തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെയും ആരോഗ്യ മന്ത്രിക്കെതിരെയും രൂക്ഷമായി വിമർശിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും വരിഞ്ഞുമുറുക്കുന്ന കേരളത്തെ നിയന്ത്രിക്കുവാൻ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സുധാകരൻ ഇത്രയേറെ പരാജയപ്പെട്ടിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുന്ന പിണറായി വിജയന്റെ തൊലിക്കട്ടി കാണ്ടാമൃഗത്തിന് പോലും ഉണ്ടാകില്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
‘സുരക്ഷിതമായി ജോലി ചെയ്യാൻ പോലുമുള്ള സാഹചര്യം സംസ്ഥാന സർക്കാർ ഇല്ലാതാക്കിയിരിക്കുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് ആ പെൺകുട്ടിക്ക് കുത്തേറ്റത്. വന്ദനയ്ക്ക് “അക്രമത്തെ തടയാനുള്ള എക്സ്പീരിയൻസ് ” ഇല്ല എന്ന് സംസ്ഥാനത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചതായി മാധ്യമങ്ങൾ പറയുന്നു. അത് ശരിയെങ്കിൽ അത്തരം വിവരക്കേടുകൾക്ക് രാഷ്ട്രീയ കേരളം ആരോഗ്യമന്ത്രിക്ക് ഉചിതമായ മറുപടി കൊടുക്കണം,’ സുധാകരൻ കൂട്ടിച്ചേർത്തു.
അധ്യാപകരിലേക്ക് വരെ ലഹരി മാഫിയ പടർന്നു കയറിയിരിക്കുന്നു എന്ന സത്യം ആശങ്കാജനകമാണെന്നും സുധാകരൻ പറഞ്ഞു. ലഹരി -ഗുണ്ടാ സംഘങ്ങളെ വളർത്തിയതിൽ സിപിഐഎമ്മിനും പിണറായി വിജയന്റെ ഭരണത്തിനുമുള്ള പങ്ക് കണ്ടില്ലെന്ന് നടിക്കരുത്. ‘യുഡിഎഫ് ഭരണകാലത്ത് അടിച്ചമർത്തപ്പെട്ടിരുന്ന ഗുണ്ടാ സംഘങ്ങളാണ് പിണറായി വിജയന്റെ ഭരണത്തിലൂടെ കേരളത്തിൽ വീണ്ടും അഴിഞ്ഞാടുന്നത്. സ്ത്രീ സുരക്ഷയെന്നു മൈക്ക് കിട്ടുമ്പോൾ തള്ളി മറിച്ചാൽ മാത്രം പോരാ വിജയൻ, അതിനുവേണ്ടി പ്രവർത്തിക്കുകയും വേണം. ആരും എവിടെ വെച്ചും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും പെരുകുന്നു. ഒട്ടുമിക്ക അക്രമങ്ങളിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്,’ സുധാകരൻ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മനസ്സ് മരവിപ്പിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും മുന്നിലേക്ക് വരുന്നത്. താനൂരിൽ സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ 22 ജീവനുകൾ കവർന്നെടുത്തതിന്റെ ആഘാതം ഇതുവരെ മാറിയിട്ടില്ല. ഇപ്പോൾ ഇതാ 23 വയസ്സ് മാത്രം പ്രായമുള്ള ഒരു വനിതാ ഡോക്ടർ ആശുപത്രിയിൽ രോഗിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു.
കേരളം എങ്ങോട്ടാണ് പോകുന്നത് ? ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും കേരളത്തെ വരിഞ്ഞുമുറുക്കുകയാണ് .ഇവരെ നിയന്ത്രിക്കുവാൻ കഴിയാതെ വെറുമൊരു നോക്കുകുത്തിയായി ഏഴു വർഷങ്ങളായി ആഭ്യന്തര മന്ത്രിക്കസേരയിൽ പിണറായി വിജയൻ ഇരിക്കുന്നു.
ഈ കുറ്റകൃത്യത്തിലെ പ്രതി സാധാരണക്കാരനല്ല. അയാൾ ഒരു അദ്ധ്യാപകൻ കൂടിയാണ് .നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നവരിലേക്ക് വരെ ലഹരി മാഫിയ പടർന്നു കയറിയിരിക്കുന്നു എന്ന സത്യം ആശങ്കാജനകമാണ്. ലഹരി -ഗുണ്ടാ സംഘങ്ങളെ വളർത്തിയതിൽ സിപിഎമ്മിനും പിണറായി വിജയന്റെ ഭരണത്തിനുമുള്ള പങ്ക് കണ്ടില്ലെന്ന് നടിക്കരുത്.
യുഡിഎഫ് ഭരണകാലത്ത് അടിച്ചമർത്തപ്പെട്ടിരുന്ന ഗുണ്ടാ സംഘങ്ങളാണ് പിണറായി വിജയന്റെ ഭരണത്തിലൂടെ കേരളത്തിൽ വീണ്ടും അഴിഞ്ഞാടുന്നത്. സ്ത്രീ സുരക്ഷയെന്നു മൈക്ക് കിട്ടുമ്പോൾ തള്ളി മറിച്ചാൽ മാത്രം പോരാ വിജയൻ , അതിനുവേണ്ടി പ്രവർത്തിക്കുകയും വേണം.
ആരും എവിടെ വെച്ചും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും പെരുകുന്നു .ഒട്ടുമിക്ക അക്രമങ്ങളിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.സംസ്ഥാനത്തുടനീളം ലഹരി മരുന്നു വ്യാപാരത്തിൽ സിപിഎമ്മിന്റെ പ്രവർത്തകരും നേതാക്കളും പിടിക്കപ്പെടുന്നുണ്ട്.
സുരക്ഷിതമായി ജോലി ചെയ്യാൻ പോലുമുള്ള സാഹചര്യം സംസ്ഥാന സർക്കാർ ഇല്ലാതാക്കിയിരിക്കുന്നു.ഇത്രയേറെ പരാജയപ്പെട്ടിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുന്ന പിണറായി വിജയന്റെ തൊലിക്കട്ടി കാണ്ടാമൃഗത്തിന് പോലും ഉണ്ടാകില്ല.
അച്ഛനമ്മമാരുടെ ഏക മകളാണ് കൊല്ലപ്പെട്ട വന്ദന ദാസ്. പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് ആ പെൺകുട്ടിക്ക് കുത്തേറ്റത്.വന്ദനയ്ക്ക് “അക്രമത്തെ തടയാനുള്ള എക്സ്പീരിയൻസ് ” ഇല്ല എന്ന് സംസ്ഥാനത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചതായി മാധ്യമങ്ങൾ പറയുന്നു.അത് ശരിയെങ്കിൽ അത്തരം വിവരക്കേടുകൾക്ക് രാഷ്ട്രീയ കേരളം ആരോഗ്യമന്ത്രിക്ക് ഉചിതമായ മറുപടി കൊടുക്കണം.
അടിമുടി പരാജയപ്പെടുന്ന ആഭ്യന്തര മന്ത്രിയെ ന്യായീകരിക്കാൻ നിൽക്കാതെ എത്രയും പെട്ടെന്ന് തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള രാഷ്ട്രീയ മാന്യത സിപിഎമ്മിന്റെ ദേശീയ നേതൃത്വം കാണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: