കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച സംഭവം വിരല്‍ ചൂണ്ടുന്നത് ലഹരി ഉപയോഗം കേരളത്തില്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നിയന്ത്രിക്കാനാകാത്ത വിധം വലിയ ദുരന്തമായി അതു മാറിക്കഴിഞ്ഞു എന്നതിലേക്കാണ്. നിരന്തരമായ ലഹരി ഉപയോഗത്തിലൂടെ ക്രിമിനല്‍ സ്വഭാവത്തിലേക്കുമാറുന്നവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും യുവ ഡോക്ടര്‍ വന്ദനയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ കേരളം ചെന്നെത്തിയിരിക്കുന്ന ദുരന്തമുഖത്തിന്റെ ഭീകരതയാണ് വ്യക്തമാക്കുന്നത്. അധ്യാപകനും വിദ്യാസമ്പന്നനുമായ പ്രതി നിരന്തര മയക്കുമരുന്നുപയോഗത്തിലൂടെയാണ് ക്രിമിനല്‍ സ്വഭാവമുള്ളയാളായി മാറിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അമിത മദ്യപാനികള്‍ അക്രമികളായി മാറുന്നത് നാം അനുഭവിച്ചിട്ടുണ്ട്. അതിനേക്കാള്‍ ഭീകരമാണ് മയക്കുമരുന്നുപയോഗത്തിലൂടെ അക്രമികളായി മാറുന്നവരുടെ മാനസിക നില. പോലീസ് ആശുപത്രിയിലെത്തിച്ചയാള്‍ ആക്രമണകാരിയായി മാറിയപ്പോള്‍ തന്നെ പോലീസ് ഇടപെട്ടിരുന്നുവെങ്കില്‍ ഡോ. വന്ദനയുടെ ദയനീയ മരണം ഒഴിവാക്കാമായിരുന്നു. അതുണ്ടായില്ലെന്നതു വലിയ വീഴ്ചയാണ്. നമ്മുടെ കൊച്ചു കേരളത്തിലെ ലഹരി ഉപയോഗം ഫലപ്രദമായി തടയാന്‍ ഇനിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകുന്നില്ല എന്നതു വലിയ പരാജയവുമാണ്.
കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞു വരികയാണെന്നാണ് പല കണക്കുകളും സൂചന നല്‍കുന്നത്. എന്നുവച്ചാല്‍ ലഹരിക്കടിപ്പെടുന്നവരുടെ എണ്ണം കുറയുന്നു എന്നല്ല. മദ്യപിച്ചുകൊണ്ടിരുന്നവര്‍, അതിനേക്കാള്‍ വലിയ ലഹരി വസ്തുക്കളുടെ ഉപയോഗത്തിലേക്ക് മാറുകയാണുണ്ടായത്. മദ്യലഹരിയില്‍ മുഴുകുന്നവരുടെ നാടാണ് കേരളമെന്ന ഇമേജിനൊപ്പം മയക്കുമരുന്നും മലയാളികളുടെ ലഹരി സൂചികയിലെ പ്രധാന ഇനങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു. ഓരോ ആഘോഷങ്ങളിലും കേരളം കുടിച്ചുണ്ടാക്കിയ റെക്കോര്‍ഡുകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കാറുണ്ട്. ഇതിനൊപ്പമാണ് കഴിഞ്ഞ വര്‍ഷം നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ പ്രകാരം സംസ്ഥാനത്തെ മദ്യപരുടെ എണ്ണത്തില്‍ 46 ശതമാനം ഇടിവുണ്ടായെന്ന കണക്കുകളും പുറത്തു വന്നത്. ഇതില്‍ സന്തോഷിക്കാന്‍ ഒട്ടും വകയില്ല. മദ്യമുക്തമായ കേരളത്തിലേക്കല്ല ആ കണക്കുകള്‍ ചുവടുവയ്‌ക്കുന്നത്. മറിച്ച് മയക്കു മരുന്നിന്റെ ഉപയോഗത്തിലേക്ക് കൂടുതല്‍ പേര്‍ ചുവടുമാറ്റുന്നതിന്റെ സൂചനയാണത്.
ലോകത്തിലെ ഏറ്റവും അപകടകാരിയായ മയക്കുമരുന്നുകള്‍ ഇപ്പോള്‍ കേരളത്തില്‍ നിര്‍ബാധം ലഭിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. അന്താരാഷ്‌ട്ര വിപണിയില്‍ നാലായിരം കോടിക്കടുത്ത് വിലവരുന്ന മയക്കു മരുന്നുകളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്നു പിടിച്ചത്. കടത്തുന്ന മയക്കു മരുന്നിന്റെ നാല്‍പ്പത് ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളുന്നുവെന്ന് വരുമ്പോഴാണ് കേരളത്തില്‍ ഒഴുകുന്ന മയക്കുമരുന്നിന്റെ വ്യാപ്തി ആരെയും അമ്പരിപ്പിക്കുന്നത്. കൊക്കൈയിന്‍, എംഡിഎംഎ, ഹഷീഷ്, എല്‍എസ്ഡി സ്റ്റാംപ് തുടങ്ങിയവ നിര്‍ബാധം ഇവിടെ ലഭിക്കുന്നുണ്ട്. ഏതു സാധാരണക്കാരനും ഇവയെല്ലാം ലഭിക്കാവുന്ന ഇടമാണ് കേരളമിന്ന് എന്നതാണ് നാം അഭിമുഖീകരിക്കുന്ന ദുരന്തം.
കേരളത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ കൂടുതലും മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ടുള്ളതാണ്. പല കൊലപാതക കേസുകളിലെയും പ്രതികള്‍ നിരന്തര മയക്കുമരുന്നുപയോഗത്തിലൂടെ മാനസിക നിലമാറിയവരാണെന്ന് പറയുന്നത്, ചെയ്ത കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപാധിയായി കാണേണ്ടതില്ല. കേരളം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമാണിന്നിത്. അധികാരികള്‍ അതിനെ വേണ്ടത്ര ഗൗരവത്തില്‍ ഇനിയും കൈകാര്യം ചെയ്യുന്നില്ലന്നതാണ് വസ്തുത. മൂന്നു കോടിയിലധികം ജനങ്ങളുള്ള കേരളത്തില്‍ ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഒന്നര ലക്ഷം മയക്കുമരുന്നു കേസുകളാണ്. എന്നാല്‍ 30 കോടി ജനങ്ങളുള്ള ഉത്തര്‍ പ്രദേശില്‍ ഒരു വര്‍ഷം 12,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസുകള്‍ വ്യക്തമായി രജിസ്റ്റര്‍ ചെയ്യാത്തതാണെന്നോ, കേരളം കൂടുതല്‍ കേസുകള്‍ പിടിക്കുന്നതാണെന്നോ വേണമെങ്കില്‍ വാദത്തിനായി പറയാം. എന്നാല്‍ ഉത്തര്‍ പ്രദേശ് കേരളത്തിന്റെ അത്ര വേഗത്തില്‍ മയക്കുമരുന്നു മാഫിയക്ക് കീഴ്‌പ്പെടുന്നില്ലെന്നാണ് ദേശീയ തലത്തിലുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആര്‍-ല്‍ അഞ്ചിലൊന്ന് കേസുകളും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടവയാണെന്നു പറഞ്ഞത് മുന്‍ ഡിജിപി ഋഷിരാജ് സിംഗാണ്. കൊലപാതകം ചെയ്യുന്നവരും കവര്‍ച്ച നടത്തുന്നവരും തുടങ്ങി, വലിയ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കുവരെ ലഹരി ഉപയോഗത്തിന്റെ ചരിത്രമുണ്ടെന്നതാണ് കണ്ടെത്തിയിട്ടുള്ളത്. കൊട്ടാരക്കാരയിലെ യുവ ഡോക്ടറുടെ ദാരുണ കൊലപാതകവും മറിച്ചുള്ളതല്ല.
ഡോ. വന്ദനയുടെ മരണത്തിന്റെ പ്രധാന ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. ഒരു ജനതയെ തന്നെ ഇല്ലാതാക്കാന്‍ പോന്ന തരത്തില്‍ കേരളം ലഹരിഉപയോഗിക്കുന്ന നാടായി മാറുകയാണെന്ന സത്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല. കേരളത്തെ ആക്ഷേപിക്കാനാണ് ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ പക്ഷപാതികള്‍ വാദിക്കുന്നുണ്ട്. ആ വാദങ്ങള്‍ പോലും കേരളത്തെ ലഹരിയുടെ നരകത്തിലേക്കാണ് ആനയിക്കുന്നത്. വസ്തുതകള്‍ മനസ്സിലാക്കി ലഹരിക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം. ഇതു കേരളമാണെന്ന സ്ഥിരം മുദ്രാവാക്യത്തിന് ഇനി അത്ര ശക്തിയൊന്നുമില്ല. ഇതു ലഹരി വാഴുന്ന കേരളമാണെന്നതാണ് വാസ്തവം. അതു തിരിച്ചറിയാതിരുന്നാല്‍ വന്ദനമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക