ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹ വിഷയത്തില്‍ ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് മറുപടി ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാന് ഇതിനെ എതിര്‍ത്തപ്പോള്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍, ആസാം, സിക്കിം എന്നിവ പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന് പറഞ്ഞു.
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി ബെഞ്ചിന് മുമ്പാകെ വാദം തുടരുന്നതിനിടെയാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
സ്വവര്‍ഗ ബന്ധങ്ങള്‍ നിയമവിധേയമാക്കുന്നത് സാമൂഹിക ഘടനയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന് സര്‍ക്കാര്‍ പറഞ്ഞു, ഇത് സാമൂഹികവും കുടുംബപരവുമായ വ്യവസ്ഥകളില്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.
ഹിന്ദു വിവാഹ നിയമം, മുസ്ലിം വ്യക്തിനിയമം, സ്പെഷല്‍ മാരേജ് ആക്ട് എന്നിവയുടെ വ്യവസ്ഥകളും ലക്ഷ്യങ്ങളും പരാമര്‍ശിച്ചുകൊണ്ട് നിയമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രകാശ് ഗുപ്തയുടെ കത്തിലാണിത് ചൂണ്ടിക്കാട്ടുന്നത്.
”സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും അവരുടെ അഭിപ്രായം അറിയാന്‍ സര്‍ക്കാര്‍ കത്തുകള്‍ അയച്ചു. പൊതുഅഭിപ്രായം സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്കരുതെന്നാണെന്ന് കളക്ടര്‍മാര്‍ മറുപടി നല്കി.
സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചതായി ഏപ്രില്‍ 19ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങളിലേക്ക് കടക്കില്ലെന്ന് ഏപ്രില്‍ 18ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയത്. സ്പെഷല്‍ മാരേജ് ആക്ടിന്റെ പരിധി വിപുലീകരിച്ച് സ്വവര്‍ഗ വിവാഹങ്ങളെ അനുവദനീയമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചിരുന്നു.വൈവാഹിക നില പരിഗണിക്കാതെ ഒരു വ്യക്തിക്ക് ഒരു കുട്ടിയെ ദത്തെടുക്കാന്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുവാദം നല്‍കുന്നുണ്ടെന്ന് ബുധനാഴ്ച സുപ്രീം കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: