ശ്രീനഗര്‍ : ജമ്മു കശ്മീരില്‍, രണ്ടാം നിര നുഴഞ്ഞുകയറ്റ വിരുദ്ധ ശ്രംഖല ശക്തിപ്പെടുത്തുന്നതിനായി ഇവിടത്തെ ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയില്‍ 42 പുതിയ അതിര്‍ത്തി പൊലീസ് പോസ്റ്റുകള്‍ക്കായി 600-ലധികം തസ്തികകള്‍ അനുവദിച്ചു. ആഭ്യന്തര വകുപ്പ് അംഗീകരിച്ച 607 തസ്തികകളില്‍ 39 സബ് ഇന്‍സ്പെക്ടര്‍മാര്‍, 50 അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാര്‍, 88 ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, 430 സെലക്ഷന് ഗ്രേഡ് കോണ്‍സ്റ്റബിള്‍മാര്‍ (എസ്ജിസിടി)/കോണ്‍സ്റ്റബിള്‍മാര്‍ എന്നിവ ഉള്‍പ്പെടുന്നു.
പുതിയ പോസ്റ്റുകള്‍ നുഴഞ്ഞുകയറ്റ വിരുദ്ധ ശ്രംഖല ശക്തിപ്പെടുത്തുന്നതിന് വലിയ സഹായമാകും. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, ഡ്രോണുകളുടെ ചലനം, തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനായി അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫിനും ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ സൈന്യത്തിനും പിന്നില്‍ പ്രതിരോധത്തിന്റെ രണ്ടാം നിരയില്‍ സേവനമനുഷ്ഠിക്കുന്നതാണ് പുതിയ പോസ്റ്റുകള്‍.
അനുവദിച്ച 42 അതിര്‍ത്തി പൊലീസ് പോസ്റ്റുകളില്‍ പലതും നിലവില്‍ വന്നു കഴിഞ്ഞു. മറ്റുള്ളവ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. തീവ്രവാദികളും മയക്കുമരുന്ന് കടത്തുകാരും നുഴഞ്ഞുകയറുന്ന വഴികള്‍ അടയ്ക്കുന്നതിന് അതിര്‍ത്തികളുടെ ഭൂപ്രകൃതിയെ അടിസ്ഥാനമാക്കിയാണ് അതിര്‍ത്തി പൊലീസ് പോസ്റ്റുകള്‍ സ്ഥാപിക്കുന്നത്. ജമ്മു മേഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലും കശ്മീര്‍ താഴ്വരയിലെ ബാരാമുള്ള, കുപ്വാര ജില്ലകളിലുമാണ് അതിര്‍ത്തി പൊലീസ് പോസ്റ്റുകള്‍ സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: