തിരുവനന്തപുരം: രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളേക്കാള്‍ വൈറസ് സംബന്ധ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനമായ കേരളത്തില്‍ വൈറോളജി ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍ ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി (ആര്.ജി.സി.ബി) യിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോ ടെക്നോളജിസയന്റിഫിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആക്സസ് ഫോര്‍ ഹാര്‍നെസിംഗ് അക്കാദമിയ യൂണിവേഴ്സിറ്റി റിസര്‍ച്ച് ജോയിന്റ് കൊളാബറേഷന് (ഡി.ബി.ടിസഹജ്) സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബയോ ടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് ഗോഖലേ സന്നിഹിതനായിരുന്നു.
നിപ്പ, കൊവിഡ് തുടങ്ങിയ രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ചൂണ്ടിക്കാട്ടി വൈറല്‍ രോഗങ്ങളുടെ പ്രവേശന കേന്ദ്രമാകാനുള്ള സാധ്യത കേരളത്തിന് കൂടുതലാണെന്ന് ഡോ. വിനോദ്കുമാര്‍ പോള്‍ പറഞ്ഞു. വൈറോളജി ഗവേഷണ മേഖലയിലെ ആര്.ജി.സി.ബിയുടെ സംരംഭങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ആര്‍ജിസിബി ഈ രംഗത്ത് കൂടുതല്‍ പരിപാടികള്‍ അടിയന്തിരമായി രൂപകല്‍പ്പന ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞു. മികവിന്റെ പാത സ്വീകരിക്കാന്‍ ഗവേഷകരെ ഉദ്ബോധിപ്പിച്ച വിനോദ്കുമാര്‍ യുവാക്കളില്‍ നിന്നുള്ള അക്ഷീണമായ കഠിനാധ്വാനവും ഉന്നതനിലവാരത്തിലുള്ള പ്രവര്‍ത്തനവുമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
മാസ് സ്പെക്ട്രോമെട്രി അടിസ്ഥാനമാക്കിയുള്ള പ്രോട്ടിയോമിക്സ്, മെറ്റബോളമിക്സ്, ലിപിഡോമിക്സ് പ്ലാറ്റ് ഫോമുകള്‍ക്കുള്ള സൗകര്യമാണ് ഡി.ബി.ടിസഹജ്. ഒരു ഗവേഷണ ലബോറട്ടറിക്ക് നല്കാന് കഴിയുന്നതിലും ഉന്നത നിലവാരത്തിലുള്ള സേവനവും ഗവേഷണ സംവിധാനത്തിനുള്ള പ്ലാറ്റ് ഫോമും സൃഷ്ടിക്കുക എന്നതാണ് ഡി.ബി.ടിസഹജിന്റെ പ്രാഥമിക ലക്ഷ്യം.
രാജ്യത്തിന്റെ ജൈവ ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്ന് ഡോ. രാജേഷ് ഗോഖലേ പറഞ്ഞു. നിര്‍മ്മിത ബുദ്ധി (എ.ഐ), മെഷീന് ലേണിംഗ് എന്നിവയുടെ വര്‍ധിച്ച ആവശ്യം തിരിച്ചറിയണം. ഡി.ബി.ടി ഒരു ചെറിയ സമൂഹമായതിനാല്‍ മനുഷ്യവിഭവശേഷി വര്‍ധിപ്പിച്ച് വളരേണ്ടതുണ്ട്. ഇതിനായി വിദ്യാര്‍ഥികളുടെയും ഫാക്കല്‍റ്റികളുടെയും എണ്ണം വര്‍ധിപ്പിക്കണം. എല്ലാ ലാബുകളിലുമായി 340 ഓളം കഴിവുറ്റ ശാസ്ത്രജ്ഞര്‍ ഡി.ബി.ടിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവേഷണ മേഖലയില്‍ സമഗ്ര പദ്ധതികള്‍ ആവിഷ്കരിക്കാനും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ആര്.ജി.സി.ബി തയ്യാറെടുക്കുന്നതായി ആര്.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ആര്.ജി.സി.ബി സീനിയര്‍ സയന്റിസ്റ്റ് ഡോ. ടി.ആര്. സന്തോഷ് കുമാര്‍ സ്ഥാപനത്തിന്റെ കാന്‍സര്‍ ഗവേഷണ പരിപാടികളെക്കുറിച്ച് അവതരണം നടത്തി. ആര്.ജി.സി.ബി ശാസ്ത്രജ്ഞ ഡോ. ദേവസേന അനന്തരാമന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: