തിരുവനന്തപുരം: അഴിമതിയാരോപണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തുമ്പോഴെല്ലാം സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം പതിവാണെന്ന് ആക്ഷേപം. 2020ല്‍ സ്വര്‍ണക്കടത്ത് ആരോപണം കത്തിനില്‍ക്കുന്ന സമയത്തും സെക്രട്ടേറിയറ്റില്‍ തീപിടിച്ചിരുന്നു. അന്ന് പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തിനും കാരണമായി പറയപ്പെട്ടത് ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണ്. ഫാനില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നായിരുന്നു അന്നത്തെ അന്വേഷണ സംഘത്തിന്റെ വിശദീകരണം. ലക്ഷങ്ങള്‍ ചെലവഴിച്ച് ഇലക്ട്രിക്കല്‍ മെയിന്റനന്‍സും നടത്തിയിരുന്നു. എന്നിട്ടും വീണ്ടും തീപ്പിടിത്തമുണ്ടായത് ചര്‍ച്ചയായിട്ടുണ്ട്.
ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ സംശയനിഴലിലാക്കി ഉയര്‍ന്നുവന്നിട്ടുള്ള എഐ ക്യാമറ വിവാദം വിജിലന്‍സ് അന്വേഷിക്കുകയാണ്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് വകുപ്പുതല അന്വേഷണവും നടത്തുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം മുഹമ്മദ് ഹനീഷിനെ ആദ്യം റവന്യു വകുപ്പിലേക്കും തുടര്‍ന്ന് ആരോഗ്യ വകുപ്പിലേക്കും സ്ഥലംമാറ്റിയത്. തൊട്ടുപിന്നാലെ തീപ്പിടിത്തമുണ്ടായതില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
എഐ ക്യാമറ സ്ഥാപിക്കലുമായി ബന്ധപ്പെട്ടുയര്‍ന്നിട്ടുള്ള ആരോപണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി വി. മുരളീധരന് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ ക്യാമറ സ്ഥാപിക്കുന്നതിന് കരാറെടുത്തിരുന്ന കെല്‍ട്രോണില്‍ ആദായനികുതി വിഭാഗം റെയ്ഡ് നടത്തുകയും ചെയ്തു. തൊട്ടടുത്തദിവസം ജീവനക്കാരെത്തുന്നതിനു മുമ്പാണ് സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: