പാലക്കാട്: തപസ്യ കലാസാഹിത്യവേദി 47-ാം വാര്‍ഷികോത്സവം നാളെയും മറ്റന്നാളുമായി ധോണി ലീഡ് കോളജില്‍ നടക്കും. നാളെ രാവിലെ 10ന് കേന്ദ്രസാഹിത്യ അക്കാദമി ഉപാധ്യക്ഷ പ്രൊഫ. കുമുദ് ശര്‍മ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കും. സാഹിത്യ നിരൂപകന് കെ.എം. നരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും.
കലാമണ്ഡലം സരസ്വതി, കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് ഭുവനേശ്വരി അമ്മ എന്നിവരെ ആദരിക്കും. ആഷാമേനോന്, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ കെ.കെ. ഗോപാലകൃഷ്ണന്, രവിശങ്കര്‍ കോയിമേടം എന്നിവര്‍ സംസാരിക്കും. സംസ്കാര്‍ അഖിലഭാരതീയ സംഘടനാസെക്രട്ടറി അഭിജിത് ഗോഖലെ, കാര്യകാരി സദസ്യന്‍ കെ. ലക്ഷ്മി നാരായണന്, എഡിആര്‍എം എസ്. ജയകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
ദുര്‍ഗാദത്ത പുരസ്കാരം ഡോ. പി. ശിവപ്രസാദിന് സമ്മാനിക്കും. വൈകിട്ട് മൂന്നിന് മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കുമാരനാശാന് കാലവും, കാവ്യധര്‍മവും സെമിനാര്‍ നടക്കും. വി.ആര്. സുധീഷ്, മുഖ്യപ്രഭാഷണം നടത്തും. ഐ.എസ്. കുണ്ടൂര്‍, ഡോ. പി. ശിവപ്രസാദ് എന്നിവര്‍ സംസാരിക്കും. വൈകിട്ട് ആറിന് കണ്യാര്‍കളി, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടായിരിക്കും.
14ന് രാവിലെ 8.30ന് നടക്കുന്ന പ്രതിനിധി സഭ അഭിജിത് ഗോഖലെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. 11ന് സംഘടനാചര്‍ച്ച, പ്രമേയാവതരണം, പുതിയ ഭാരവാഹി പ്രഖ്യാപനം തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന് പ്രഭാഷണം നടത്തും.
വിവിധ ജില്ലകളില്‍ നിന്നായി നാനൂറോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പാലക്കാട് ജില്ലാ പ്രസിഡന്റ് എ.വി. വാസുദേവന്‍ പോറ്റി, ജനറല്‍ കണ്‍വീനര്‍ വി.എസ്. മുരളീധരന്, കോ-ഓര്‍ഡിനേറ്റര്‍ കെ.ടി. രാമചന്ദ്രന്, സ്വാഗതസംഘം വൈസ് ചെയര്മാന് വിപിന്‍ ചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: