കൊച്ചി: കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 28ന് തിരുവനന്തപുരം കാര്യവട്ടത്ത് അരങ്ങേറിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിലെ ടിക്കറ്റ് വില്‍പ്പനയില്‍ ക്രമക്കേടെന്ന് ആരോപണം. വില്ക്കാന് അനുമതിയില്ലാത്ത കോംപ്ലിമെന്ററി പാസുകള്‍ വിറ്റ് കെസിഎ ഭാരവാഹികള്‍ അനധികൃതമായി പണം തട്ടിയെന്നാണ് പരാതി. ഇതു ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശികളായ ഗോകുല്‍ വിരാജ്, എം.സി. ദേവാനന്ദന് എന്നിവര്‍ വിജിലന്‍സില്‍ പരാതി നല്കി.
കേരള ക്രിക്കറ്റ് അസോസിയേഷന്, കേനന്നൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളും ഓഫീസ് സെക്രട്ടറിമാരുമാണ് കോംപ്ലിമെന്റി പാസുകള്‍ വിറ്റ് പണം തട്ടിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. 10,000 രൂപ നല്‍കിയാണ് ടിക്കറ്റെടുത്തത്. ഇതിനായി ഗൂഗിള്‍ പേ വഴി പണം നല്‍കിയതിന്റെ രേഖകളും ടിക്കറ്റിന്റെ പകര്‍പ്പുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. വില്‍പ്പനയ്ക്കുള്ളതല്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയ പാസുകളാണ് വിറ്റത്. തങ്ങള്‍ക്കു നല്കിയതു പോലെ ഇത്തരം പാസുകള്‍ വേറെയും വിറ്റിട്ടുണ്ടാകാമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ജനുവരിയിലാണ് വിജിലന്‍സിന് പരാതി നല്‍കിയത്. വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ഏപ്രില്‍ 27ന് സംസ്ഥാന കായിക-യുവജനകാര്യ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. വിജിലന്‍സിനു പുറമെ കേന്ദ്ര, സംസ്ഥാന കായിക മന്ത്രിമാര്‍, ബിസിസിഐ പ്രസിഡന്റ്, സെക്രട്ടറി, ബിസിസിഐ ആന്റി കറപ്ഷന്‍ യൂണിറ്റ് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: