കൊച്ചി: ദ കേരള സ്റ്റോറി എന്ന സിനിമ കേരളത്തിന്റെ സുരക്ഷ തകര്‍ക്കുമെന്നും ഒരു മതവിഭാഗത്തിന് എതിരാണെന്നുമുള്ള വാദം തെറ്റാണെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. ചിത്രം ഭീകരതയ്ക്കെതിരായ ഒന്നാണ്. എങ്ങനെയാണ് ഐഎസ് എന്ന ഭീകര സംഘടനയുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ലോകത്തെങ്ങു നിന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കുന്നതെന്നുമാണ് ഇതില്‍ വിവരിക്കുന്നത്.
എങ്ങനെയാണ് ചെറുപ്പക്കാരെ ഭീകരതയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന സിനിമ ഔദ്യോഗിക ജീവിതത്തില്‍ ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിച്ച മൂന്ന് പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയുള്ളതാണ്. അവരെ തെറ്റായ വഴിയില്‍ എത്തിച്ച് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഇതില്‍ വിവരിക്കുന്നത്., ഹൈക്കോടതി നിര്‍ദേശ പ്രകാരം സെന്‍സര്‍ ബോര്‍ഡിനുവേണ്ടി റീജണല്‍ ഓഫീസര്‍ മഹേഷ് വൈ. പട്ടേല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനുവാണ് സെന്‍സര്‍ ബോര്‍ഡിന്റെ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.
കൃത്യവും സമഗ്രവുമായ പരിശോധനകള്‍ക്കു ശേഷമാണ്, വിദഗ്ധര്‍ ഉള്‍പ്പെട്ട സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് അനുമതി നല്‍കിയത്. ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കഴമ്പില്ല, അതില്‍ പൊതുതാത്പര്യവുമില്ല. പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടുള്ള ഹര്‍ജി തള്ളണം, സെന്‍സര്‍ ബോര്‍ഡ് കോടതിയോട് അഭ്യര്‍ഥിച്ചു. ചില യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണ് സിനിമ. അത്തരം സംഭവങ്ങളെ നാടകീയവല്‍ക്കരിച്ചിരിക്കുകയാണ് ചിത്രത്തില്‍.
കലാകാരന്റെ ആവിഷ്കാര, അഭിപ്രായ സ്വാതന്ത്യം തടയുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിദഗ്ധ അംഗം പറഞ്ഞതനുസരിച്ച് സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. സിനിമ കേരളത്തെ മോശമായി ചിത്രീകരിക്കുന്നില്ല, സുരക്ഷ തകര്‍ക്കുന്നതുമല്ല. ഒരു സമുദായത്തെയും മോശമായി ചിത്രീകരിക്കുന്നില്ല എന്ന് ഉറപ്പാക്കിയിട്ടുമുണ്ട്.
32000 പെണ്‍കുട്ടികളെ മതംമാറ്റി ഭീകരതയിലേക്ക് ആകര്‍ഷിച്ചുവെന്ന് ടീസറില്‍ പറയുന്നത് സംബന്ധിച്ച് സിനിമയില്‍ നേരിട്ട് പരാമര്‍ശവും ഇല്ല. നിരപരാധികളായ സ്ത്രീകളെ എങ്ങനെയാണ് ഭീകരതയിലേക്ക് ആകര്‍ഷിക്കുന്നതെന്നും മതംമാറ്റുന്നതെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അയയ്ക്കുന്നതെന്നും മസ്തിഷ്ക പ്രക്ഷാളനം നടത്തി ഭീകരഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതെന്നും യുദ്ധോപകരണങ്ങളായി മാറ്റുന്നതെന്നുമാണ് വിവരിക്കുന്നത്. കേരളത്തിലുള്ളവരെ മതംമാറ്റി സിറിയയിലേക്ക് അയച്ചതാണ് അതില്‍ പറയുന്നത്.
സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ ഹര്‍ജിക്കാന്‍ പറയുന്നതുപോലെ നിയമവിരുദ്ധമായ ഒന്നും ഉണ്ടായിട്ടില്ല. സെന്‍സര്‍ ബോര്‍ട്ട് സര്‍ട്ടിഫൈ ചെയ്ത സിനിമയ്ക്ക് എതിരായ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് പല കുറി സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുമുണ്ട്, സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: