മാരാരിക്കുളം: മലപ്പുറം താനൂര്‍ ബോട്ടപകടത്തിന്റെ പശ്ച്ചാത്തലത്തില്‍ മാരാരിക്കുളം ബീച്ചിലെ ബോട്ടിങ്ങും സാഹസിക വിനോദങ്ങളും ആശങ്ക സൃഷ്ടിക്കുന്നു. മാരാരിക്കുളത്തെ കടലും തീരവും എറണാകുളത്തെ ടൂറിസം കമ്പനിക്ക് ഡിടിപിസി പാട്ടത്തിന് നല്കിയതും വിവാദമായി. 3.60 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും, പാട്ടവും നിശ്ചയിച്ചാണ് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയത്. ഇത്തരത്തില്‍ കടലും, തീരവും പാട്ടത്തിന് നല്കാന് ഡിടിപിസിക്ക് അധികാരം ഇല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
അന്താരാഷ്ട്ര തലത്തില്‍ സമുദ്രങ്ങളില്‍ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ബോട്ടിങ്ങ് നടത്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങള്‍ ഇവിടെ പാലിച്ചിട്ടില്ല. കരയില്‍ ആധുനിക സജ്ജീകരണങ്ങള്‍ ഘടിപ്പിച്ച ആംബുലന്‍സ്, സ്കൂബ ഡൈവേഴ്സ്, സുരക്ഷിതമായി ഇറങ്ങാനും കയറാനും വിധത്തില്‍ ഹാര്‍ബര്‍ സംവിധാനത്തോടു കൂടിയ ബോട്ട് ജെട്ടികള്‍ എന്നീ സൗകര്യങ്ങള്‍ ഇല്ലാതിരിക്കെ മാരാരി ബീച്ചിലെ കടലില്‍ ബോട്ടിങ്ങ് നടത്തുന്നത് അപകടമാണ്. കടലില്‍ ബോട്ടിങ്ങ് നടത്തുന്നത് മാരാരി ബീച്ചില്‍ പ്രായോഗികമല്ല.
ധാരാളം മത്സ്യത്തൊഴിലാളികള്‍ ഉപജീവനത്തിനായി പൊന്ത് വള്ളങ്ങളില്‍ വല നീട്ടുന്ന ഇടമാണ് ഇവിടം. ഹൈപവര്‍ എന്‍ഞ്ചിന്‍ ഘടിപ്പിച്ച വാട്ടര്‍ സ്കൂട്ടറുകള് തീരക്ക ടലില്‍ തലങ്ങും വിലങ്ങും ഓടുമ്പോ ള്‍ മത്സ്യങ്ങളുടെ പ്രജനനത്തിനും ആവാസ വ്യവസ്ഥയ്ക്കും സര്‍വ്വനാശം വരികയും മത്സ്യ ബന്ധന വലകള്‍ക്ക് കേടുപാടുകള്‍ വരികയും ചെയ്യും. മണ്‍സൂണിന്റെ വരവ് അറിയിച്ച് കടല്‍ ഇപ്പോഴെ പ്രക്ഷുബ്ദമാണ്.
കടലിനെക്കുറിച്ചോ കടലിന്റെ നീരൊഴുക്കിനെക്കുറിച്ചോ കാറ്റിന്റെ ഗതിയോക്കുറിച്ചോ അറിവില്ലാത്തവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സാഹസിക ടൂറിസവും കടലില്‍ ബോട്ടിങ്ങും നടത്താന്‍ അനുമതി നേടിയിരിക്കുന്നതെന്നാണ് ആക്ഷേപം.
മാരാരിക്കുളം ബീച്ചിലെ ബോട്ടിങ്ങും സാഹസിക വിനോദങ്ങളും അടിയന്തരമായി നിരോധിക്കണമെന്ന് മാരാരി ബീച്ച് ഹോംസ്റ്റേയ്സ്, ഹോട്ടല്‍സ് & റിസോര്‍ട്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ടൂറീസം, ഫിഷറീസ് മന്ത്രിമാര്‍ക്കും, ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്ന് അസോസിയേഷന് സെക്രട്ടറി ഇ.വി.രാജു ഈരേശ്ശേരില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: