ഇസ്ലാമബാദ് : പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ അറസ്റ്റിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ഇംറാന്റെ പാര്‍ട്ടിയായ തെഹ രീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര് കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സമാനമായ അക്രമങ്ങളില്‍ ഇസ്ലാമാബാദ്,കറാച്ചി, പെഷവാര്‍, റാവല്‍പിണ്ടി, ലാഹോര്‍, എന്നിവിടങ്ങളില്‍ ഏകദേശം 15 പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമാബാദില് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയും ലാഹോറിലെ ഒരു ഉന്നത സൈനിക കമാന്‍ഡറുടെ വസതിയും ഇമ്രാന് ഖാന്റെ അനുയായികള്‍ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തു. റാവല്‍പിണ്ടി പട്ടണത്തിലെ പാക് സൈനിക ആസ്ഥാനത്തെ പ്രധാന ഗേറ്റും പ്രതിഷേധക്കാര്‍ തകര്‍ത്തു.
അതേസമയം, പാകിസ്ഥാനിലെ രാഷ്ട്രീയ അശാന്തി ചൂണ്ടിക്കാട്ടി പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസ് എംബസി പാകിസ്ഥാനിലെ തങ്ങളുടെ പൗരന്മാര്ക്ക് യാത്രാ മുന്നറിയിപ്പ് നല്കി. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പാകിസ്ഥാനില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ പൗരന്മാര്ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: