ദോഹ: ദോഹ ഡയമണ്ട് ലീഗിൽ മിന്നും പ്രകടനം കാഴ്ച വെച്ച് ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്ര. ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ ആദ്യത്തെ ശ്രമത്തിൽ തന്നെ 88.67 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണമണിഞ്ഞത്. തന്റെ മികച്ച ദൂരമായ 90 മീറ്ററില്‍ എത്താന്‍ നീരജ് ചോപ്രയ്‌ക്ക് കഴിഞ്ഞില്ല.
ലോക നിലവാരത്തിലുള്ള മത്സരമാണ് ദോഹ ഡയമണ്ട് ലീഗില്‍ നടന്നത്. ലോകചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെയും ടോക്യോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവ് ജാക്കൂബ് വാല്‍ദേചിനെയും തോല്‍പിച്ചാണ് നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയതെന്നത് ഈ വിജയത്തെ മധുരതരമാക്കുന്നു..
മികച്ച ഫോമിലായ ജാക്കൂബ് വാല്‍ദേച് 88.63 മീറ്റര്‍ എറിഞ്ഞാണ് വെള്ളിമെഡല്‍ നേടിയത്. വെള്ളിമെഡല്‍ നേടിയ പീറ്റേഴ്സ് 85.88 മീറ്റര്‍ ദൂരം എറിഞ്ഞു. 2023ല്‍ നീരജ് ചോപ്ര പങ്കെടുക്കുന്ന ആദ്യ അന്താരാഷ്‌ട്രമത്സരമാണിത്.
സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി നരേന്ദ്രമോദി നീരജിന് സ്വര്‍ണ്ണം നേടിക്കൊടുത്ത പ്രകടനത്തിന്റെ വീഡിയോ അടക്കം പങ്കുവെച്ച് അഭിനന്ദിച്ചു. ‘ ഈ വർഷത്തെ ആദ്യ മത്സരം, ഒന്നാം സ്ഥാനം’ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ‘സ്വർണം നേടി ദോഹ ഡയമണ്ട് ലീഗിൽ തിളങ്ങിയ നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനങ്ങൾ. മുന്നോട്ടുള്ള പ്രയത്‌നങ്ങൾക്ക് ആശംസൾ’- പ്രധാനമന്ത്രി എഴുതി.
ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷയും നീരജ് ചോപ്രയെ ട്വിറ്ററില്‍ അഭിനന്ദിച്ചു.
നിരവധി പേരാണ് നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനവുമായെത്തിയത്. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂറും അദ്ദേഹത്തിന്റെ സ്വർണ നേട്ടത്തിന് ആശംസകളുമായെത്തി. 2020ല്‍ ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടുക വഴി അത്ലറ്റിക്സില്‍ ആദ്യമെഡല്‍ നേടിയ താരം എന്ന അപൂര്‍വ്വ നേട്ടം നീരജ് ചോപ്ര സ്വന്തമാക്കിയിരുന്നു. ലോക് അത്ലറ്റിക്സ് ചാമ്പ്യന്‍ ഷിപ്പില്‍ നീരജ് ചോപ്ര വെള്ളി മെഡല്‍ നേടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: