തിരുവനന്തപുരം: ദ കേരള സ്റ്റോറി എന്ന സിനിമ റിലീസാവുന്നതിനു മുമ്പേ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സാമുദായിക ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
32000 പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്ന് മതംമാറിയെന്ന് സിനിമയിലുണ്ടെന്നും ഈ സിനിമ ചില മതവിഭാഗങ്ങള്ക്കെതിരാണെന്നുമാണ് ഇവര്‍ പറഞ്ഞുപരത്തിയത്. ഇക്കാര്യങ്ങളൊന്നും സിനിമയിലുള്ളതല്ല. ബോധപൂര്‍വം നുണപ്രചരിപ്പിച്ചത് ഏത് അജണ്ടയുടെ പേരിലാണെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വ്യക്തമാക്കണം. രമേശ് ആവശ്യപ്പെട്ടു.
മതംമാറി ഐഎസിലെത്തിയ പെണ്‍കുട്ടികളുടെ കണക്ക് മുഖ്യമന്ത്രി തന്നെ മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളെല്ലാം ഈ സംഭവങ്ങള്‍ റിപ്പോര്ട്ടുചെയ്തിട്ടുമുണ്ട്. സിനിമയില്‍ വിമര്‍ശിക്കുന്നത് ഐഎസിനെയാണ്. ഐഎസിനെ വിമര്‍ശിച്ചാല്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും മുസ്ലീംലീഗിനും എന്താണ് പ്രശ്നം.
ഐഎസ് എന്ന് പറഞ്ഞാല്‍ മതമാണോ. ഭീകരതയ്ക്കെതിരായ സിനിമയെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതിനു പകരം കള്ളപ്രചരണം നടത്തിയതെന്തിനുവേണ്ടിയായിരുന്നുവെന്ന് രമേശ് ചോദിച്ചു. കേരള സ്റ്റോറി പ്രദര്‍ശനത്തില്‍ നിന്ന് പിന്മാറിയ തിയറ്ററുകള്‍ പുനരാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: