മലപ്പുറം ജില്ലയിലെ താനൂരില്‍ 22 പേര്‍ക്ക് ജീവന് നഷ്ടമാക്കിയ ബോട്ടുദുരന്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരു പ്രധാന ടെലിവിഷന്‍ വാര്‍ത്താ ചാനലിന്റെ റിപ്പോര്‍ട്ടര്‍ പറഞ്ഞ വാക്യത്തില്‍നിന്നാണ് ഇത്: ”ഇങ്ങനെ ഓരോ ദുരന്തം സംഭവിക്കുമ്പോഴും ഞങ്ങള്‍ പറയാറുള്ളത് ഇത്തവണയും ആവര്‍ത്തിക്കുന്നു. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍…” ടിവി റിപ്പോര്‍ട്ടര്‍ക്ക് തെറ്റിയെന്ന് പറയാനാവില്ല. ഇതുതന്നെയാണല്ലോ മുന്നണികള്‍ മാറിമാറി അധികാരത്തിലിരിക്കെ സംസ്ഥാനത്തെ സര്‍ക്കാരുകള്‍ പല കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇനിയൊരു ദുരന്തമുണ്ടായാലും ഇത് ആവര്‍ത്തിക്കാം.
കേരളത്തില്‍ കരയിലും വെള്ളത്തിലുമായി എത്രയെത്ര ചെറുതും വലുതുമായ ദുരന്തങ്ങള്‍ ഉണ്ടായിരിക്കുന്നു. അവയില്‍ ചിലത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്നറിയാനും, ഇനി അങ്ങനെയൊന്ന് ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലും പ്രതിവിധിയും ഒക്കെ നിശ്ചയിക്കാനും ലക്ഷ്യമിട്ട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകളെ നിയോഗിക്കുകയും ചെയ്യാറുണ്ട്.
1952 ലെ കേന്ദ്ര ആക്ട് പ്രകാരമാണ് ഇത്തരം അന്വേഷണക്കമ്മീഷനുകളെ സംസ്ഥാനവും നിയോഗിക്കുന്നത്. അന്ന് ആ ചട്ടവും സംവിധാനവും കൊണ്ടുവന്നത് തീര്‍ച്ചയായും റിപ്പോര്‍ട്ടുകളില്‍ നടപടി ഉദ്ദേശിച്ചുതന്നെയാവും. പക്ഷേ, നിയമത്തില്‍, റിപ്പോര്‍ട്ടുകളിലെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്നോ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നോ നിര്‍ബന്ധിക്കുകയോ നിര്‍ദേശിക്കുകയോ പോലും ചെയ്യുന്നില്ല. കേരളത്തില്‍ മാത്രം ഇത്തരത്തില്‍ അന്വേഷണക്കമ്മീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ എത്രയെണ്ണം സംസ്ഥാനത്തിന്റെ റെക്കോര്‍ഡ് പുരകളിലുണ്ടാകുമെന്നോ.
സ്കൂള്‍ ഇടിഞ്ഞുവീഴുന്നു, റോഡപകങ്ങള്‍ ഉണ്ടാകുന്നു, ബോട്ടുമുങ്ങുന്നു, പ്രളയമുണ്ടാകുന്നു, (ഉണ്ടാക്കുന്നു), അങ്ങനെ എത്രയെത്ര ദുരന്തങ്ങള്‍ സംഭവിക്കുന്നു. അവയില്‍ ചിലത് അന്വേഷിക്കും, അന്വേഷണക്കമ്മീഷന് റിപ്പോര്‍ട്ടു കൊടുക്കും. അവിടെത്തീരും. ജേണലിസ്റ്റായി, പിന്നീട് അഭിഭാഷകനായ ഒരാള്‍ ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:’ക്രിമിനല്‍ വേസ്റ്റ് ഓഫ് ടാക്സ് മണി ആന്‍ഡ് ആന്‍ ഇമ്മീഡിയറ്റ് സൊലൂഷന് ടു കൂള്‍ ഡൗണ്‍ ദ ഹീറ്റ് ഡ്യൂ റ്റു എ സിറ്റുവേഷന്.’ (‘നികുതിപ്പണത്തിന്റെ കുറ്റകരമായ പാഴാക്കലും ഒരു സ്ഥിതിവിശേഷത്തെ തുര്‍ന്നുണ്ടാകുന്ന പ്രശ്ന സ്ഥിതിക്ക് അയവു വരുത്താനുള്ള അടിയന്തര മാര്‍ഗവും’ എന്ന്. അത്രമാത്രം. വിരമിച്ച ഒരു ജഡ്ജിന് ഒരു ജോലി!
താനൂരില്‍ സംഭവിച്ചത് ഇനി സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യണം എന്നാണ് ചോദ്യമെങ്കില്‍ ഉത്തരം,”അതിനി സംഭവിക്കില്ല” എന്നതുതന്നെയാണ്. പക്ഷേ, അതേപോലെ സംഭവിക്കാം, എന്നല്ല, സംഭവിക്കും; സംഭവിക്കാതിരിക്കട്ടെ.
കുഞ്ഞുങ്ങളുടെ ശ്വാസംമുട്ടി മരണമാണ് താനൂരില്‍ സംഭവിച്ച മരണങ്ങളില്‍ ആരെയും ഏറ്റവും വേദനിപ്പിക്കുന്നത്. ‘ലോറിക്കടിപ്പെട്ടരഞ്ഞ കുഞ്ഞുങ്ങള്‍ വന്നൂതിക്കെടുത്തുന്നു പാതവിളക്കുകള്‍’ എന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിതാ വരികള്‍ മനസ്സില്‍ വരുന്ന ചില രാത്രികള്‍ ഉറക്കം പോകാറുണ്ട്. ‘ഞെട്ടിയുണരാന്‍ വിളഞ്ഞുകിടപ്പൂ തൊട്ടിലില്‍ താനേ ശയിക്കും ശവങ്ങള്’ എന്ന് അതേപോലെ അസ്വസ്ഥമാക്കുന്ന മറ്റൊരു കവിതാ ഭാഗം. അത് കവി ഡോ. കെ. അയ്യപ്പപ്പണിക്കരുടേതാണ്. കുഞ്ഞുമരണങ്ങള്‍ അതും ശ്വാസംമുട്ടി, അത് ഓര്‍മ്മിക്കുമ്പോള്‍ നെഞ്ചുപൊട്ടിക്കുന്നതാണ്.
താനൂരില്‍, വിനോദ സഞ്ചാരകേന്ദ്രത്തില്‍, ബോട്ടു സഞ്ചാരത്തിനിടെ സംഭവിച്ച ദുരന്തമാണ്. ആ ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദിയെ തേടി നമുക്കും നടക്കാം. ആര്‍ക്കും ആരേയും കുറ്റപ്പെടുത്താം. കുറ്റബോധത്തില്‍ യഥാര്‍ത്ഥ കുറ്റവാളി നീറിനീറിത്തകരുന്നുണ്ടാവണം; അവര്‍ മനസ്സാക്ഷിയുള്ളവരാണെങ്കില്‍. സാധ്യതയില്ല. മനസസ്സാക്ഷിയുണ്ടെങ്കില്‍ അപകടസാധ്യത വിളിച്ചുവരുത്താനുള്ള ആ അനുമതിപത്രങ്ങള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ നല്കില്ലല്ലോ.
ആ പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ മരിച്ച 22 പേരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. സബറുദ്ദീന്, താനൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്, താനൂര്‍ ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡിലെ മിടുക്കനായ അംഗമായിരുന്നു അദ്ദേഹം. ലഹരിമരുന്നു വ്യാപാരം നടത്തുന്ന മാഫിയകളില്‍ ഒരു കണ്ണി ടൂറിസ്റ്റുകള്‍ക്കുവേണ്ടി സര്‍വീസ് നടത്തുന്ന അറ്റ്ലാന്റിക് എന്ന ആ ബോട്ടില്‍ കയറിയിട്ടുണ്ടെന്ന് സബറുദ്ദീന് വിവരം കിട്ടി. അയാളെ കണ്ടെത്താന്‍ കയറിയാണ് ദുരന്തത്തില്‍ പെട്ടത്. അതായത്, ഏറെ നാളായി അന്വേഷിച്ച് പിന്നാലെ നടന്ന, ഒരു മയക്കുമരുന്നിടപാടു കേസുകളിലെ കണ്ണി അറ്റ്ലാന്റയില്‍ കയറിപ്പറ്റിയെന്ന് സബറുദ്ദീന് വിവരം കിട്ടിയിരുന്നു. ഈ വിഷയത്തില്‍ ഊഹാപോഹങ്ങള്‍ക്കില്ല. ഒരുപക്ഷേ ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണക്കമ്മീഷന് കണ്ടെത്തുന്ന വിവരങ്ങളില്‍ ആ മയക്കുമരുന്നു വ്യാപാരത്തിലെ കണ്ണിയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന്റെ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവുമോ? അതിന് തയാറായാല്‍, ഒരുപക്ഷേ ബോട്ടപകടത്തിന് കാരണമായി പുതിയ ചില യാഥാര്‍ത്ഥ്യങ്ങള്‍കൂടി പുറത്തുവന്നുകൂടായ്കയില്ല. അതിനാല്‍ ഈ അന്വേഷണവും കമ്മീഷന് കൊടുക്കാന്‍ പോകുന്ന റിപ്പോര്‍ട്ടും വെറുമൊരു ‘കൂളിങ് ഡൗണ്‍ ഡീലിങ്’ മാത്രമല്ല. നമുക്ക് കാത്തിരിക്കാം.
ഈ ദുരന്തം അടിസ്ഥാനപരമായി ചില വിഷയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അത് അന്വേഷണത്തിന് കമ്മീഷന് പ്രഖ്യാപിച്ചാലും അവര്‍ റിപ്പോര്‍ട്ട് കൊടുത്താലും അതിനിടയില്‍ പ്രതിയെ കണ്ടെത്തിയാലും കുറ്റക്കാര്‍ക്കെതിരേ നടപടി വന്നാലും സമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ്. അത് സമൂഹം ഏറ്റെടുക്കേണ്ട വിഷയമാണ്. വിനോദ സഞ്ചാരമാണ് കേരളത്തിന് ഏറ്റവും മികച്ച പൊതു ധനസമ്പാദന മാര്‍ഗ്ഗം. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അത് എങ്ങനെ വേണം, എവിടെയൊക്കെ വേണം, ഏതുതരത്തില്‍ വേണം എന്ന് ജനങ്ങള്‍കൂടി ചേര്‍ന്ന് ചിന്തിച്ച് അധികാരികളുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കാന്‍ കഴിയണം. അതാണ് ഉത്തരവാദ ടൂറിസമാകുന്നത്. സഞ്ചാരികള്‍ക്ക്, അവര്‍ക്ക് സൗകര്യമൊരുക്കുന്നവര്‍ക്ക്, അവരുടെ സാന്നിദ്ധ്യംകൊണ്ട് ഗുണമോ ദോഷമോ ഉണ്ടാകാന്‍ ഇടയുള്ളവര്‍ക്ക്, മേല്‍നോട്ടം വഹിക്കുന്ന തദ്ദേശ-പ്രദേശ-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് പങ്കുള്ള സംവിധാനം ഉണ്ടാവണം.
ഇത്തരം കേന്ദ്രങ്ങള്‍ ലഹരിമുക്തമാകണം. ഗോവയിലെ ടൂറിസം മാനദണ്ഡങ്ങളാവണം കേരളത്തിലുമെന്ന് നിര്‍ബന്ധം പിടിക്കരുത്. കേരളത്തിന്റെ അന്തരീക്ഷം ആസ്വദിക്കാന്‍ ആഗ്രഹിച്ച് വരുന്നവരില്‍ ലഹരി ആസ്വദിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ച് നടത്തുന്ന ലഹരിക്കച്ചവട കേന്ദ്രങ്ങളെ ആശ്രയിക്കാമല്ലോ. അതിനപ്പുറം കള്ളക്കച്ചവടങ്ങളുടെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് എന്തിനാണ് മടിക്കുന്നത്. എന്തുകൊണ്ടാണ് പെര്‍ഫെക്ട് (കുറ്റമറ്റ) സംവിധാനങ്ങള്‍, ചട്ടപ്രകാരം മാത്രം നടത്താനേ അനുവദിക്കൂ, അതിന് ഇന്നയിന്ന പൊതു മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണെന്ന് പറയാന്‍ അധികൃതര്‍ മടിക്കുന്നത്. ബോട്ടായാലും വഞ്ചിയായാലും റോപ് വേ ആയാലും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി മാത്രമേ നടത്താന്‍ സമ്മതിക്കൂ എന്ന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കാണ് മടി. അതല്ലാത്ത കള്ളക്കച്ചവടക്കാര്‍ക്ക് ആരാണ് കൂട്ടുനില്‍ക്കുന്നത്? ലൈസന്‍സ്, അനുമതി, അനുവാദം, യോഗ്യത നിശ്ചയിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ എന്തിന് ആര് വിട്ടുവീഴ്ച ചെയ്യുന്നു? ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇളവുകളുടെ ഗുണഭോക്താക്കള്‍ ആരൊക്കെയോ അവരെയെല്ലാം കുറ്റക്കാരായി കണക്കാക്കി വിധിക്കാന്‍ നിയമ ഭേദഗതികള്‍ വേണമെങ്കില്‍ അത് ചെയ്യുകതന്നെ വേണം.
ഇത്തരം കുറ്റക്കാര്‍ക്കുള്ള രാഷ്ട്രീയ സ്വാധീനവും രാഷ്ട്രീയ ബന്ധംവഴി ഭരണകേന്ദ്രങ്ങളില്‍നിന്ന് ആനുകൂല്യം നേടുന്ന സമ്പ്രദായങ്ങളും പൂര്‍ണമായി ഇല്ലാതാക്കണം. ഇതൊക്കെ സാധ്യമാണ്. പക്ഷേ, അധികാരത്തിലിരിക്കുന്നവര്‍, ഭരണക്കാരായ രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥ വൃന്ദം തീരുമാനമെടുക്കണം. ഇച്ഛാശക്തി കാണിക്കണം. ഭരണ നടപടികളിലെ സുതാര്യതയാണ് ഇതിനെല്ലാം വലിയൊരളവില്‍ സഹായകമാകുന്നത്.
ഏറ്റവും പുതിയ വാര്‍ത്ത, കേരളത്തിന്റെ കടല്‍ത്തീരത്തുനിന്ന് മൂന്നുടണ്‍ ലഹരിമരുന്നു(12000 കോടി രൂപയുടെ)പിടികൂടി എന്നതാണ്. ഓരോ ദിവസവും ചെറിയ അളവില്‍ പഞ്ചായത്ത്വാര്‍ഡുതലത്തില്‍ പിടികൂടുന്ന ലഹരിമരുന്നുകളുടെ ആകെ കണക്കെടുത്താല്‍ പ്രതിദിനം എത്ര അളവില്‍ കേരളത്തില്‍ ലഹരിമരുന്നിടപാട് നടക്കുന്നുവെന്ന് വ്യക്തമാകും. വിദ്യാലയങ്ങള്‍ക്ക് അവധിയാകുന്ന കാലത്ത് വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് വിതരണമാഫിയ താവളം മാറ്റുന്നുവെന്നാണ് ചില അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ലഹരിമരുന്നിടപാടിലെ കണ്ണികളായി അതിസാധാരണക്കാര്‍, ലഹരിമരുന്നുപയോഗിക്കുന്നവര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍ തുടങ്ങി സമസ്ത മേഖലയിലും ഉള്ളവരില്‍ ചിലര്‍ മാറിക്കഴിഞ്ഞുവെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചിലതിലെ ചിലര്‍ നല്കുന്ന സംരക്ഷണവും അവര്‍ക്ക് കണ്ടെത്താനായിട്ടുണ്ട്. പക്ഷേ ഫലമില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് വിദൂരമായ ബന്ധമെങ്കിലും കണ്ടെത്തുകയോ സംശയിക്കുകയോ ചെയ്താല്‍ അവിടെ തീരുന്ന അന്വേഷണങ്ങള്‍ എന്നും ചിലര്‍ നിസഹായത വിവരിക്കുന്നു.
ഇവിടെ സമൂഹത്തിന് വലിയ പങ്കുണ്ട്. പൊതു സാംസ്കാരികബോധം തകര്‍ത്തുകൊണ്ട്, അതിനെ ചോദ്യം ചെയ്തുകൊണ്ട് ഒരു ചെറുപക്ഷത്തിന്റെ താല്പര്യങ്ങള്ക്ക് താളംതുള്ളുന്നവരുടെ ദുരുദ്ദേശ്യം തിരിച്ചറിയാനും അതിനെ ചെറുക്കാനും സമൂഹത്തിന് കഴിയുന്നകാലം ഉണ്ടാകണം. അവിടെയാണ് നേരത്തേ പറഞ്ഞത് പ്രധാനമാകുന്നത്. ടൂറിസം നിയമങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്മിക്കട്ടെ. നയങ്ങളും ജനപ്രതിനിധികള്‍ അടങ്ങുന്ന സമിതികളും സര്‍ക്കാരും രൂപീകരിക്കട്ടെ. പക്ഷേ, ‘തെങ്ങിനും അടയ്ക്കാമരത്തിലും കയറാന്‍ ഒരേ തളപ്പ്’ പറ്റാത്തതുപോലെ അതത് തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ നിശ്ചയിക്കട്ടെ ഈ ടൂറിസം പദ്ധതി ഇവിടെ വേണം, വേണ്ട എന്ന്. അതില്‍ ബാലറ്റിലൂടെ നേടുന്ന രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെമാത്രം നിശ്ചയിക്കുന്ന രീതി മാറട്ടെ. അതത് പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ എതിര്‍പ്പില്ലെങ്കില്‍ മാത്രം നടപ്പാക്കട്ടെ. ഇതെല്ലാം ജനപ്രതിനിധിക്ക് വീണ്ടും വിജയിക്കാനുള്ള ഭരണ നേട്ടമാകാതിരിക്കട്ടെ.
ഈ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പോലീസ് അന്വേഷണവും നടക്കുമ്പോള്‍ സാമൂഹ്യചര്‍ച്ചകള്‍ നടക്കണം. പ്രതിയെ കണ്ടെത്തുമ്പോള്‍ അതെക്കുറിച്ച് പോലീസ് സത്യം സത്യമായി പൊതുജനത്തോട് പറയണം. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടുകളിലെ കണ്ടെത്തല്‍ ജനങ്ങള്‍ക്ക് പങ്കുവെക്കണം. റിപ്പോര്‍ട്ടില്‍ ശിപാര്‍ശകള്‍ ഉണ്ടെങ്കില്‍ അത് നടപ്പാക്കണം. കുറഞ്ഞത് ആ അന്വേഷണ റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. കാരണം നികുതിപ്പണമാണതിന് വിനിയോഗിക്കുന്നത്. 1952 ലെ ആക്ട് കാലഹരണപ്പെട്ടിരിക്കുന്നു ഇന്നത്തെ സാഹചര്യത്തില്‍ എന്ന് വ്യക്തം. ഈ സാഹചര്യത്തില്‍ ആ ചട്ടം പുതുക്കാന്‍ അല്ലെങ്കില്‍ റദ്ദാക്കാന്‍ കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം…. എന്തെല്ലാം നടക്കാത്ത നിര്‍ദ്ദേശങ്ങള്‍ എന്നാവും വായനക്കാരുടെയും ചിന്ത.
പിന്കുറിപ്പ്:
ഓര്മിക്കുന്നുണ്ടോ? 2018 ല്‍ മാധ്യമങ്ങളില്‍ വന്ന തലക്കെട്ട്: ലത്വീനിയക്കാരി ടൂറിസ്റ്റിനെ കോവളത്ത് ബലാല്‍സംഗം ചെയ്ത് കഴുത്തുമുറിച്ചുകൊന്നുവെന്നവാര്‍ത്ത. ലഹരിമരുന്നിടപാട്, സ്ത്രീ സുരക്ഷ, ക്രമസമാധാനം, വനോദ സഞ്ചാരികളുടെ സുരക്ഷ തുടങ്ങി വിവിധ തരത്തില്‍ അന്നും ചര്‍ച്ച നടന്നു; അഞ്ചുവര്‍ഷം കഴിയുന്നു. കൂട്ടക്കൊലയാണ് താനൂരില്‍ നടന്നത്. കുറ്റവാളികള്‍ ഉറങ്ങുന്നില്ല, അവര്‍ കുറയുന്നില്ല, അവര്‍ക്ക് നാശമുണ്ടാകുന്നില്ല. അപകടകരമാണ് കാര്യങ്ങളുടെ ഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: