ന്യൂദല്‍ഹി: ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. അരനൂറ്റാണ്ടായി കൈവശമുണ്ടായിരുന്ന പഞ്ചാബിലെ ജലന്ധര്‍ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന് നഷ്ടം. മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായില്ല. തെരഞ്ഞെടുപ്പ് നടന്ന മേഘാലയയിലെ സോഹിയോങ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാമതായി.
ജലന്ധറിലെ കോണ്‍ഗ്രസ് എംപിയായിരുന്ന സന്തോഖ് സിങ് ചൗധരി ഭാരത് ജോഡോ യാത്രയ്‌ക്കിടെ മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. സന്തോഖ് സിങ്ങിന്റെ ഭാര്യ കരംജിത് കൗറായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എഎപിയുടെ സുശീല്‍ കുമാര്‍ റിങ്കു 58,691 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചു. കരംജിത് കൗറിന് 2,43,588 വോട്ട്.
യുപിയിലെ ഛാന്‍ബേ, സുവാര്‍, ഒഡീഷയിലെ ഝാര്‍സുഗുഡ നിയമസഭാ സീറ്റുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. സുവാര്‍, ഛാന്‍ബേ മണ്ഡലങ്ങളില്‍ ബിജെപി, സഖ്യകക്ഷി അപ്‌നാദള്‍ (എസ്) സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. എസ്പിയുടെ കോട്ടയായിരുന്നു സുവാര്‍. അപ്നാദള്‍ (എസ്) സ്ഥാനാര്‍ഥി ഷഫീഖ് അഹമ്മദ് അന്‍സാരി 68,630 വോട്ടുകള്‍ നേടിയാണ് ഇവിടെ വിജയിച്ചത്. 8724 വോട്ടിന്റെ ഭൂരിപക്ഷം. ഛാന്‍ബേയില്‍ അപ്നാദള്‍ (എസ്) സ്ഥാനാര്‍ഥി റിങ്കി കോള്‍ 76,203 വോട്ട് നേടി. 9,587 വോട്ടിന്റെ ഭൂരിപക്ഷം. സംസ്ഥാനത്തെ കാര്യക്ഷമമായ ഭരണം, വികസനം, സുരക്ഷ എന്നിവയാണ് ഉപതെരഞ്ഞെടുപ്പുകളിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും വിജയത്തിന് കാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച അദ്ദേഹം വികസനത്തിനും സുരക്ഷയ്‌ക്കുമായി സര്‍ക്കാര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് കൂട്ടി ച്ചേര്‍ത്തു.
ഒഡീഷയിലെ ഝാര്‍സുഗുഡുവില്‍ ദിപാലി ദാസ് (ബിജെഡി) 1,07,198 വോട്ട് നേടി വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥി തന്‍കദാര്‍ ത്രിപാഠി 58,477 വോട്ട് നേടി. മേഘാലയയിലെ സോഹിയോങ് മണ്ഡലത്തില്‍ സിന്‍ഷാര്‍ കുപാര്‍ റോയ് താബ (യുഡിപി) വിജയിച്ചു. താബ 16,679 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി മല്‍ന്‍ജിയാങ് (എന്‍പിപി) 13,257 വോട്ടുകള്‍ നേടി. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാമതായി. സ്ഥാനാര്‍ഥി മരണപ്പെട്ടതിനെതുടര്‍ന്ന് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: