തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് ഞായറാഴ്ച ബംഗ്ലാദേശ്- മ്യാന്മാര് തീരം തൊടും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറും. പിന്നീട് വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ചാണ് ചുഴലിക്കാറ്റ് ബംഗ്ലാദേശ്- മ്യന്മാര് തീരം തൊടുക.
മോക്ക ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കാന്‍ സാധ്യതയില്ലെങ്കിലും കേരളത്തില്‍ ശക്തമായ മഴയുണ്ടായേക്കാം. വെള്ളിയാഴ്ച ഉച്ചയോടെ വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും മഴ ആരംഭിക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അടുത്ത മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
അതേസമയം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മത്സ്യ ബന്ധനത്തിനായി പോകുന്നവര്‍ക്ക് കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍, ചെറുകിട കപ്പലുകള്‍, ബോട്ടുകള്‍, ട്രോളറുകള്‍ എന്നിവ മെയ് 12 മുതല്‍ 14 വരെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: