കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ പ്രചാരണ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഒരാഴ്ചയായി തുടരുന്ന പ്രധാനമന്ത്രിയുടെ റാലികളില്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. കര്‍ണ്ണാടകത്തിന്റെ പ്രചാരണ അജണ്ട പ്രഖ്യാപിക്കപ്പെട്ട ഈ റാലികള്‍ മേയ് പത്തിന് നടക്കുന്ന വോട്ടെടുപ്പിനെ വലിയ തോതില്‍ സ്വാധീനിക്കുമെന്നുറപ്പ്. ജാതി, മത സമവാക്യങ്ങള്‍ക്കും രാഷ്ട്രീയ ഭിന്നതകള്‍ക്കും അപ്പുറം വന്‍തോതില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നതു തന്നെ ഇതിന് തെളിവ്. മേയ് 8ന് വരെ തുടരുന്ന മോദി റാലികളില്‍ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. ഇന്നലെ ബെംഗളൂരു നഗരത്തില്‍ നടന്ന 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയോട് കൂടി തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ണ്ണമായും മാറി മറിഞ്ഞതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ നടത്തിയ ഏറ്റവും വലിയ റോഡ് ഷോകളുടെ കൂട്ടത്തിലേക്ക് ഇന്നലെയും ഇന്നുമായി നടക്കുന്ന ബെംഗളൂരു റോഡ് ഷോകള്‍ മാറുമെന്നുറപ്പ്.
ആദ്യഘട്ടത്തില്‍ അമ്പതു കിലോമീറ്റര്‍ നീളുന്ന വമ്പന്‍ റോഡ് ഷോയാണ് ബെംഗളൂരു നഗരത്തില്‍ ബിജെപി നടത്താനൊരുങ്ങിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാലും ജനലക്ഷങ്ങള്‍ തിങ്ങിനിറഞ്ഞാല്‍ നഗരം നിശ്ചലമാവും എന്നതിനാലും റോഡ് ഷോയുടെ ദൂരവും സമയവും ക്രമീകരിക്കുകയാരുന്നു. ബെംഗളൂരുവിലെ 17 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് റോഡ് ഷോ കടന്നുപോകുന്നത്. ബെംഗളൂരു റൂറലിലും അര്ബനിലുമായുള്ള 31 നിയമസഭാ മണ്ഡലങ്ങളില്‍ 15 ഇടത്താണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത്. ഇത്തവണ അത് 25 ഇടത്തേക്ക് എത്തിക്കാനാണ് വമ്പന്‍ റോഡ് ഷോ വഴി മോദി ലക്ഷ്യമിടുന്നത്. ബെംഗളൂരു നഗരത്തിന് സമീപമുള്ള, ബിജെപിക്ക് കഴിഞ്ഞ തവണ നഷ്ടമായ നാലു ജില്ലകളിലെ 15 നിയമസഭാ സീറ്റുകളും മോദിയുടെ റോഡ് ഷോ ലക്ഷ്യമിടുന്നു. ഇന്ന് രാവിലെ പത്തുമണി മുതല്‍ പത്തുകിലോമീറ്റര്‍ രണ്ടാംഘട്ട റോഡ് ഷോയും നടക്കും.
ഇന്ന് നടക്കുന്ന നീറ്റ് പരീക്ഷ കണക്കിലെടുത്താണ് റോഡ് ഷോ രണ്ടു ദിവസമാക്കി മാറ്റിയത്. പ്രധാനമന്ത്രി മോദി തന്നെയാണ് നീറ്റ് പരീക്ഷ ഉള്ളതിനാല്‍ റോഡ് ഷോ രണ്ടു ദിവസമായി നടത്തുമെന്ന് നിര്‍ദ്ദേശിച്ചത്. നീറ്റ് പരീക്ഷയുടെ ദിവസമായ ഇന്ന് റോഡ് ഷോ 10 കിലോമീറ്ററിലേക്ക് ചുരുക്കിയിട്ടുമുണ്ട്. ബെംഗളൂരു നഗരത്തിലെ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് പോലും ബുദ്ധിമുട്ടുണ്ടാവരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്ന് മോദി ബിജെപി സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഏപ്രില്‍ 30 മുതല്‍ ആരംഭിച്ച പ്രധാനമന്ത്രിയുടെ റാലികള്‍ അതുവരെയുള്ള കര്‍ണ്ണാടകയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രീതികളെയും പ്രചാരണ വിഷയങ്ങളെയും പാടേ മാറ്റിമറിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തയ്യാറാക്കിയ അജണ്ടകളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണം ഒറ്റയടിക്കാണ് മാറിയത്. കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളും കോണ്‍ഗ്രസിന്റെ കപട രാഷ്ട്രീയ നിലപാടുകളും പ്രധാനമന്ത്രി തുറന്നുകാട്ടി. മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രചാരണവും പ്രതിപക്ഷത്തിന് തിരിച്ചടിയായി. നെറ്റിയിലെ കുങ്കുമക്കുറി മായിച്ച് മുസ്ലിം ഭൂരിപക്ഷ മേഖലയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ മുതല്‍ ഡി.കെ ശിവകുമാറിന്റെ അഴിമതിയും സിദ്ധരാമയ്യയുടെ വിഭാഗീതയയും എല്ലാം പൊടുന്നനെ ചര്‍ച്ചയായി. അധികാരത്തിലെത്തിയാല്‍ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രിക കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്കി. ഭീകരവാദികള്‍ക്ക് എക്കാലവും സഹായം നല്‍കിയിട്ടുള്ള കോണ്‍ഗ്രസ് ഹനുമാന് ഭക്തരെ നിരോധിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ജയ് ബജ്റംഗ് ബലി എന്ന് വിളിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗങ്ങള്‍ സമാപിച്ചത്. തീരദേശ മേഖലയിലും വടക്കന്‍ കര്‍ണ്ണാടകത്തിലും കോണ്‍ഗ്രസിന്റെ ബജ്റംഗ് ദള്‍ നിരോധന പ്രഖ്യാപനം വലിയ അലയൊലികള്‍ സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്. ദി കേരളാ സ്റ്റോറി എന്ന സിനിമയെ പിന്തുണച്ചും അയല്‍ സംസ്ഥാനത്തെ ഭീകരസാന്നിധ്യത്തിനെതിരെ വിരല്‍ചൂണ്ടിയും പ്രധാനമന്ത്രി മോദി പ്രചാരണം അതിന്റെ തീവ്രതയിലേക്ക് എത്തിക്കുകയാണ്. മറുപടികളില്ലാതെ കോണ്‍ഗ്രസ് വിയര്‍ക്കുന്ന കാഴ്ചയും കര്‍ണ്ണാടകയില്‍ കാണാം. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനെത്തിയ രാഹുല്‍ഗാന്ധി നിലവില്‍ ചിത്രത്തിലെവിടെയുമില്ല. പ്രിയങ്കയും നിറംമങ്ങി. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും നടത്തുന്ന ജാതി, പണ രാഷ്ട്രീയം മാത്രമാണ് കോണ്‍ഗ്രസ് നിയമസഭാ വേളയില്‍ മുന്നോട്ട് വെയ്ക്കുന്നത്.
വിവിധ അഭിപ്രായ സര്‍വ്വേകള്‍ കോണ്‍ഗ്രസിനും ബിജെപിക്കും മാറിമാറി മുന്‍തൂക്കം പ്രവചിച്ചെങ്കിലും ഒരാഴ്ചയായി സ്ഥിതിഗതികള്‍ മാറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണരംഗം പൂര്‍ണ്ണമായും ബിജെപി കയ്യടക്കിയിട്ടുണ്ട്. ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ 26 കിലോമീറ്റര്‍ റോഡ് ഷോയോടെ മറ്റു പാര്‍ട്ടികളെ പിന്നിലാക്കി ബിജെപി മുന്നോട്ട് കുതിക്കുമെന്നാണ് പ്രതീക്ഷ. ജനുവരി മുതല്‍ ഏപ്രില്‍ വരെ പത്തുതവണയാണ് പ്രധാനമന്ത്രി മോദി കര്‍ണ്ണാടകയിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനുമായിരുന്നു മോദിയുടെ സന്ദര്‍ശനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏപ്രില്‍ 30 മുതല്‍ കര്‍ണ്ണാടകത്തില്‍ പ്രധാനമന്ത്രി നടത്തുന്നത് 25 റാലികളാണ്. പകുതിയിലേറെ റാലികള്‍ ഇതിനകം നടന്നുകഴിഞ്ഞു. കന്നഡിഗരുടെ മനസ്സറിയാന്‍ ഇനി നാലു ദിവസങ്ങള്‍ കൂടി മാത്രം. അവസാന ദിനങ്ങളിലെ ശക്തമായ പ്രചാരണത്തിലൂടെ വലിയ മുന്നേറ്റം കൈവരിക്കാന്‍ ബിജെപിക്ക് സാധിച്ചതായാണ് സൂചനകളും. ബിജെപി ശക്തി കേന്ദ്രങ്ങള്‍ക്ക് പുറമേ ദക്ഷിണ കന്നഡത്തിലേയും മൈസൂറിലേയും മറ്റുമുള്ള കോണ്‍ഗ്രസ്ജെഡിഎസ് കേന്ദ്രങ്ങളിലേക്കും ബിജെപിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള വമ്പന്‍ പ്രചാരണങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. നാളെ വൈകിട്ടോടെ പരസ്യ പ്രചാരണം സമാപിക്കുകയാണ്. പരമാവധി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന പരിപാടികളോടെ പ്രചാരണം അവസാനിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പരമാവധി ഇറക്കി വന്‍ ആള്‍ക്കൂട്ടത്തെ ബിജെപി പരിപാടികളിലേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം വീടുകള്‍ കയറിയുള്ള അവസാന വട്ട സമ്പര്‍ക്ക പരിപാടികളിലേക്കും പാര്‍ട്ടി കടന്നു. കര്‍ണ്ണാടകയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ പ്രചാരണത്തിനാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: