തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ യുവ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാനത്തെ നിയമ സംവിധാനങ്ങള്‍ പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പോലീസ് സംവിധാനം പരാജയപ്പെട്ടുവെന്നും ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ പോലീസ് കൂടെയുണ്ടാവേണ്ടതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
സംസ്ഥാന ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി. ജനങ്ങള്‍ എങ്ങനെ പുറത്തിറങ്ങും. സംസ്ഥാനത്തെ നിയമസംവിധാനങ്ങള്‍ പരാജയപ്പെട്ടു. ആരോഗ്യമന്ത്രി ഗീര്‍വാണം വിടുകയാണെന്നും മുഖ്യമന്ത്രി മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സംഭവിച്ച ഡോക്ടറുടെ അരുംകൊല ഞെട്ടിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും പ്രതികരിച്ചു. സുരക്ഷ സംബന്ധിച്ച് കേരളത്തിലെ ഡോക്ടര്‍മാര്‍ ഉയര്‍ത്തിയിരുന്ന ആശങ്ക പൂര്‍ണ്ണമായും ശരിയാണെന്ന് തെളിയിക്കുന്നതാണ് ഡോ. വന്ദനയുടെ കൊലപാതകം. സ്ത്രീ സമത്വം, കേരള മോഡല്‍, പ്രബുദ്ധ കേരളം എന്നെല്ലാം പാര്‍ട്ടി സ്റ്റഡി ക്ലാസുകളിലും സമൂഹമാദ്ധ്യമങ്ങളിലും ആവര്‍ത്തിച്ചാല്‍ പോരെന്നും ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാകണം. ഡോ. വന്ദനയുടെ വേര്‍പാടില്‍ കുടുംബത്തിന് ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു.
ആരോഗ്യവകുപ്പിന് കപ്പിത്താന് ഇല്ല എന്ന് ഒരിക്കല്‍ കൂടി വ്യക്തമായെന്നും കഴിഞ്ഞവര്‍ഷം കേരളത്തില്‍ 137 അതിക്രമങ്ങളാണ് ഡോക്ടര്‍മാര്‍ക്കെതിരെ മാത്രം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതിക്രമങ്ങളില്‍ അധികവും ഇരയാകുന്നത് വനിത ഡോക്ടര്‍മാരാണ് എന്നതാണ് കൂടുതല്‍ അപമാനകരമെന്നും വി. മുരളീധരനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: