതിയിലേറെക്കാലം ഭരിച്ചത് സൈന്യമാണ്. അത്തരത്തില്‍ നേരിട്ടുള്ള സൈനികവാഴ്ചയോ അതോ മറ്റ് പലപ്പോഴുമെന്നപോലെ സൈന്യം തിരശ്ശീലയ്ക്കു പിന്നില്‍നിന്ന് ഭരിക്കുന്ന ‘ജനാധിപത്യ’ സംവിധാനം തന്നെയായിരിക്കുമോ പാകിസ്ഥാനില്‍ ഉണ്ടാകാന്‍ പോകുന്നത് എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
പാക്കിസ്ഥാന് ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പാതി കാലം ഭരണം നടത്തിയത് പട്ടാളമാണ്. അതായത് ചരിത്രം ആവര്‍ത്തിക്കാന്‍ സമയം വൈകിയിരിക്കുന്നു. അയൂബ് ഖാന്(1958 1971), സിയ -ഉല് -ഹഖ്(1977 1988), പര്‍വേസ് മുഷറഫ്(1999-2008) എന്നിവരുടെ നിരയിലേക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ കടന്നു വരുമോ എന്നാണ് ഇനി അറിയേണ്ടത്. അധികാരത്തിന്റെ പരകോടിയിലെത്തിയവര്‍ എക്കാലവും കഴുമരവും കാരാഗൃഹവാസവും പ്രവാസവുമെല്ലാം രുചിച്ച ദേശമാണത്. സുല്‍ഫീക്കര്‍ അലി ഭുട്ടോ മുതല്‍ നവാസ് ശരീഫ് വയുള്ളവരുടെ ചരിത്രം അങ്ങനെത്തന്നെയാണ്. സുല്‍ഫിക്കറിന് കഴുമരമായിരുന്നുവെങ്കില്‍ നവാസിന് കാരാഗൃഹമായിരുന്നു. ബേനസീറിന് ബോംബ് സ്ഫോടനവും. ആ പട്ടികയിലേക്ക് പതിയെ നടന്നുകയറുകയാണ് ഇമ്രാന് ഖാനും.
പാകിസ്ഥാനില്‍ ആര് വന്നാലും നമുക്ക് ഒരുപോലെയാണ്. കാരണം ഇമ്രാനെ പോലെ പട്ടാളത്തിന്റെ കളിപ്പാവ ആയിരിക്കും തുടക്കത്തില്‍ ഇവര്‍. പിന്നീട് പട്ടാളത്തിന്റെ തോളില്‍ കയറിയിരുന്നു ചെവി കടിക്കാന്‍ നോക്കും. അവര്‍ പിടിച്ചു പുറത്താക്കും. ഇതാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. 2018ല്‍ ഇമ്രാനെ അധികാരത്തിലെത്താന്‍ പ്രധാനമായും സഹായിച്ചത് സൈന്യമാണ്. പ്രതിസന്ധികളില്‍ അകപ്പെട്ട രാജ്യത്തിന്റെ രക്ഷകനാകുമെന്ന് പ്രഖ്യാപിച്ചാണ് 2018 ജൂലൈയിലെ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനത ഇമ്രാന് ഖാന്റെ പാര്‍ടിയായ പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫിനെ (പിടിഐ) പിന്തുണച്ചു. 342ല്‍ 149 സീറ്റ് നേടിയ പിടിഐ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മൂന്നു ചെറുപാര്‍ടികളെയും ഒപ്പംകൂട്ടി ഭരണത്തിലേറി. രാജ്യത്തെ ഏഴ് പ്രവിശ്യയില്‍ ആറിലും ഭരണം നേടി.
പട്ടാളഭരണം തന്നെയാണ് പാകിസ്താന് നല്ലത്. ജനാധിപത്യം അവരുടെ സ്വഭാവമല്ല. അവിടെ വരാന്‍ സാധ്യതയുള്ളതില്‍ വച്ച് ഭേദപ്പെട്ട ചെകുത്താനാണ് ഇമ്രാന് എന്നാണ് പല വിലയിരുത്തലുകളും നല്കുന്ന സൂചന. തീവ്രവാദത്തെ എന്നും താലോലിക്കുന്ന സമീപനമാണ് പാക്കിസ്ഥാനുള്ളത്. ഇസ്ലാമിക ഭീകരരും പാക്ചാര സംഘടനയായ ഐഎസ്ഐയും തമ്മിലുള്ള പൊക്കിള്‍ കൊടി ബന്ധത്തിന് തെളിവാണ് ഒസാമ ബിന്‍ ലാദന് പാകിസ്ഥാനില്‍ സുരക്ഷിതമായി കഴിഞ്ഞത്. പാക് താലിബാനെ വീണ്ടും ആയുധം അണിയിച്ച് ഇന്ത്യക്കെതിരെ പാക് സൈന്യം അണി നിരത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
പാകിസ്ഥാന്റെ 75 വര്‍ഷ ചരിത്രത്തില്‍ ഇതുവരെ ഒരൊറ്റ പ്രധാനമന്ത്രിക്കും അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാനായിട്ടില്ല. ഇതുവരെ 22 പ്രധാനമന്ത്രിമാരും ഏഴ് കാവല്‍ പ്രധാനമന്ത്രിമാരുമുണ്ടായി. സൈനിക അട്ടിമറി, കൊലപാതകം, സുപ്രീംകോടതി അയോഗ്യത കല്‍പ്പിക്കല്‍, പ്രസിഡന്റ് പുറത്താക്കല്‍, ഭൂരിപക്ഷം നഷ്ടപ്പെട്ടുള്ള രാജി എന്നിങ്ങനെ വിവിധ കാരണങ്ങളായിരുന്നു ഇതിനുപിന്നില്‍. 1977-1985 കാലയളവില്‍ രാജ്യത്തെ പ്രധാനമന്ത്രി പദവി സൈനിക ഭരണാധികാരിയായിരുന്ന ജനറല്‍ സിയ ഉള് ഹഖ് റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം പൂര്‍ത്തിയാക്കിയത് ആദ്യ പ്രധാനമന്ത്രിയായ ലിയാഖത്ത് അലി ഖാനാണ്. നാലു വര്‍ഷവും രണ്ട് മാസവും. 13 ദിവസം മാത്രം പ്രധാനമന്ത്രി കസേരയിലിരുന്ന നൂറുല്‍ അമീനാണ് ഏറ്റവും കുറഞ്ഞ കാലാവധി. ഏറ്റവും കൂടുതല്‍ തവണ പ്രധാനമന്ത്രിയായത് പാകിസ്ഥാന് മുസ്ലിം ലീഗ് നേതാവ് നവാസ് ഷെരീഫാണ്. നാല് തവണയായി ഒമ്പത് വര്‍ഷവും നാല് മാസവും 22 ദിവസവും.
(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്റ് സോഷ്യല്‍ സയന്‍സിലും സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലും അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: