തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വ്യവസായമന്ത്രിയുടെ ഓഫീസിലെ തീപ്പിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് ആവശ്യപ്പെട്ടു. എഐ ക്യാമറ വിവാദത്തില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വ്യവസായ മന്ത്രിയുടെ ഓഫീസിലെ തീപ്പിടിത്തം യാദൃച്ഛികമല്ല. ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ആസൂത്രിതമായി നടന്ന തീപ്പിടിത്തം.
കെല്‍ട്രോണില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് തീ പിടിച്ചത്. ക്യാമറ വിവാദത്തിലെ കരാര്‍ നടപടിക്രമങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അടിയന്തരമായി മാറ്റി. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയപ്പോഴും സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം ഉണ്ടായി. വ്യക്തമായ ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. മുഖ്യമന്ത്രി അവതാരങ്ങളെക്കുറിച്ച് പറയാറുണ്ട്. എഐ ക്യാമറയുമായി ബന്ധപ്പെട്ട അവതാരം ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കരാറുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുത്ത പ്രകാശ്ബാബു ആരെന്ന് മുഖ്യമന്ത്രി പറയണം.
മാധ്യമപ്രവര്‍ത്തകരെ തീപ്പിടിച്ച സ്ഥലത്തേക്ക് കടത്തിവിടാത്തത് യാഥാര്‍ഥ്യം തിരിച്ചറിയുമെന്നതിനാലാണ്. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ ഭീഷണിപ്പെടുത്തി കേസ് എടുക്കുകയാണ്. ശിവശങ്കറിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇപ്പോള്‍ എന്തു പറയുന്നുവെന്നും ജോര്‍ജ് കുര്യന് ചോദിച്ചു.
ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഓഫീസിലുള്ളത് ഇ ഫയലുകളാണെന്നും വ്യവസായമന്ത്രി പി. രാജീവ്. ക്യാമറ വിവാദവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഒന്നും ഓഫീസിലെത്തിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. ക്യാമറ വിവാദം സംബന്ധിച്ചുള്ള അന്വേഷണം പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ചുമതലയൊഴിയുകയെന്ന് മന്ത്രി അറിയിച്ചു. ഉടന്‍ റിപ്പോര്‍ട്ട് കിട്ടുമെന്നാണ് കരുതുന്നത്. കെല്‍ട്രോണിലെ ആദായ നികുതി വകുപ്പ് പരിശോധനയെ കുറിച്ച് അവര്‍ പറയട്ടേയെന്നായിരുന്നു മന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: