നിരന്തരമായ വിവാദ കോലാഹലങ്ങളെയും തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളെയും അതിജീവിച്ച് ദ കേരള സ്റ്റോറി രാജ്യമെമ്പാടും പ്രദര്‍ശനത്തിനെത്തിയത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും, ആഗോള ഇസ്ലാമിക ഭീകരവാദത്തിനെതിരെ നിലകൊള്ളുന്നവരുടെയും വിജയമാണ്. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മതമൗലികവാദത്തിന്റെ വക്താക്കള്‍ കോടതികള്‍ കയറിയിറങ്ങിയെങ്കിലും ഇക്കൂട്ടരുടെ ഒരാവശ്യവും കോടതി അംഗീകരിച്ചില്ല. സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരമോന്നത നീതിപീഠമായ സുപ്രീംകോടതി നിരസിക്കുക മാത്രമല്ല, ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും തള്ളി. സിനിമക്കെതിരായ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്നും, ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കട്ടെയെന്നും ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസാവട്ടെ കേരള ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. സിനിമക്കെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് സിനിമാ നിര്‍മാണ കമ്പനിക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇത്. സിനിമ കാണാതെ ടീസറിന്റെ മാത്രം അടിസ്ഥാനത്തില്‍ സിനിമയ്ക്കെതിരായ ആരോപണങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞ ഹൈക്കോടതി, കേന്ദ്ര സര്‍ക്കാരിന്റെയും സെന്‍ട്രല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെയും വിശദീകരണം തേടിയിരുന്നു. ഇക്കാര്യത്തില്‍ കോടതിയുടെ ഉത്തരവുണ്ടാകുന്നതിനു മുന്‍പാണ് സിനിമയുടെ പ്രദര്‍ശനം ഏതുവിധേനയും തടയണമെന്ന ലക്ഷ്യവുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചവര്‍ക്ക് തിരിച്ചടി ലഭിച്ചത്.
സിനിമയുടെ ടീസറില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചാണ് ആക്ഷേപമുള്ളതെങ്കില് അത് വളരെ മുന്‍പേ ഉന്നയിക്കാമായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞത് ഹര്‍ജിക്കാരുടെ ദുഷ്ടലാക്ക് തുറന്നുകാട്ടുന്നതായിരുന്നു. ടീസര്‍ പുറത്തുവന്നിട്ട് ഒരു മാസത്തിലേറെയായിരുന്നു. പരാതിപ്പെടാന്‍ വേണ്ടതിലേറെ സമയമുണ്ടായിരുന്നിട്ടും അങ്ങനെ ചെയ്യാതിരുന്നത് പതിനൊന്നാം മണിക്കൂറില്‍ സിനിമയുടെ പ്രദര്‍ശനം തടയുന്നതിനുവേണ്ടിയായിരുന്നുവെന്ന് കോടതി തിരിച്ചറിഞ്ഞു. തന്നെയുമല്ല സിനിമയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പത്തോളം മാറ്റങ്ങളോടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയത് ഹര്‍ജിക്കാരുടെ മുഖംമൂടി വലിച്ചുകീറി. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം നിരസിക്കപ്പെട്ടതോടെ സിനിമയുടെ കഥ സാങ്കല്‍പ്പികമാണെന്ന് എഴുതിക്കാണിക്കണമെന്നായി ഹര്‍ജിക്കാര്‍. ഇങ്ങനെയൊരു നിര്‍ദ്ദേശം പുറപ്പെടുവിക്കാനാവില്ലെന്നും സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. സിനിമയുടെ കഥ യഥാര്‍ത്ഥത്തിലുള്ളതല്ലെന്ന് എഴുതിക്കാണിക്കാനാവില്ലെന്ന് സിനിമയുടെ നിര്‍മാണ കമ്പനിയും നിലപാടെടുത്തു. സിനിമയ്ക്കെതിരായ ഹര്‍ജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതുവച്ച് സിനിമ പ്രദര്‍ശനത്തിനെത്തുന്നതിന് മുന്‍പ് ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയാവട്ടെ അവധിക്കാല ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്ന് പറയുകയായിരുന്നു. ഇതിനെതിരെയും സിനിമാവിരുദ്ധര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
കേരളത്തിന്റെ നിലനില്‍പ്പിനെപ്പോലും അപകടപ്പെടുത്തുന്ന അത്യന്തം ഗുരുതരമായ ഒരു പ്രശ്നത്തെക്കുറിച്ചുള്ള സിനിമയാണ് ദ കേരള സ്റ്റോറി. ഇതിന്റെ പ്രദര്‍ശനം തടയാന്‍ ഒന്നിനു പുറകെ ഒന്നായി ഉന്നയിച്ച ആവശ്യങ്ങളെല്ലാം തന്നെ ഹൈക്കോടതിയും സുപ്രീംകോടതിയും അംഗീകരിക്കാതിരുന്നിട്ടും നിക്ഷിപ്ത ശക്തികള്‍ പിന്മാറിയില്ല എന്നത് വളരെ ഗൗരവത്തില്‍ കാണേണ്ട പ്രശ്നമാണ്. സിനിമ നല്ലതാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും, അഭിനയിച്ച താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും അധ്വാനം കണക്കിലെടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞിട്ടും ഇക്കൂട്ടര്‍ ചെവിക്കൊണ്ടില്ല. കോടതിയുടെ നിര്‍ദ്ദേശങ്ങളെ എങ്ങനെ മറികടക്കാമെന്നാണ് അവര്‍ ആലോചിച്ചത്. കേരളത്തില്‍ വളരെ കുറച്ചു തിയറ്ററുകളില്‍ മാത്രമാണ് ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചത്. പ്രദര്‍ശിപ്പിക്കാമെന്ന് നേരത്തെ സമ്മതിച്ച ചില തിയറ്ററുകള്‍ അവസാനനിമിഷം പിന്മാറുകയും ചെയ്തു. വലിയ തോതിലുള്ള സമ്മര്‍ദ്ദവും ഭീഷണിയും ഇതിനു പിന്നിലുള്ളതായാണ് അറിഞ്ഞത്. തിയറ്ററുകാരെ പിന്മാറ്റിക്കാന് പോലീസുപോലും ഇടപെടുന്നതായി വാര്‍ത്തകള്‍ വന്നു. ഇസ്ലാമിക മതമൗലിക വാദത്തെയും ഭീകരവാദത്തെയും വെള്ളപൂശുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന നിരവധി സിനിമകള്‍ നിര്‍ബാധം പ്രദര്‍ശിപ്പിച്ച നാടാണ് കേരളം. ഇത്തരം സിനിമയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ മതേതരത്വത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരാണെന്ന ആക്രോശങ്ങള്‍പോലും ഉയരുകയുണ്ടായി. ഇവരാണ് സത്യത്തിനു നേര്‍ക്ക് ക്യാമറ തിരിച്ചുവച്ച ദ കേരളാ സ്റ്റോറിക്കെതിരെ മുറവിളി കൂട്ടുന്നത്. എന്തായാലും ആദ്യ ദിനം ഈ ചിത്രം പ്രദര്‍ശിപ്പിച്ച തിയറ്ററുകളെല്ലാം ഹൗസ്ഫുള്ളായത് ശരിയായ മറുപടിയാണ്. ഈ സിനിമ അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ടേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: