കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്. റൂറല്‍ ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. റൂറല്‍ എസ്.പി. എം.എല്‍. സുനില്‍കുമാറിന് മേല്‍നോട്ടവും കൈമാറി. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പിഴവുകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. സംഭവത്തില്‍ ലോക്കല്‍ പോലീസിനെതിരേ ഹൈക്കോടതിയുള്‍പ്പടെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കൂടാതെ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുകയാണ് ഉണ്ടായതെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പ്രതി സന്ദീപിനെതിരെ മറ്റ് കേസുകളൊന്നുമില്ല. പെട്ടന്ന് ആക്രമണം ഉണ്ടായപ്പോള്‍ അക്രമിയെ തടയുകാണ് പോലീസ് ചെയ്തത്. ഇയാളെ പ്രതിരോധിക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ നീക്കം. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ എപ്പോള്‍ കസ്റ്റഡിയില്‍ ലഭിക്കും എന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് ശ്രമം.
അതേസമയം ആശുപത്രിയില്‍ സന്ദീപിനെ പരിശോധിക്കുന്ന സമയത്ത് ഒബ്സര്‍വേഷന്‍ മുറിയില്‍ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അക്രമസംഭവം ഉണ്ടാകില്ലായിരുന്നു എന്നാണ് വിലയിരുത്തല്‍. ഇത് പോലീസിന്റെ ഭാഗത്തു നിന്നുള്ള പിഴവാണെന്നാണ് വിലയിരുത്തല്‍. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കി ഡോ. വന്ദനയെ അക്രമിക്കുകയായിരുന്നുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: