ദുബായ്: നിരനിരയായി ഇരുന്ന കുട്ടികൾക്ക് മുൻപിൽ സാഹിത്യാനുഭവങ്ങൾ പങ്കുവച്ച് ഭാരതത്തിന്റെ പ്രിയ എഴുത്തുകാരി സുധ മൂർത്തി. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന14-ാമത് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽ പ്രഭാഷണത്തിനായിട്ടെത്തിയതായിരുന്നു അവർ. ഭാരതം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരി, അധ്യാപിക, ചിന്തക ഇതിലുപരി ഭാരത് ഭൂഷൺ നൽകി രാജ്യം ആദരിച്ച സുധ മൂർത്തിയുടെ സാന്നിധ്യം അക്ഷരാർത്ഥത്തിൽ ഫെസ്റ്റിവലിന് നിറചാർത്തായി മാറി. തന്റെ മുൻപിലിരിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് സദസ്യരോട് തന്റെ സർഗാത്മമായ സാഹിത്യ ഭാഷണത്തിലൂടെയും അനുഭവങ്ങളിലൂടെയും അവർ സംവദിച്ചു.
ഫെസ്റ്റിവലിൽ അവർക്കായി ഒരുക്കിയ “ടേയ്ൽസ് ഓഫ് ഗ്രാൻഡ്മാ” (മുത്തശ്ശിയുടെ കഥകൾ) എന്ന വേദിയിലാണ് സുധ മൂർത്തി വാചാലയായത്. ഇംഗ്ലീഷിലും കന്നഡയിലുമായി 44 ഓളം പുസ്തകങ്ങൾ രചിച്ച അവർ വർഷത്തിൽ ഓരോ പുസ്തകം പുറത്തിറക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. ഒരു മുത്തശ്ശിയെ പോലെയാണ് 72 കാരിയായ അവർ കുട്ടികളോട് സംവദിച്ചത്. തന്റെ രചനകളിൽ ഏറെ പ്രിയപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ഒരമ്മയ്‌ക്ക് മക്കളിൽ ഏറ്റവും ഇഷ്ടമുള്ളയാളെ കണ്ടെത്താൻ പ്രയാസകരമാണെന്ന രസകരമായ മറുപടിയാണ് നൽകിയത്.
തന്റെ സാഹിത്യാനുഭവങ്ങളിലുടെ യുവ തലമുറയ്‌ക്ക് ഉപദേശം നൽകാനും അവർ മറന്നില്ല. ജീവിതത്തിൽ തങ്ങൾക്ക് അഭിരുചി തോന്നുന്ന വിനോദങ്ങളിൽ ഏർപ്പെടാൻ കുട്ടികൾ ശ്രമിക്കണം, അത് എന്തുമാകട്ടെ അതിനെ സ്വായത്തമാക്കാൻ പരിശ്രമിക്കണം. പഠനങ്ങൾക്ക് ഭംഗം വരാതെ അത് മുന്നോട്ട് കൊണ്ടുപോകുന്നത് വിദ്യാഭ്യാസത്തിനും നാളെ നിങ്ങളെ നല്ലൊരു വ്യക്തിത്വത്തിന് ഉടമകളാക്കാൻ സഹായകമാക്കുമെന്നും സുധ മൂർത്തി പറഞ്ഞു.
ടെക്നോളജി നിറഞ്ഞ ഈ കാലഘട്ടത്തിൽ ഓഡിയോ പോഡ്കാസ്റ്റ് പോലുള്ള സംവിധാനങ്ങൾ മുഖേന തന്റെ രചനകളെ ജനങ്ങളിലേക്ക് എത്തിക്കാനാകില്ലെയെന്ന ചോദ്യത്തിന് താൻ ഇതുവരെ എല്ലായ്‌പ്പോഴും എഴുതാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്ന മറുപടിയാണ് അവർ നൽകിയത്. അതേസമയം ഓഡിയോ ബുക്ക്സിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും സുധ മൂർത്തി പറഞ്ഞു.
പരിപാടിക്ക് ശേഷം ഷാർജയിലെ തന്നെ ഏറെ പ്രശ്സ്തിയാർജിച്ച സാംസ്കാരിക ഇടമായ “ഹൗസ് ഓഫ് വിസ്ഡം” സുധ മൂർത്തി സന്ദർശിച്ചു. ലൈബ്രറി നിരീക്ഷിക്കുകയും അവിടെ നടത്തപ്പെടുന്ന വിവിധ പരിപാടികളെക്കുറിച്ച് മനസിലാക്കുകയും ചെയ്തു. വിസ്ഡം ഹൗസിൽ നടക്കുന്ന സാഹിത്യ പ്രവർത്തനങ്ങൾ യുഎ ഇയുടെ പുതു തലമുറയ്‌ക്ക് ഗുണകരമാണെന്ന് അവർ പറഞ്ഞു.
യുവ മനസുകളെ വികസിപ്പിക്കാനും വിശാലമാക്കാനും ലക്ഷ്യമിട്ട് ഈ മാസം 3 ന് തുടങ്ങിയ 12 ദിവസത്തെ സാംസ്‌കാരികോത്സവം ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: