ചാലക്കുടി: പട്ടാപ്പകല്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് മോഷണം നടത്തി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തമിഴ്‌നാട് തിരുനെല്‍വേലി പനവടലിഛത്രം സ്വദേശി മാടസാമിയുടെ മകന്‍ കുമാറിനെ (40) ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷ് , സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്ദീപ് കെ.എസ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലായി നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ കുമ്മന്‍, കൊമ്പന്‍ എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്ന മോഷ്ടാവാണ്. ഇയാള്‍ക്കെതിരെ വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി നിരവധി പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് വാറണ്ടുകള്‍ നിലവിലുണ്ട്.
രണ്ടായിരമാണ്ട് ജനുവരി പന്ത്രണ്ടാം തീയതി ചാലക്കുടി കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വേണുഗോപാലിന്റെ വീടിന്റെ പിന്‍വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറി ഇരുപതിനായിരം രൂപയും നാലു പവനോളം സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിവരവെ തിരുട്ടുഗ്രാമമെന്ന് കുപ്രസിദ്ധിയാര്‍ജിച്ച പനവടലിഛത്രം സ്വദേശി കുമാറാണ് മോഷ്ടാവെന്ന് കണ്ടെത്തി. നിരവധി മോഷണ കേസുകള്‍ ഉള്ളതിനാല്‍ കുമാര്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ചാലക്കുടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലുമായി നൂറിലേറെ മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ ആക്രി ശേഖരണത്തിന്റെ മറവിലാണ് മോഷണങ്ങള്‍ നടത്തിയിരുന്നത്. അടുത്തയിടെ കോട്ടയത്തും ചങ്ങനാശേരിയിലും തൃക്കൊടിത്താനത്തും നടന്ന മോഷണങ്ങളുടെ പിറകിലും കുമാറാണെന്ന് കണ്ടെത്തിയതാണ് ഇയാളുടെ അറസ്റ്റിലേക്ക് വഴി തുറന്നത്.
ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്ദീപ് കെ.എസ്, എസ് ഐ ഷബീബ് റഹ്മാന്‍, എഎസ്‌ഐ സതീശന്‍ എം.എന്‍ , സീനിയര്‍ സിപിഒമാരായ ജിബി ടി.സി, സലീഷ് കെ.ബി, സതീഷ് ടി.ജെ, സിവില്‍ പോലിസ് ഓഫീസര്‍മാരായ ചഞ്ചല്‍, അനീഷ്, ഡിവെഎസ്പിയുടെ കീഴിലെ ക്രൈംസ്‌ക്വാഡ് അംഗങ്ങള്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ബിജു ഒ.എച്ച് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ഒരു കാലത്ത് തിരുട്ടുഗ്രാമത്തില്‍ നിന്നുമുള്ള മോഷ്ടാക്കള്‍ കേരളത്തിലെത്തി തൃശൂര്‍ കേന്ദ്രീകരിച്ച് തമ്പടിച്ച് ഒട്ടേറെ മോഷണങ്ങള്‍ നടത്തിയിരുന്നു. പല സംഘങ്ങളായി തിരിഞ്ഞ് മോഷ്ടിക്കുന്ന ഇവരെ മോഷണ രീതികളുടെ പ്രത്യേകത വച്ചാണ് തിരിച്ചറിഞ്ഞിരുന്നത്. തമിഴ്‌നാട് പാളയംകോട്ടയില്‍ നടന്ന മോഷണത്തില്‍ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നതിനാല്‍ ഇയാളെ പാളയം കോട്ടൈ അതി സുരക്ഷാ ജയിലിലേയ്‌ക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: