കറാച്ചി: ഏഷ്യാകപ്പ് വേദി നഷ്ടമായതിനെത്തുടര്‍ന്ന് വീണ്ടും ബഹിഷ്കരണഭീഷണിയുമായി പാകിസ്ഥാന്. ഏഷ്യാകപ്പിന് പാകിസ്ഥാന് വേദിയാകുന്നതിനെ ഇന്ത്യ കര്‍ശനമായി എതിര്‍ത്തതോടെയാണ് കഴിഞ്ഞ ദിവസം വേദി മാറ്റാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചത്. പകരം ശ്രീലങ്ക പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം വേദി ശ്രീലങ്കയിലേക്ക് മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് വീണ്ടും പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് നിജാം സേഥി രംഗത്തെത്തി. ഏഷ്യാകപ്പിന് മറ്റൊരു വേദി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ സേഥി പാകിസ്ഥാന് അല്ലെങ്കില്‍ യുഎഇ വേദിയാക്കിയാലും സഹകരിക്കാമെന്ന് നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദി യുഎഇയും മറ്റുള്ള മത്സരങ്ങള്‍ പാകിസ്ഥാനിലും എന്നായിരുന്നു പിസിബി മുന്നോട്ടുവച്ച അഭിപ്രായം. അത് അംഗീകരിക്കാനാവില്ലെന്ന് എസിസി നിലപാടെടുത്തതോടെയാണ് യുഎഇയെ വേദിയാക്കിയാലും മതിയെന്ന അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന് ഇന്നലെ രംഗത്തുവന്നത്.
സപ്തംബറില്‍ യുഎഇയില്‍ കനത്ത ചൂടായിരിക്കുമെന്ന ബിസിസിഐയുടെ വാദം പരിഗണിച്ചാണ് എസിസി ഏഷ്യാകപ്പിന് ശ്രീലങ്കയെ പരിഗണിക്കുന്നത്. എന്നാല്‍ ബിസിസിഐ തന്നെ സപ്തംബറില്‍ മുന്‍കാലങ്ങളില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് യുഎഇ വേദിയാക്കിയിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് പിസിബി ഇതിനെ എതിര്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: