ചെന്നൈ: ഒരു വിവാദമന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രി സ്റ്റാലിന് തന്റെ മന്ത്രിസഭയില്‍ ചെറിയ അഴിച്ചുപണി നടത്തി. വിവാദ ക്ഷീരവികസനവകുപ്പ് മന്ത്രി എസ്.എം. നാസറിനെയാണ് ഒഴിവാക്കിയത്.
പക്ഷെ, അണ്ണാമലൈ വോയ്സ് ക്ലിപ്പ് പുറത്ത് വിട്ടതിനെ തുടര്‍ന്ന് വിവാദത്തില്‍ കുടുങ്ങിയ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ മാറ്റിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും സ്റ്റാലിന് അത് ചെയ്തില്ല. അണ്ണാമലൈ നേട്ടമുണ്ടാക്കുമെന്ന് ഭയന്നാണ് പളനിവേല്‍ ത്യാഗരാജനെ മാറ്റാതിരുന്നത് എന്ന് അറിയുന്നു.
നേരത്തെ പ്രതീക്ഷച്ചതുപോലെ തന്നെ പകരം ഈ വകുപ്പിന്റെ മന്ത്രിയായി മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ടി.ആര്. ബാലുവിന്റെ മകന് ടിആര്‍ബി രാജയെ നിയമിച്ചു. മണ്ണാര്‍ഗുണി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ഇദ്ദേഹം.
ഒരു തര്‍ക്കത്തെ തുടര്‍ന്ന് ഒരു ഡിഎംകെ പ്രവര്ത്തകന് നേരെ കല്ലെറിഞ്ഞതോടെയാണ് മന്ത്രി നാസര്‍ വിവാദപുരുഷനായത്. ബിജെപി നേതാവ് അണ്ണാമലൈ ഉള്‍പ്പെടെ ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇത് വൈറലായതോടെ സ്റ്റാലിന് മന്ത്രിയെ നീക്കാതെ മുന്നോട്ട് പോവുക അസാധ്യമായി.
ഡിഎംകെ നേതാക്കള്‍ നടത്തിയ കോടികളുടെ അഴിമതിയെക്കുറിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സില്‍ തട്ടി സ്റ്റാലിന് സര്‍ക്കാര്‍ അസ്വസ്ഥതയിലാണ്. മാധ്യമങ്ങളില്‍ മറ്റൊരു വിവാദമന്ത്രിയായ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ മാറ്റിയേക്കുമെന്ന് നേരത്തെ വാര്‍ത്ത വന്നതിനാല്‍ സ്റ്റാലിന് ഈ മാറ്റം തല്ക്കാലം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. അങ്ങിനെ ചെയ്താല്‍ അണ്ണാമലൈ നേട്ടമുണ്ടാക്കിയേക്കുമെന്ന കണക്കുകൂട്ടലിലാണ് പളനിവേല്‍ ത്യാഗരാജനെ മാറ്റേണ്ടെന്ന് സ്റ്റാലിന് തീരുമാനിച്ചിരിക്കുന്നത്.
ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് സ്റ്റാലിന് കുടുംബാംഗങ്ങളുടെ അഴിമതിയെക്കുറിച്ച് വിമര്‍ശിക്കുന്ന വോയ്സ് ക്ലിപ്പ് അണ്ണാമലൈ പുറത്തുവിട്ടതാണ് പളനിവേല്‍ ത്യാഗരാജന് പ്രശ്നമായത്. സ്റ്റാലിന്റെ മകനും മരുമകനും ചേര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 30,000 കോടി നേടിയെന്നും ഇത് എവിടെ ഒളിപ്പിച്ചുവെയ്ക്കുമെന്നതാണ് ഇവരുടെ പ്രശ്നമെന്നും പളനിവേല്‍ ത്യാഗരാജന് പറയുന്നതായാണ് ആ വോയ്സ് ക്ലിപ്പ്. ഇത് സ്റ്റാലിനും പളനിവേല്‍ ത്യാഗരാജനും ആദ്യം നിഷേധിച്ചെങ്കിലും പളനിവേല്‍ ത്യാഗരാജനെതിരെ ഡിഎംകെയില്‍ ഒരു വിഭാഗം തിരിഞ്ഞിരിക്കുകയാണ്.
മൂലധനം ആകര്‍ഷിക്കാനായി മെയ് 23ന് സിംഗപ്പൂര്‍, ജപ്പാന് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് സ്റ്റാലിന്. ഈ യാത്ര പുറപ്പെടും മുന്‍പ് മന്ത്രിസഭാ അഴിച്ചുപണി നടത്തിയേക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. അതനുസരിച്ചാണ് ഒരു മന്ത്രിയെ മാറ്റിയതായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: