കൊല്ലം: എഴുത്തു പരീക്ഷയും കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും വിജയിച്ച് കെഎപി 5 ഇടുക്കി ബറ്റാലിയന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം കാത്തുനില്ക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിരാശയില്‍. 2019ലെ 530/2019 കാറ്റഗറി നമ്പര്‍ പ്രകാരം പരീക്ഷയെഴുതി വിജയിച്ച ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടക്കുന്നില്ല. പോലീസ് ജോലി എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍.
എഴുത്തു പരീക്ഷ രണ്ട് ഘട്ടമാക്കി, പുതിയ പിഎസ്സി പരിഷ്ക്കാരം നിലവില്‍ വരുമ്പോള്‍ ഒഴിവിന് ആനുപാതികമായി മാത്രമേ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് പിഎസ്സി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയിന്‍ ലിസ്റ്റില്‍ 1282 ഉദ്യോഗാര്‍ഥികളും സപ്ലിമെന്ററി ലിസ്റ്റില്‍ 308 ഉദ്യോഗാര്‍ഥികളും ഉള്‍പ്പെടെ ആകെ 1590 പേരാണ് ലിസ്റ്റിലുള്ളത്. എന്നാല്‍, 2019 വിജ്ഞാപനം വന്ന ഈ തസ്തികയിലെ ഏഴ് ബറ്റാലിയനില്‍, കെഎപി 5 ഇടുക്കി ബറ്റാലിയനില്‍ മാത്രം ഇതുവരെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. 2023 ഏപ്രില്‍ 13ന് നിലവില്‍ വന്ന ലിസ്റ്റ് 2024 എപ്രില്‍ 12ന് അവസാനിക്കും. മറ്റ് എല്ലാ ബറ്റാലിയനിലും ഫ്രഷ് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കെഎപി 5 ല്‍ മാത്രം കാര്യമായി ഒഴിവുകളില്ല.
കോട്ടയം, ഇടുക്കി ഉള്‍പ്പെടുന്ന ഇടുക്കി ബറ്റാലിയനില്‍ ആവശ്യത്തിന് പോലീസ് ഓഫീസര്‍മാര്‍ ഇല്ലാത്തത് പല സ്റ്റേഷന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പോലീസുകാരുടെ കുറവ് കാരണം ജോലിഭാരവും കൂടുതലാണ്. കഴിഞ്ഞ റാങ്ക് ലിസ്റ്റ് തീര്‍ന്നിട്ട് മൂന്ന് വര്‍ഷം പിന്നീടുന്നു. ഡിപ്പാര്‍ട്ട്മെന്റില്‍ നിരവധി ഒഴിവുകള്‍ ഉണ്ടെങ്കിലും അത് കൃത്യമായി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.
നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം തുടങ്ങുന്നതിന് മുമ്പ് തന്നെ പുതിയ പോലീസിന്റെ വിജ്ഞാപനം പിഎസ്സി വിളിച്ച് അതിന്റെ പരീക്ഷാ പ്രഖ്യാപിച്ചു. പ്രീലിമിനറി, മെയിന്‍ ഇങ്ങനെ രണ്ട് പരീക്ഷ എന്നത് പുതിയ വിജ്ഞാപനത്തില്‍ ഒരെണ്ണമായി ചുരുക്കി. രണ്ട് പരീക്ഷ പാസായി ശാരീരിക ക്ഷമത പരീക്ഷയും പാസായി വന്ന ഏകദേശം എല്ലാ ബറ്റാലിയനില്‍ നിന്നുമുള്ള പതിമൂവായിരത്തോളം ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിന്റെ നിലപാടില്‍ ആശങ്കയിലാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരും 26 വയസ് കഴിഞ്ഞതിനാല്‍ ഇനി പോലീസ് ജോലി എന്നത് ഇവര്‍ക്ക് സ്വപ്നമായി അവശേഷിക്കുമോ എന്നാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: