കോഴിക്കോട്: രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഭരണ തകര്‍ച്ചയും അരാജകത്വവും മാത്രമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഈ സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും പൂര്‍ണ പരാജയമാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി വന്‍ പരാജയമാണെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ലോബിയെ നേരിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡോക്ടര്‍ വന്ദനയുടെത്. ദാരുണമായി പരിക്കേറ്റ വന്ദനയ്ക്ക് പ്രാഥമിക ചികിത്സ നല്കാന് പോലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സംവിധാനമില്ലായിരുന്നു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികള്‍ നിലവാരമില്ലാതെയായിരിക്കുന്നത്? പൊലീസുകാര്‍ക്ക് എന്ത് പരിശീലനമാണ് കേരളത്തില്‍ കൊടുക്കുന്നത്? സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. സര്‍ക്കാരിന് ഒന്നും ചെയ്യാനാവുന്നില്ല. ഒരു നിയമവും കേരളത്തില്‍ പാലിക്കപ്പെടുന്നില്ല. മീന്‍ പിടിക്കുന്ന ബോട്ട് ടൂറിസ്റ്റ് ബോട്ടാക്കി മാറ്റുന്നത് കേരളത്തില്‍ അല്ലാതെ മറ്റെവിടെ നടക്കും. സിപിഎം നേതാക്കന്മാരുടെ അനുയായി ആയ ബോട്ടുടമയെ രക്ഷിക്കാന്‍ ശ്രമിച്ചത് ആരാണ്? മയക്കുമരുന്ന് ഉപയോഗം അന്വേഷിക്കാന്‍ ബോട്ടില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. മരിച്ചതില്‍ ഒരാള്‍ ആ പൊലീസുകാരനാണ്. താനൂര്‍ ദുരന്തത്തില്‍ റിയാസും അബ്ദുള്‍ റഹിമാനും ഉത്തരവാദികളാണ്. മുഖ്യമന്ത്രി ലീഗ് നേതാക്കളെ കണ്ട് എല്ലാം സബൂറാക്കുകയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
കൊട്ടാരക്കര സംഭവത്തില്‍ ആരോഗ്യമന്ത്രി മനുഷ്യത്വരഹിതമായ പ്രസ്താവന നടത്തുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ഡോക്ടര്‍മാരില്ല. പല സര്‍ക്കാര്‍ ഡോക്ടര്‍മാരും ലീവെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുകയാണ്. പൊതുആരോഗ്യ വകുപ്പില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല. മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നതിന് എന്തിനാണെന്ന് എല്ലാവര്ക്കും അറിയാം. അതുകൊണ്ടാണ് വിദേശയാത്രയ്ക്ക് ഇത്തവണ അനുമതി കിട്ടാതിരുന്നത്. സര്‍വ്വത്ര കൊള്ളയാണ് കേരളത്തില്‍ നടക്കുന്നത്.
വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. വൈദ്യുതി ബില്‍, വെള്ളക്കരം, കെട്ടിട നികുതി, അധിക സെസുകള്‍ എന്നിവ കൊണ്ട് ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. രണ്ടാം വാര്‍ഷികത്തിന് സര്‍ക്കാര്‍ കടക്കെണിയിലായ സംസ്ഥാനത്തെ പരസ്യം കൊടുത്ത് കൂടുതല്‍ ദുരിതമാക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ വാര്‍ഷികം ബിജെപി പ്രതിഷേധവാരമായി ആചരിക്കും. മെയ് 20ന് കരിദിനമായിരിക്കും. അന്ന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കും. 27 വരെ വിവിധ പ്രതിഷേധങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കും. ബൂത്തിലും പഞ്ചായത്തിലും മണ്ഡലത്തിലും പ്രതിഷേധം സംഘടിപ്പിക്കും. വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികള്‍ നടക്കും.
കേരളത്തിലെ ഓദ്യോഗിക പ്രതിപക്ഷമായ കോണ്‍ഗ്രസ് മുഖ്യശത്രുവായി ബിജെപിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അവരുടെ ശത്രുവല്ലെന്നാണ് അവര്‍ പറയുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.രഘുനാഥ്, ജില്ലാ അദ്ധ്യക്ഷന്‍ വികെ സജീവന് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: