പാലക്കാട്: സംസ്ഥാനത്ത് ഗോത്രവര്‍ഗക്കാരുടെ പുരോഗതിക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി കേന്ദ്ര ഗോത്രവര്‍ഗ കാര്യ മന്ത്രി അര്ജുന് മുണ്ട അവലോകനം ചെയ്തു. ഗോത്ര വര്‍ഗക്കാര്‍ക്കായുള്ള കേന്ദ്ര പദ്ധതികളുടെ ഗുണം ലഭ്യമാക്കുന്നതിന് കേരളം നോഡല്‍ ഓഫിസറെ നിയോഗിക്കണമെന്ന് അട്ടപ്പാടി കില ഓഡിറ്റോറിയത്തില്‍ നടത്തിയ അവലോകന യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
ആദിവാസികള്‍ കുടിയേറ്റക്കാരല്ലെന്നും അവര്‍ ഭൂരഹിതരല്ലെന്നും സര്‍ക്കാര്‍ അവര്‍ക്കു സാങ്കേതികമായി ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കുക മാത്രമാണു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ വെറും രണ്ടു ശതമാനം മാത്രമുള്ള ഗോത്രവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 75 വര്‍ഷമായിട്ടും കേരളത്തില്‍ ഭൂമി നല്‍കാത്തത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അട്ടപ്പാടി മേഖലയില്‍ ശിശുമരണ നിരക്ക് ഉയരുന്നത് എന്തുകൊണ്ടെന്നു പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍ വിവിധ പദ്ധതികളുടെ പുരോഗതിയെ കുറിച്ചുള്ള റിപോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര ഗോത്രവര്‍ഗ കാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ശ്രീമതി ആര് ജയ, പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. രേണുക തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: