തിരുവനന്തപുരം: വിവാദ ക്യാമറ ഇടപാട് അന്വേഷിക്കുന്ന വ്യവസായ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ മാറ്റി ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക്യാമറ ഇടപാട് അന്വേഷിക്കുന്ന മുഹമ്മദ് ഹനീഷിനെ റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ച് മിനിട്ടുകള്‍ക്കകം നിയമനം റദ്ദാക്കി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. സുമന് ബില്ലയാണ് പുതിയ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് വകുപ്പില്‍ ഔദ്യോഗിക ഭാഷയുടെ അധിക ചുമതല കൂടി നല്കി. ഡോ. എ. ജയതിലകാണ് എക്സൈസ്, നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിന്റെയും എസ്സി, എസ്ടി വകുപ്പിന്റെയും അധിക ചുമതല നല്കി.
ഡോ. ഷര്‍മ്മിള മേരിജോസഫിന് തദ്ദേശ വകുപ്പിന്റെ ചുമതലയോടൊപ്പം സാമൂഹിക നീതി വകുപ്പിന്റെ അധിക ചുമതല കൂടി നല്കി. റാണി ജോര്‍ജിനെ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി. വനിതാശിശു വികസന വകുപ്പിന്റെ അധികചുമതലയും നല്കി. മിനി ആന്റണിയെസഹകരണ വകുപ്പ്, ന്യൂനപക്ഷ വകുപ്പ് സെക്രട്ടറിയായും ഡോ.രത്തന്‍ യു. കേല്‍ക്കര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ സെക്രട്ടറി സ്ഥാനവും ആരോഗ്യ സര്‍വകലാശാലയുടെ സെക്രട്ടറി സ്ഥാനവും കൂടി നോക്കും. അജിത്കുമാറിന് കയര്‍, കശുവണ്ടി, കൈത്തറി എന്നിവയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്കി. കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ആണ് വാട്ടര്‍ അതോറിറ്റി എംഡി. ഇമ്പശേഖറാണ് കാസര്‍കോട് കളക്ടര്‍. അരുണ്‍ കെ. വിജയനെ നഗരാസൂത്രണ വിഭാഗത്തിലെ ഡയറക്ടറായും നിയമിച്ചു. ആര്. മേഘശ്രീയാണ് രജിസ്ട്രേഷന് വകുപ്പ് ഐജി. അരുണ്‍ കെ. വിജയന് എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറായി. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ സിഇഒയുടെ അധിക ചുമതലയും വഹിക്കും.
അന്വേഷണം പൂര്‍ത്തിയാക്കും മുമ്പേ സ്ഥാനചലനം
കോടികളുടെ തിരിമറി നടന്നെന്ന് ആരോപണം ഉയര്‍ന്ന ക്യാമറ ഇടപാട് അന്വേഷണം പൂര്‍ത്തിയാക്കും മുമ്പ് വ്യവസായ സെക്രട്ടറിക്ക് സ്ഥാനചലനം. എഐ ക്യാമറകള്‍ സ്ഥാപിക്കുന്ന കരാര്‍ വിവാദത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കെല്‍ട്രോണില്‍ എത്തി കരാര്‍ നല്കിയ ഫയലുകളില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കരാര്‍ ഏറ്റെടുത്ത കമ്പനികളുടെ തെളിവെടുപ്പ് നടത്താനിരിക്കെയാണ് മുഹമ്മദ് ഹനീഷിന്റെ സ്ഥാനചലനം. ക്യാമറ ഇടപാടില്‍ വ്യവസായ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് പ്രതികൂലമായാല്‍ പ്രതിസന്ധിയിലാകും. ഇതുവരെയുള്ള റിപ്പോര്‍ട്ട് നല്‍കാനാണ് മുഹമ്മദ് ഹനീഷിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: