ആലപ്പുഴ: രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് സാമൂഹ്യപ്രവര്‍ത്തനമായി മാറണമെന്ന് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് പറഞ്ഞെു. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിന് അതീതമായ മനുഷ്യരുടെ സൗഹൃദം വേണമെന്ന ഉറച്ച നിലപാടുള്ളയാളാണ് ശ്രീധരന് പിള്ളയെന്നും അദ്ദേഹത്തിന്റെ ജീവിതവും, രചനകളും ഈ സന്ദേശം ഉയര്‍ത്തിക്കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീധരന് പിള്ള രചിച്ച ‘ദി മാര്‍ച്ച്, മൈ പ്രൗഡ് മൊമന്റ്സ് ഇന്‍ ഗോവ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനമാണ് നടന്നത്. ബിഎംഎസ് മുതിര്‍ന്ന നേതാവ് അഡ്വ. സി.കെ. സജി നാരായാണന്, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റു വാങ്ങി. ഇതോടെ ശ്രീധരന് പിള്ള രചിച്ച 197 പുസ്തകങ്ങളുടെ പ്രകാശനമാണ് പൂര്‍ത്തിയായത്.
കവി മധുസൂദനന് നായര്‍ അധ്യക്ഷനായി. അക്ഷരങ്ങള്‍ക്ക് വര്ണമില്ലെങ്കിലും എല്ലാവര്ക്കും വര്‍ണാനുഭവം പകര്‍ന്നു നല്‍കും. സരസ്വതി ഏകാനുഭവം നല്‍കുന്നതാണ്. ഇത്രയും സാരസ്വതമുള്ള നാട് ഭാരതമല്ലാതെ മറ്റൊന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മുതര്‍ന്ന നേതാവ് കെ. രാമന്‍പിള്ള, സംസ്ഥാന സെക്രട്ടറി ജെ.ആര്. പത്മകുമാര്‍, സംഘാടക സമിതി ചെയര്മാന് കെ. സോമന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ശ്രീധരന് പിള്ള മറുപടി പ്രഭാഷണം നടത്തി. വിമര്‍ശകരാണ് വഴികാട്ടികള്‍ എന്ന് അടല്‍ ബിഹാരി വാജ്പേയിയുടെ വാക്കുകളാണ് തനിക്ക് എന്നും പ്രചോദനം. ഒന്നും മോഹിക്കാതെ സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി ജിവിതം സമര്‍പ്പിച്ച ആലപ്പുഴക്കാരായ പി. പരമേശ്വരനെ പോലുള്ളവരാണ് മാതൃക. ആര്‍എസ്എസ് ശാഖകളിലൂടെയും, സംഘടനാ പ്രവര്‍ത്തനങ്ങളൂടെയും ലഭിച്ച മൂല്യങ്ങള്‍ കൈവിടാതെയാണ് തന്റെ പ്രവര്‍ത്തിയും രചനകളുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുന്നൂറാമത്തെ പുസ്തകത്തിന്റെ പ്രകാശനവും ഒരു മാസത്തിനകം ഉണ്ടാകും. നാലു പുസ്തകങ്ങള്‍ അച്ചടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി കണ്‍വീനര്‍ എം.വി. ഗോപകുമാര്‍ സ്വാഗതവും, വിമല്‍ രവീന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: