ഗുവാഹത്തി: ശൈശവ വിവാഹം തടയുന്നതിന് കര്‍ക്കശ നടപടി സ്വീകരിച്ച ആസാം സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ ബഹുഭാര്യത്വം നിയന്ത്രിക്കാനുള്ള നീക്കവുമായി മുന്നോട്ട്. സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള നിയമനടപടികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
അധികാരത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ അത്തരമൊരു ആലോചനയില്ല. എന്നാല്‍ സംസ്ഥാന നിയമപ്രകാരം ബഹുഭാര്യത്വം നിരോധിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. നിയമവിദഗ്ധരടക്കം ബന്ധപ്പെട്ട എല്ലാവരുമായും വിപുലമായ കൂടിയാലോചനകള്‍ നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും, അദ്ദേഹം പറഞ്ഞു. അസമീസ് സംസാരിക്കുന്ന മുസ്ലീങ്ങള്‍ക്കിടയില്‍ ബഹുഭാര്യത്വം വിരളമാണെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. എന്നാല്‍ ബരാക് വാലി, ഹോജായ്, ജമുനാമുഖ് തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂരിപക്ഷം വരുന്ന കുടിയേറ്റ മുസ്ലീങ്ങള്‍ക്കിടയിലാണ് ബഹുഭാര്യത്വം വലിയ തോതില്‍ കാണപ്പെടുന്നത്.
അടുത്തിടെ ശൈശവ വിവാഹത്തിനെതിരായ നടപടിയില്‍ ചില പ്രദേശങ്ങളില്‍ അറുപതും അറുപത്തഞ്ചും വയസ്സുള്ളവരൊക്കെ ഇത്തരത്തില്‍ ബഹുഭാര്യത്വം സ്വീകരിച്ചവരാണെന്ന് കണ്ടെത്തി. ഇത്തരക്കാരാണ് കൂടുതലായും ശൈശവ വിവാഹവും ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ശൈശവ വിവാഹത്തിനെതിരെ മാത്രം നടപടി എടുത്താല്പോരാ, ബഹുഭാര്യത്വ നിരോധനവും പ്രധാനമാണെന്നാണ് സര്‍ക്കാര്‍ നിഗമനമെന്ന് അദ്ദേഹം പറഞ്ഞു.
ബഹുഭാര്യത്വത്തിന്റെ പേരില്‍, സമ്പന്നരായ വൃദ്ധര്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നു. എന്നാല്‍ അത് ഇനിയും അനുവദിക്കാനാകില്ല. ഇസ്ലാമിക പുരോഹിതന്മാരുമായും മതപണ്ഡിതന്മാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. എന്തായാലും സമവായത്തിലൂടെയാകും അത്തരമൊരു നിയമനിര്‍മാണം നടപ്പാക്കുക. ഹിമന്തബിശ്വ വ്യക്തമാക്കി,
ഇസ്ലാമിക നിയമങ്ങള്‍ ഞാന്‍ വളരെ ശ്രദ്ധയോടെ പഠിച്ചിട്ടുണ്ട്. ഇസ്ലാമില്‍ ബഹുഭാര്യത്വം അനിവാര്യമായ ഒരു ആചാരമേയല്ല. ഒരു വിവാഹത്തെ കുറിച്ച് മാത്രമേ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളൂ. അക്കാലത്തെ സാഹചര്യങ്ങളില്‍ ആദ്യഭാര്യയുടെ മുന്‍കൂര്‍ സമ്മതത്തോടെ ബഹുഭാര്യത്വം നടന്നിട്ടുണ്ടാകാം. എന്നാല്‍ ഇക്കാലത്ത് അതിന് പ്രസക്തിയില്ല. ബഹുഭാര്യത്വം സ്ത്രീയുടെ അന്തസ് ഇല്ലാതാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അതിനെതിരെ മുംബൈയില്‍ സാകിയ സുമന് നേതൃത്വം നല്കുന്ന ഇന്ത്യന്‍ മുസ്ലിം മഹിളാ ആന്ദോളന് എന്ന സംഘടന 2019ല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: