കൊച്ചി: താനൂരില്‍ അപകടത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി നാസറിന്റെ വാഹനം കൊച്ചിയിൽ പിടിയിൽ. വാഹനത്തിലുണ്ടായിരുന്ന നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അപകടം നടന്നയുടന്‍ നാസർ ഒളിവില്‍ പോവുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
നാസറിന്റെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. വാഹനപരിശോധനക്കിടെ പാലാരിവട്ടം പോലീസാണ് ഇവരെ പിടികൂടിയത്. അപകടത്തില്‍ ബോട്ടുടമക്കെതിരെ പോലീസ് നരഹത്യയ്‌ക്ക് കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളില്‍ ആളുകളുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നാസർ എറണാകുളത്തെ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയേക്കുമെന്നാണ് പോലീസിന്റെ നിഗമനം.
നാസര്‍ വീട്ടിലില്ലെന്നാണ് വിവരം. ഒരുപാട് കാലം വിദേശത്തായിരുന്ന നാസര്‍ നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷമാണ് ബോട്ട് സര്‍വീസ് തുടങ്ങിയത്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് പൊന്നാനിയിലെ ലൈസന്‍സ് ഇല്ലാത്ത യാര്‍ഡില്‍ വെച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട്ട് സര്‍വേ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: