മാടമ്പ് എന്‍.ജി. കാവാലം
കേരളം ദൈവത്തിന്റെ സ്വന്തം നാടായാണ് അറിയപ്പെടുന്നത്. സാക്ഷരതയില്‍ ഒന്നാമത്. മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഏറെയുണ്ട്. പ്രകൃതി വിഭവങ്ങള്‍ക്കും കുറവില്ല. പ്രകൃതിമനോഹരമായ സംസ്ഥാനം. ഭൂമിയിലെ സ്വര്‍ഗം എന്നു തന്നെ വിശേഷിപ്പിക്കട്ടെ. എന്നാല്‍ ‘കേരം തിങ്ങും കേരളനാട്’ ഇന്ന് അരുംകൊലകളുടെ നാടായി മാറി. അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്നു.
കുഞ്ഞുങ്ങള്‍ക്ക് ഇന്ന് മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങള്‍ വേണ്ടത്ര ലഭിക്കുന്നില്ല. കുഞ്ഞുങ്ങളുടെ ആദ്യ വിദ്യാലയം വീടാണ്. ആദ്യഗുരു അമ്മയും. ദൈവത്തിനു തുല്യമാണ് അമ്മ. ശക്തിയും ചൈതന്യവുമാണ്. മാതൃസ്തന്യത്തോടൊപ്പം ഇതുവരെ നേടിയ ജ്ഞാനത്തിന്റെ ആകെത്തുകയാണ് നമ്മുടെ സംസ്കൃതി.
നമ്മുടെ മൂല്യച്യുതിക്കും സംസ്കൃതി നാശത്തിനും എന്താണ് കാരണം? ഉല്പതിഷ്ണുക്കളായ മഹാത്മാക്കള്‍ പരിഹാരം നിര്‍ദേശിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആധ്യാത്മികാചാര്യന്മാര് ‘ഇത് കലിയുഗമാണ് ഇങ്ങനെയൊക്കെയേ സംഭവിക്കൂ’ എന്നു പറഞ്ഞ് സമാധാനപ്പെട്ടേയ്ക്കാം. പക്ഷേ ഉപേക്ഷ വിചാരിക്കാവുന്ന സമയമല്ല ഇത്. അധര്‍മത്തിന്റെ ഫലം അതു ചെയ്യുന്നവന് അനുഭവിക്കും. ധര്‍മത്തെ രക്ഷിച്ചാല്‍ ധര്‍മം രക്ഷിതാവിനെ രക്ഷിക്കും. ധര്‍മച്യുതിയുണ്ടായാല്‍ എല്ലാം നശിക്കും. അതിനു സംശയമില്ല. ഇന്ന് എങ്ങും മൂല്യച്യുതി തന്നെ.
പ്രകൃതിയുടെ വികൃതിയാലും സംസ്കൃതിക്ക് നാശം ഭവിക്കും. ഫലം അതീവ ഗുരുതരം. ശിക്ഷയും ലഭിക്കും. അതിന് ഉദാഹരിക്കാവുന്നൊരു പുരാണ കഥ ഇങ്ങനെ:
സത്യലോകത്ത് ബ്രഹ്മദേവന്റെ അധ്യക്ഷതയില്‍ ഒരു ദേവസദസ്സ്. ഭൂമിയില്‍ നിന്ന് മഹാഭിഷക് എന്ന രാജാവും സന്നിഹിതനായിരുന്നു. സദസ്സില്‍ അല്പം വൈകിയാണ് ഗംഗാദേവിയെത്തിയത്. ഗംഗാദേവിയെ കണ്ട മാത്രയില്‍ മഹാഭിഷകിന് അനുരാഗമുദിച്ചു. രാജാവില്‍ ദേവിയ്ക്കും അനുരാഗം തോന്നി. രണ്ടുപേരുടെയും പ്രകൃതി വികൃതിയായി മാറിയതു കണ്ട് കോപാകുലനായ ബ്രഹ്മദേവന് ഇരുവരെയും സ്വര്‍ഗത്തില്‍ നിന്ന് നിഷ്കാസിതരാക്കി. അചിരേണ മഹാഭിഷക് ശന്തനുവായി പിറന്ന് ഹസ്തിനപുരിയിലെ രാജാവായി.
കാട്ടില്‍ ഗംഗാതീരത്തു വച്ച് ശന്തനുവും ഗംഗാദേവിയും കണ്ടുമുട്ടി. അനുരക്തരായ ഇരുവരും, പരസ്പരം ഇച്ഛയ്ക്കു വിരുദ്ധമായി പെരുമാറുകയില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ പിരിഞ്ഞു പോകുമെന്നുമുള്ള ശപഥത്തില്‍ ഭാര്യാഭര്ത്താക്കന്മാരായി.
അഷ്ടവസുക്കള്‍ ഒരിക്കല്‍ വസിഷ്ഠ മഹര്‍ഷിയുടെ പശുവിനെ മോഷ്ടിച്ചു. അവര്‍ മനുഷ്യരായി ഭൂമിയില്‍ ജനിച്ച് ദുഃഖിക്കാന്‍ ഇടവരട്ടെയെന്ന് മഹര്‍ഷി ശപിച്ചു. അങ്ങനെ അവര്‍ ഗംഗയുടെ മക്കളായി പിറന്നു. അവരില്‍ ഏഴുപേരെ ജനിച്ചയുടന്‍ ദേവി നദിയിലെറിഞ്ഞു. പശുവിനെ മോഷ്ടിച്ച സംഭവത്തില്‍ ഒന്നാം പ്രതിയായിരുന്നു എട്ടാമത്തെ വസു. മകനായി പിറന്ന എട്ടാമത്തെ വസുവിനെ നദിയിലെറിയാന്‍ രാജാവ് അനുവദിച്ചില്ല. ഇച്ഛയ്ക്ക് വിരുദ്ധമായി രാജാവ് പ്രവര്‍ത്തിച്ചതിനാല്‍ ഗംഗാദേവി കുഞ്ഞിനെയുമെടുത്ത് അപ്രത്യക്ഷയായി. വിഭ്യാഭ്യാസം ചെയ്യിപ്പിച്ച്, പ്രായപൂര്‍ത്തിയായാല്‍ കുട്ടിയെ തിരികെ ഏല്‍പ്പിച്ചു കൊള്ളാമെന്നു ദേവി രാജാവിന് വാക്കു നല്‍കിയിരുന്നു. കാലം തികഞ്ഞപ്പോള്‍ ദേവി, കുട്ടിയെ ശന്തനുവിന് തിരികെ നല്കി. ആ കുട്ടിയാണ് ഹസ്തിനപുരിയിലെ മഹാനായ ഭീഷ്മര്‍. മോഷണത്തിന്റെ കഠിനശിക്ഷ അദ്ദേഹം ഹസ്തിനപുരിയില്‍ ശരിക്കും അനുഭവിച്ചു. കൊട്ടാരത്തില്‍, രാജകുമാരന്മാരുടെ പല അധര്‍മങ്ങളിലും ഭീഷ്മര്‍ മൗനം പാലിച്ചു. തെറ്റിനെ തടഞ്ഞില്ല. അതിന്റെ ഫലമായി അദ്ദേഹത്തിന് മഹാഭാരതയുദ്ധാവസാനം ഒരു അയനം മുഴുവന്‍ ശരശയ്യയില്‍ കിടക്കേണ്ടി വന്നു. മോഷണക്കുറ്റത്തിനു ലഭിച്ച ഭയങ്കര ശിക്ഷ! ഇന്നത്തെക്കാലത്ത് ചെറുതും വലുതുമായ മോഷണങ്ങള്‍ എത്രയോ അരങ്ങേറുന്നു. ചിലതു പിടിക്കപ്പെടുന്നു. ചിലത് തെളിവില്ലാതെ പോകുന്നു. ഉന്നതന്മാര് രക്ഷിക്കപ്പെടുമ്പോള്‍ പാവങ്ങള്‍ ശിക്ഷിക്കപ്പെടുന്നു. പക്ഷേ പിടിക്കപ്പെടാത്തവര്‍ ദൈവത്തിന്റെ കോടതിയില്‍ ശിക്ഷിക്കപ്പെടും.
ബ്രഹ്മദേവന് പുത്രിയായ സരസ്വതീ ദേവിയില്‍ ആകൃഷ്ടനായെന്നൊരു കഥയുണ്ട്. സൃഷ്ടി കര്‍ത്താവിന്റെ പ്രകൃതി വികൃതിയായപ്പോള്‍ ശ്രീപരമേശ്വരന് ശിക്ഷിച്ചു. ബ്രഹ്മദേവന്റെ ഒരു തല നുള്ളി എറിഞ്ഞു. അങ്ങനെ പഞ്ചാസ്യനായിരുന്ന ബ്രഹ്മദേവന് ചതുര്മുഖനായി. ഇക്കാലത്ത് പെണ്മക്കളെ പീഡിപ്പിക്കുന്ന പിതാക്കന്മാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറയാറുണ്ടല്ലോ. അത്തരക്കാരെ എങ്ങനെ ശിക്ഷിക്കണമെന്ന് ദേവദേവനായ ശ്രീപരമേശ്വരന് ബ്രഹ്മദേവനു നല്കിയ ശിക്ഷയിലൂടെ സ്പഷ്ടമാക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: