ശ്രീലേഖാ വിജേഷ്
അന്നമ്മച്ചിയുടെ അന്ത്യം വളരെ ശാന്തം ആയിരുന്നു. ഒരു മരച്ചില്ലയില്‍ ഒളിച്ചിരുന്ന കാറ്റ് പെട്ടെന്ന് പറന്നങ്ങുപോയപോലെ. കര്‍ക്കിടക മഴയില്‍ കിഴക്കന്‍ വെള്ളംകൊണ്ട് കലങ്ങി പതഞ്ഞുവന്ന പുഴ അന്നമ്മച്ചീടെ കടവില്‍ അല്‍പ്പം മൗനമായി നിന്നിട്ട് പെട്ടെന്ന് എന്തോ ഓര്മ വന്നപോലെ വേഗത്തില്‍ ചിലമ്പിക്കൊണ്ട് പോയി. അന്നമ്മച്ചി പറയും പോലെ ”നീ എവിടാ പോകാനാ, ഏതെങ്കിലും രൂപത്തില്‍ നീ വീണ്ടും വരും. ഇങ്ങനെ ഓടിപ്പോയവരൊക്കെ തിരികെ വന്നത് ഞാന്‍ എന്തോരം കണ്ടതാ. അല്ലെങ്കില്‍ തന്നെ താഴെ വന്നേ ഉള്ളൂ സമ്മാനം.”
എന്നാലും സാറയ്ക്ക് ആ മരണം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അമ്മച്ചിയുടെ അവസാന ശ്വാസത്തിന്റെ ചൂട് നിറഞ്ഞുനിന്ന മുറിയില്‍ അവള് വെറുങ്ങലിച്ചു നിന്നു. ജാതിക്കാ എടുക്കാന്‍ വന്ന അവറാച്ചന് ഓടിപ്പോയി തോമസ് ഡോക്ടറിനെ കൊണ്ടുവന്ന് അത് ഉറപ്പിച്ചു. അമ്മച്ചിയുടെ വലിയ കട്ടിലിന്റെ അരികില്‍ നിന്ന് അവള് ഏങ്ങലടിച്ചു കരഞ്ഞു.
അലന് ഭ്രാന്തനെപ്പോലെയാണ് കയറിവന്നത്. പിന്നങ്ങനെ അല്ലേ വരൂ. അതിരാവിലെ അമ്മച്ചി കൊടുത്ത കട്ടന്‍ കുടിച്ചു നടക്കാന്‍ ഇറങ്ങിയതായിരുന്നു അവന്. വഴിയിലെത്തിയപ്പോള്‍ വിവരം അറിഞ്ഞു ഓടിവരുകയാണ്. അവന് അമ്മച്ചിയുടെ കിടപ്പുകണ്ട് അലറി കരയാന്‍ തുടങ്ങി. സാറയും അമ്മച്ചിയുടെ ജോലിക്കാരിയും പിന്നെ അയല്പക്കത്തുനിന്നും ഓടിവന്നവരും ഈ അലറിക്കരച്ചില്‍ കേട്ട് അമ്പരന്നു. ആണൊരുത്തവന്, ആറടിനീളം ഉള്ളവന് ആജാനുബാഹു മുഖം നിറയെ താടിമീശയും നീണ്ട മുടിയും ഉള്ള ഒരുത്തന് ഒരു എട്ടു വയസ്സുകാരനെപോലെ ഉറക്ക കരയാന്‍ തുടങ്ങി. അതും പോരാതെ അമ്മച്ചി, അമ്മച്ചി, എണീക്കു എണീക്ക് എന്ന് പറഞ്ഞു അമ്മച്ചിയെ കുലുക്കി ഉണര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സാറ മുഖം തിരിച്ചു നോക്കി. അമ്മച്ചിയുടെ മുറിയുടെ രണ്ടു ജനാലകള്‍ക്കും അപ്പുറം മുഖങ്ങള്‍ നിറയുന്നത് കണ്ട സാറ അവനോട് ശാസിക്കുന്ന സ്വരത്തില്‍ പറഞ്ഞു. ”അലന് കരയാതിരിക്ക്, ഇത് പ്രാര്‍ത്ഥിക്കണ്ട സമയം ആണ്.”
ഇപ്പോള്‍ മരണവീടുകളില്‍ ആരും ഉറക്കെ അലറി കരയാറില്ല. മഹാവ്യാധിക്ക് ശേഷം മനുഷ്യന് മരണങ്ങളോടൊക്കെ സമരസപ്പെട്ടപോലെ. എന്തോ അലന്, അവന് കൂടുതല്‍ നിഷ്കളങ്കന് ആയതുകൊണ്ടായിരിക്കാം ഇങ്ങനെ പ്രതികരിച്ചത്.
പിന്നെ എല്ലാം സാറയുടെ ഉത്തരവാദിത്തത്തില്‍ നടന്നു. താങ്ങാന്‍ ആളുണ്ടെങ്കിലല്ലോ തളര്‍ച്ച ഉള്ളൂ. താങ്ങായി നില്ക്കും എന്ന് പ്രതീക്ഷിക്കുന്നവര്‍ തളര്‍ന്നു പോയാല്‍ പിന്നെ എന്ത് ചെയ്യാനാണ്? സാറ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മനസ്സിലാക്കി അവസരോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇടവിടാതെ ചിലച്ചുകൊണ്ടിരുന്ന അലന്റെ ഫോണിലേക്കു വന്ന എല്ലാ അന്വേഷണങ്ങള്‍ക്കും അവള് ക്ഷമയോടെ മറുപടി പറഞ്ഞുകൊണ്ടിരുന്നു, വിദശത്തുനിന്നുള്ള വിളികളായിരുന്നു അധികവും. അമ്മച്ചിയുടെ രണ്ടു പെണ്മക്കളും അമേരിക്കയില്‍ നഴ്സുമാരാണ്. ഏക മകന് കാനഡയിലുമാണ്. അവരുടെ കുടുംബങ്ങളും അവിടത്തന്നെ. മകന്റെ പങ്കാളി വിദേശി ആണ്. അവര്‍ ഇവെന്റ് മാനേജ്മെന്റ് വഴി ബിഷപ്പിന്റെ സാന്നിധ്യത്തില്‍ അമ്മച്ചിയുടെ അടക്കം പ്രൗഢമായി തന്നെ നടത്തി. ഓണ്‍ലൈനില്‍ അവര്‍ പല രാജ്യങ്ങളില്‍ ഇരുന്നു അമ്മച്ചിയുടെ അവസാന ശുശ്രൂഷയില്‍ പങ്കെടുത്തു. അമ്മച്ചിയുടെ തൊഴുത്തിലെ പശുക്കളും പിന്നെ കാറ്റും മൗനമായി നിന്നു. മരത്തിന്റെ ചില്ലയില്‍ ഇരുന്നു സങ്കടപ്പെട്ട കാറ്റ് മൗനജാഥയില്‍ കണ്ണീര്‍വാര്‍ത്തു കൂടെക്കൂടി. പള്ളിയിലേക്കുള്ള വിലാപ യാത്രയില്‍ നനഞ്ഞുനടന്ന അലന് ആരോ നീട്ടിയ കുട നിരസിച്ചുകൊണ്ടു മറ്റൊരു മഴയായി നടന്നത് സാറയെ വല്ലാതെ നൊമ്പരപ്പെടുത്തി. അപ്പോഴും അവന് ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു.
രണ്ടു വര്‍ഷം മുന്‍പുള്ള ഒരു ഉത്രാട പുലരിയില്‍ തോളില്‍ ഒരു വലിയ ബാഗുമായി ഒരു ടാക്സിയിലാണ് അവന് അന്നമ്മച്ചിയുടെ ഗേറ്റിനു വെളിയില്‍ എത്തിയത്. ടാക്സി പറഞ്ഞുവിട്ട് ഗേറ്റിനുവെളിയില്‍ നിന്ന താടിക്കാരനായ സുന്ദരന്‍ ചെറുപ്പക്കാരനെ ആദ്യം മനസ്സിലായില്ലെങ്കിലും അടുത്തേക്ക് ചെന്ന അവറാച്ചന് ഒരു നേരം അമ്പരന്നു പോയി. മരിച്ചുപോയ അപ്പച്ചന്റെ അതേ എടുപ്പുള്ള ഒരു ചെറുപ്പക്കാരന്. ഗേറ്റ് തുറന്നിട്ടു അയാള്‍ അന്നമ്മച്ചിയോടു വിവരം പറയാന്‍ അകത്തേക്ക് ഓടി. മുന്‍വാതില്‍ തുറന്നുവന്ന അന്നമ്മച്ചിക്കു കണ്ട കാഴ്ച വിശ്വസിക്കാന്‍ പറ്റിയില്ല. ബാഗ് താഴെവച്ച് മുറ്റത്തെ പേരമരത്തില്‍ നിന്ന് പഴുത്ത പേരക്ക ആര്‍ത്തിയോടെ കടിച്ചുതിന്നുന്ന തന്റെ ചെറുമകനെ ആണ് അവര്‍ കണ്ടത്. പേരമരം നിറയെ പഴുത്ത പേരക്ക നിറഞ്ഞിരുന്നു. മുറ്റത്ത് ധാരാളം പൊഴിഞ്ഞ് വീണിട്ടും ഉണ്ട്. അടുത്ത് മുല്ലച്ചെടി പുതപ്പിച്ച് നിര്‍ത്തിയ കിളിമരക്കൊമ്പില്‍ കൂടുകൂട്ടിയ അടക്കാകുരുവികളുടെ ഇഷ്ട ഭക്ഷണം. അമ്മച്ചിയുടെ വിശാലമായ പറമ്പ് നിറയെ ഇത്തരത്തിലുള്ള മരങ്ങള്‍ നട്ടുച്ചക്കും കുളിര് വിതച്ച് കൊണ്ടിരിക്കും. ചാമ്പ, ലവലോലി, പിന്നെ പുഴ സമ്മാനിച്ച വളക്കൂറില് തഴച്ച് വളര്‍ന്ന് കായ്ച്ച് നില്ക്കുന്ന ജാതി മരങ്ങളും. അമ്മച്ചിയുടെ മക്കള്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവരുടെ കൂടെ ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തുന്ന കുട്ടികളുടെ പ്രധാനാകര്‍ഷണം ഈ തൊടിയിലെ പഴങ്ങളാണ്. ”പള്ളിക്കൂടം വിട്ടുവരുന്ന കുട്ടികളും ഉഴുത് കഴിഞ്ഞ് വയലില്‍ നിന്നും കയറുന്ന കാളയും ഒരു പോലെയാണ്. രണ്ടു കൂട്ടര്‍ക്കും വിശപ്പും ദാഹവും കൂടുതലാണ്.” എന്ന് അപ്പച്ചന് ഇടക്കിടെ പറയും. എന്നാല്‍ ഇപ്പോള്‍ ഒരു കുട്ടികളും വരാറില്ല. സ്കൂളിന് ഗേറ്റും വലിയ മതിലും ഒക്കെ ആയതില്‍ പിന്നെ ആരും വരാറില്ല. എങ്കിലും അമ്മച്ചി ആരെയോ കാത്തിരിക്കും പോലെ ഈ വക വൃക്ഷങ്ങളെയെല്ലാം പരിപാലിച്ച് പോന്നു. എന്നാല്‍ കുട്ടികള്‍ക്ക് പകരം കിളികളുടെ ഒരു വലിയ കൂട്ടം പറമ്പില്‍ സദാ തമ്പടിച്ചുകൊണ്ടിരിക്കും.
അന്നമ്മച്ചിക്ക് ഉള്ളില്‍ നിന്നും സന്തോഷത്തിന്റെ അമിട്ട് പൊട്ടിയ പോലെ തോന്നി. വീഡിയോ കോളിലൂടെ വല്ലപ്പോഴും മാത്രം മുഖംതന്നിരുന്ന തന്റെ കൊച്ചുമകന്. ഇളയമകള്‍ ലാലിയുടെ മകന്. ജീവിതത്തില്‍ ഒരിക്കലും നേരില്‍ കാണാന്‍ സാധിക്കും എന്ന് വിചാരിച്ചില്ല. ലാലി എപ്പോഴും പറയാറുള്ളത് പോലെ അപ്പച്ചന്റെ തനി പകര്‍പ്പാണ് ഈ ചെറുമകനും.
വല്യമ്മച്ചിയും ചെറുമകനും കെട്ടിപ്പിടിച്ചും കരഞ്ഞും സ്നേഹിച്ച് നിന്നപ്പോള്‍ അവറാച്ചന് ടാക്സിയില്‍ നിന്നും ലഗേജ് എടുത്ത് ടാക്സി പറഞ്ഞ് വിട്ടു. വീടിന്റെ വരാന്തയിലേക്ക് കയറും മുമ്പേ അലന് പുഴയുടെ മടിയിലേക്കാണ് ഓടിയത്. അമ്മച്ചിയുടെ വീടിന്റെ പുറകിലെ ഒതുക്കു കല്ലുകള്‍ താഴെ ഇറങ്ങിയാല്‍ പുഴയാണ്. അവിടെ അവര്‍ക്ക് വേണ്ടി മാത്രം ഒരു കടവ് ഉണ്ട്. പുഴ വട്ടംചുറ്റിപ്പിടിച്ചിരിക്കുന്ന വീട്. അലന് കടവിലേക്കിറങ്ങിയപ്പോള് അമ്മച്ചിയും ഇറങ്ങി തന്റെ ഏറ്റവും വലിയ സുഹൃത്തിന്റെ അരികിലേക്ക്. പുഴയുടെ അരികിലേക്ക്. അമ്മച്ചി സുഖവും ദുഃഖവും എല്ലാം പങ്ക് വച്ചിരുന്നത് പുഴയോടാണ്. വന്യമായി പതഞ്ഞൊഴൊകുന്ന മഴക്കാലത്തും മെലിഞ്ഞുണങ്ങുന്ന വേനല്‍കാലത്തും സായന്തനങ്ങളില്‍ തന്റെ ഏകാന്ത ജീവിതത്തിലെ ഏകാശ്രയം ഈ പുഴ തന്നെ. ഉച്ച ചായുന്നതും നോക്കി പുഴയിലേക്ക് എത്ര നേരം ഇരുന്നാലും മതിയെന്ന് തോന്നാത്ത എന്തോ ചന്തമുണ്ട് ഈ പുഴക്കെന്ന് അലനും പിന്നീട് പറഞ്ഞത് സാറ ഓര്‍ത്തു. അമ്മച്ചിയുടെ വിശാലമായ പറമ്പില്‍ ജാതി മരങ്ങളും തോട്ടു പുളിമരങ്ങളും മത്സരിച്ച് വളര്‍ന്നു. കുട്ടികളുടെ ചെറുപ്പത്തില്‍ ജാതിമരങ്ങളെ അവര്‍ക്ക് ഭാഗിച്ച് കൊടുക്കും. ഇത് നിന്നെ പഠിപ്പിക്കാന്‍, ഇത് നിന്നെ കെട്ടിക്കാന്‍ എന്ന് ഓരോരുത്തര്‍ക്കും തരംതിരിച്ച് കൊടുക്കും. അവരവരുടെ മരങ്ങള്‍ കുട്ടികള്‍ വാശിയോടെ പരിപാലിച്ചു. അത് ഫലം തരുകയും ചെയ്തു. ഈ കഥകളെല്ലാം പുഴക്കടവിലിരുന്ന് സാറയുടെ മുടി ചീകി കെട്ടിക്കൊടുക്കും നേരം അമ്മച്ചി പറയാറുള്ള കഥകളാണ്.
സാറ ആരാണെന്നല്ലേ? അതും ഒരു കഥയാണ്, അമ്മച്ചിയുടെ ഒരു ആശ്രിതന്റെ ഏക മകളാണ്. അവള്‍ക്ക് എട്ട് വയസ്സുള്ളപ്പോള്‍ അച്ഛന് ഒരു അപകടത്തില്‍ പെട്ടു മരിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രോഗിയായ അമ്മയും. മരണ വീട്ടില്‍ പോയ അമ്മച്ചി തിരികെ വന്നത് ആ പത്ത് വയസ്സുകാരിയുടെ കയ്യും പിടിച്ചാണ്. അവള്‍ക്ക് ഈ ലോകത്ത് ആകെയുള്ളത് അമ്മച്ചിയും മഴ പെയ്താല്‍ ചോരുന്ന വീടും പത്ത് സെന്റ് ഭൂമിയും മാത്രം. അമ്മച്ചി അവളെ പഠിപ്പിച്ചു. ഇപ്പോള്‍ അവള് നഗരത്തിലെ എന്‍ജിനീയറിങ് കോളജില്‍ അവസാന വര്‍ഷം പഠിക്കുന്നു. ഹോസ്റ്റലില്‍ നിന്ന് ആഴ്ചയവസാനം അവള് ആര്‍ത്തിയേടെ ഓടിവരുന്നത് ഈ അമ്മച്ചിയുടെ മടിയിലേക്കാണ്. ആ രണ്ടു ദിവസങ്ങളും അവര്‍ നഗരത്തില്‍ കാറില്‍ കറങ്ങുകയും ഷോപ്പിങ് മാളുകള്‍ കയറിയിറങ്ങുകയും ചെയ്യും. അങ്ങനെ ജീവിതം സുഗമമായി പൊയ്ക്കൊണ്ടിരുന്നു.
ലാലിയുടെ ഈ മകന് ഏതോ ഗുലുമാല് ഒപ്പിച്ച് നാട്ടിലേക്ക് ചാടിയതാ എന്ന് ചില അസൂയാലുക്കള്‍ പറഞ്ഞെങ്കിലും അവനോട് അടുത്ത് പെരുമാറുന്നവര്‍ അവന്റെ നിഷ്കളങ്കതയിലും തുറന്ന പെരുമാറ്റത്തിലും സാറയുടെ ഭാഷയില്‍ പറഞ്ഞാല്‍ കട്ട ഫാനായി. ഏതായാലും ഇനി താന്‍ അമേരിക്കയിലേക്ക് തിരിച്ച് പോകുന്നില്ലെന്നും, ഈ പുഴ ചുറ്റിപ്പിടിച്ച വീട്ടില്‍ അമ്മച്ചിയോടൊപ്പം താമസിക്കുകയാണെന്നും അവന് ഒരുദിവസം പുഴക്കടവില്‍ അമ്മച്ചിയെ ചാരിയിരുന്ന് പറഞ്ഞു. അമ്മച്ചിയും സാറയും അതീവസന്തുഷ്ടരായി. അത് മാത്രവുമല്ല, പറമ്പിലെ കൃഷിപ്പണികള്‍ വളരെ ഉല്‍സാഹത്തോടെ ഏറ്റെടുത്തു. അമ്മച്ചിയുടെ വിസ്തൃതിയുള്ള പറമ്പുകള്‍ക്ക് ഒരു നവോന്മേഷം കൈവന്നു. അമ്മച്ചിയേയും സാറയേയും ജീപ്പിലിരുത്തി പള്ളി പെരുനാളുകളും പടയണികളും കണ്ടു. ഒറ്റപ്പെട്ട് പള്ളിയിലും പ്രാര്‍ത്ഥനകളിലുമായി ജീവിച്ച് തീര്‍ത്തുകൊണ്ടിരുന്ന അയല്‍ക്കാര്‍ വയസ്സായ കാലത്ത് അന്നമ്മയ്ക്ക് വന്ന ഈ സൗഭാഗ്യത്തില്‍ അസൂയപ്പെട്ടു. അലന്റെ അമ്മ മിക്കപ്പോഴും മകന് മടങ്ങി ചെല്ലണമെന്ന് ആഗ്രഹിച്ചെങ്കിലും അലന്റേത് ഉറച്ച തീരുമാനമായിരുന്നു. തിരക്കും കൃത്രിമത്വം നിറഞ്ഞതുമായ ആ ലോകം അവന് മടുത്ത് തുടങ്ങിയിരുന്നു. സ്വപ്ന ജീവിയുടെ അപക്വതീരുമാനം എന്ന് സാറയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ചിലരെങ്കിലും പഴിച്ചെങ്കിലും അവന് സന്തോഷവാനായിരുന്നു.അങ്ങനെയുള്ള സന്തോഷത്തിന്റെ ദിനങ്ങളിലാണ് അലനെയും സാറയേയും അനാഥരാക്കിക്കൊണ്ട് അമ്മച്ചി വിളി കേള്‍ക്കാത്ത ആ ലോകത്തേക്ക് പൊയ്ക്കളഞ്ഞത്.
അമ്മച്ചി മരിച്ച് നാല്പത്തി ഒന്ന് കഴിഞ്ഞു. ലക്ഷ്യബോധമില്ലാതെ അലന് ഇരുട്ടിലകപ്പെട്ട പോലെ അലഞ്ഞു. പകലുകള്‍ കിടന്നുറങ്ങിയും രാത്രികളില്‍ അമ്മച്ചിയുടെ കടവിലിരുന്ന് പുഴയോടൊപ്പം കണ്ണുനീര് വാര്‍ത്തുകൊണ്ടിരുന്നു. സാറ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ഹോസ്റ്റലിലേക്ക് പോയ ദിനങ്ങള്‍ കൂടി ആയിരുന്നു അത്.
കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. അമ്മച്ചിയുടെ മകന് കാനഡയില്‍ നിന്ന് വന്ന ദിവസമായിരുന്നു അത്. അലന്റെ നെഞ്ചിലേക്ക് ഇടിത്തീ വീണ പോലെയായിരുന്നു അദ്ദേഹം വളരെ ലളിതമായി പറഞ്ഞ വാക്കുകള്‍. ”ഞാന്‍ ഈ വീടും പറമ്പും ഒരു റിസോര്‍ട്ട് ബിസിനസ്സുകാര്‍ക്ക് വിറ്റു. അതിന്റെ കാര്യങ്ങള്‍ക്കായാണ് വന്നത്. നീ ഒരാഴ്ചക്കുള്ളില്‍ തിരികെ പോകാനുള്ള കാര്യങ്ങള്‍ നോക്കൂ. എനിക്ക് ഇനി ഇവിടെ ഒരു ബാധ്യതയും ഇല്ല.” അലന് അന്ന് വൈകുംനേരം സാറയെ വിളിച്ച് ഏങ്ങലടിച്ച് കരഞ്ഞു. ഫോണിനപ്പുറം നീണ്ട നിശബ്ദതയായിരുന്നു. പിറ്റെ ദിവസം രാവിലെ അവള് വന്നു. അനാഥരായ രണ്ട് പേര് വഴിയറിയാതെ എവിടെയോ നില്ക്കുന്ന പോലെയാണ് അവള്‍ക്ക് തോന്നിയത്. എന്നെങ്കിലും ഇങ്ങനെ ഒരു ദിനം ഉണ്ടാകുമെന്ന് നേരത്തെ തന്നെ ചിന്തിക്കേണ്ടതായിരുന്നു. എവിടേക്ക് പോകും?
അവര്‍ രണ്ടു പേരും അമ്മച്ചിയുടെ കല്ലറയ്ക്ക് മുന്നില്‍ പോയി പ്രാര്‍ത്ഥിച്ചു തിരികെ വരുമ്പോഴാണ് അമ്മച്ചിയുടെ വക്കീല്‍ കാറുമായി വന്നത്. ”ങ്, നിങ്ങള്‍ ഇങ്ങോട്ട് വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. കാറില്‍ കയറൂ.” വക്കീല്‍ ചിരിച്ച് കൊണ്ടാണ് പറഞ്ഞത്. അദ്ദേഹം വണ്ടി വിട്ടത് വീട്ടിലേക്കല്ലെന്ന് സാറ ശ്രദ്ധിച്ചു. അലന് കണ്ണടച്ച് ഏതോ സങ്കടക്കടലില്‍ മുങ്ങി കൊണ്ടിരിക്കുന്നു. വക്കീല്‍ തോന്വാമലയിലേക്കാണ് വണ്ടി വിട്ടത്. കുന്ന് കയറി നിരപ്പായ ഒരു സ്ഥലത്തെത്തി. ഒരു വലിയ തോട്ടത്തിന്റെ മുന്നിലാണ് കാര്‍ നിന്നത്. ഹോണടി കേട്ടിട്ടാവാം ഒരാള്‍ ഓടി വന്ന് ഗേറ്റ് തുറന്നത്. കാര്‍ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു. സാറ കാറിന്റെ ഗ്ലാസ് താഴ്ത്തിയതും കുളിര് കാറ്റ് കാറിനുള്ളിലേക്ക് പാഞ്ഞുകയറി. അലന് ഉല്‍സാഹത്തോടെ പുറത്തേക്ക് നോക്കി. കാര്‍ കുറച്ചു കൂടി ഓടി മനോഹരമായ ഒരു വീടിന്റെ മുന്നില്‍ നിന്നു. അലന് കാറില്‍ നിന്നും ചാടിയിറങ്ങി ചുറ്റും ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഒരു വലിയ തോട്ടം. അതിനപ്പുറം ഉല്സാഹിച്ച് നില്ക്കുന്ന ജാതി മരങ്ങള്‍. സാറ ഏതോ അത്ഭുത ലോകത്ത് എത്തിയ പോലെ കാറില്‍ നിന്നും ഇറങ്ങി. വീടിന്റെ മുന്നില്‍ കണ്ട പടികളില്‍ കൂടി അവള് താഴേക്കിറങ്ങി.അതാ താഴെ പുഴ. കുന്നിനെ വലയം ചെയ്ത് ഒഴുകുന്ന പുഴ! അവള് അലന് നില്ക്കുന്നിടേത്തക്ക് തിരിഞ്ഞു. വീടിന്റെ മുന്നിലെ വലിയ ബോര്‍ഡിന്റെ മുന്നില്‍ അവന് വിസ്മയത്തോടെ നില്ക്കുന്നു. സാറ ആ ബോര്‍ഡ് ഉറക്കെ വായിച്ചു- ‘അലന്റെയും സാറയുടെയും വക.’
സാറ അലന്റെ അരികിലേക്ക് ഓടിയെത്തി. അവന്റെ കൈപിടിച്ച് പടികളിറങ്ങി പുഴക്കരികിലേക്ക്. പെട്ടെന്ന് ഒരു തണുത്ത കാറ്റ് വീശി. കൂടെ മഴയും ഇരമ്പി വന്നു. അലന് സാറയെ ചേര്‍ത്ത് പിടിച്ചു. അവളുടെ മുഖത്തു കൂടി കണ്ണുനീരും പിന്നെ മഴത്തുള്ളിയും പെയ്തിറങ്ങി. അവളുടെ അധരങ്ങളിലെ ആ മഴത്തുള്ളികളെ അവന് തന്റെ ചുണ്ടിനാല്‍ അലിയിച്ച് കളഞ്ഞു. താഴേക്ക് നോക്കുമ്പോള്‍ വക്കീലിന്റെ കാര്‍ഗേറ്റ് കടന്ന് പോകുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: