ന്യൂദല്‍ഹി: ഗൗതം അദാനി തന്റെ കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിക്കാന്‍ മൗറീഷ്യസ് ആസ്ഥാനമായ ഷെൽ കമ്പനികളെ ഉപയോഗിച്ചുവെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് മൗറീഷ്യസ് ധനകാര്യമന്ത്രി. എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ വിഷ്ണു സോമിന് അനുവദിച്ച അഭിമുഖത്തിലാണ് മൗറീഷ്യസ് മന്ത്രി മഹേന് കുമാര്‍ സിററ്റന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ സെബി പോലെയാണ് മൗറീഷ്യസിലെ ഫിനാന്‍സ് കമ്മീഷന് സമഗ്രമായ അന്വേഷണം നടത്തിയെങ്കിലും ഒരു തിരിമറിയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മന്ത്രി മഹേന് കുമാര്‍ സിററ്റന്‍ പറഞ്ഞു. മൗറീഷ്യസില്‍ ധനകാര്യരംഗത്ത് ശക്തമായ നിയന്ത്രണച്ചട്ടങ്ങള്‍ ഉണ്ട്. അതിനാല്‍ മൗറീഷ്യസ് നികുതിവെട്ടിപ്പിന്റെ പറുദീസയാണെന്നും കള്ളപ്പണം വെളുപ്പിക്കാനുള്ള കടലാസുകമ്പനികളുടെ ഈറ്റില്ലമാണെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി) നിർബന്ധമാക്കിയ നികുതി ചട്ടങ്ങൾ പാലിക്കുന്ന രാജ്യമാണ് മൗറീഷ്യസ്. മൗറീഷ്യസിൽ ഷെൽ കമ്പനികളുടെ പറുദീസയാണെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതമാണെന്നും മഹേന് കുമാര്‍ സിററ്റന്‍ വ്യക്തമാക്കി.
ഗൗതം അദാനി തന്റെ കമ്പനികളുടെ ഓഹരി വില കൂട്ടിക്കാണിക്കാന്‍ മൗറീഷ്യസ് ആസ്ഥാനമായ ഷെൽ കമ്പനികളെ ഉപയോഗിച്ചുവെന്ന് ജനുവരി 24ന് യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ട് ഫിനാൻഷ്യൽ സർവീസസ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ നിയമത്തിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാൻ രാജ്യത്തെ നിയന്ത്രണസംവിധാനം ബാധ്യസ്ഥരാണെന്നും വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: