ഇംഫാല്‍ : മണിപ്പൂരില്‍ ക്രമസമാധാന നില ക്രമേണ മെച്ചപ്പെടുന്നു. സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കാനുളള ശ്രമത്തിലാണ് സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും. അതിനിടെ, സമാധാനവും സാമുദായിക സൗഹാര്‍ദവും കാത്തുസൂക്ഷിക്കണമെന്ന് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്കെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.മണിപ്പൂരിലെ വിവിധ സമൂഹങ്ങള്‍ വര്‍ഷങ്ങളായി സഹവര്‍ത്തിത്വത്തില്‍ ഒരുമിച്ചു ജീവിക്കുന്നുണ്ട്. അക്രമം നമുക്കിടയില്‍ നാശവും അവിശ്വാസവും മാത്രമേ കൊണ്ടുവരൂവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്ത് കര്‍ഫ്യൂ നിലവിലുണ്ട്. സംസ്ഥാനത്തുടനീളം അവശ്യസാധനങ്ങളുടെ ക്ഷാമം പൊതുജനങ്ങളെ ബാധിച്ചുതുടങ്ങി. ഈ സാഹചര്യത്തില്‍ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ ആളുകളെ അനുവദിക്കുന്നതിനായി മണിപ്പൂര്‍ സര്‍ക്കാര്‍ ഇന്ന് രാവിലെ 7:00 മുതല്‍ 10:00 വരെ കര്‍ഫ്യൂ ഭാഗികമായി ഇളവ് ചെയ്തു. ചുരാചന്ദ്പൂര്‍ ജില്ലയില്‍ ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും വിവിധ സുക്ഷാ ഏജന്‍സികളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയത്.
മെയ്തേയ് സമുദായത്തെ പട്ടിക വര്‍ഗ്ഗത്തില്‍ (എസ്ടി) ഉള്‍പ്പെടുത്താനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഈ മാസം 3ന് ആഹ്വാനം ചെയ്ത ഗോത്ര ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ മണിപ്പൂരിലെ ചില ഭാഗങ്ങളില്‍ അക്രമം നടന്നിരുന്നു.ഓള് ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന് മണിപ്പൂര്‍ ആണ് പ്രതിഷേധ പ്രകടനം നടത്തിയത്. അക്രമങ്ങളെ തുടര്‍ന്ന് കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരെ ഒഴിപ്പിച്ചു. മണിപ്പൂരിലേക്കുളള ട്രെയിനുകളും റദ്ദാക്കി.
സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ഡാറ്റ സേവനങ്ങളും അഞ്ച് ദിവസത്തേക്ക് നിര്‍ത്തി. കേന്ദ്രം സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ മതിയായ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: