ന്യൂദല്‍ഹി: ‘ഇനി എന്റെ രാജ്യത്തിനെതിരെ അങ്ങനെയൊരു നടപടി ഉണ്ടാകില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്കുന്നു, രാജ്യത്തെ ഞാന്‍ വളരെയധികം സ്‌നേഹിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു,’ ഇന്ത്യന്‍ ഹൈക്കമ്മിഷനെതിരെ കല്ലെറിഞ്ഞതിന്റെ പേരില്‍ വിസ വിലക്ക് നേരിടുന്ന അങ്കിത് ലവ് രാജ്യത്തോട് മാപ്പു പറഞ്ഞു. അമ്മ ജയമാലയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ നാട്ടിലെത്തുന്നതിന് അനുമതി തേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള അങ്കിതിന്റെ മാപ്പപേക്ഷ. ജമ്മുകശ്മീര്‍ നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി സ്ഥാപകന്‍ അന്തരിച്ച ഭീം സിങ്ങിന്റെ മകനാണ് അങ്കിത്.
2022 ഫെബ്രുവരിയില്‍ ലണ്ടനില്‍ നടന്ന ഇന്ത്യാവിരുദ്ധ റാലിക്കിടെയാണ് അങ്കിത് ലവ് ഇന്ത്യന്‍ ഹൈക്കമ്മിഷനിലേക്ക് മുട്ടയും കല്ലുമെറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് ഇയാളെ ഹൈക്കമ്മിഷന്‍ കരിമ്പട്ടികയില്‍ പെടുത്തുകയായിരുന്നു. ഏപ്രില്‍ 26നാണ് അങ്കിതിന്റെ അമ്മ സുപ്രീംകോടതി അഭിഭാഷകയായ ജയ്മാല(64) അന്തരിച്ചത്. അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ നിന്ന് മടങ്ങാന്‍ വിസയുടെ അനുമതിക്കായി കാത്തിരിക്കുന്നതിനിടെയാണ് രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചതില്‍ അങ്കിത് മാപ്പപേക്ഷ നടത്തിയത്.
ജയ്മാലയുടെ ഭൗതികദേഹം ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിക്കണമെന്ന് ലവ് ആവശ്യപ്പെട്ടു. 2022 മെയ് 31ന് ഭീം സിങ് അന്തരിച്ചതുമുതല്‍ പാന്തേഴ്സ് പാര്‍ട്ടിയെ ആരു നയിക്കുമെന്നതിനെച്ചൊല്ലി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തര്‍ക്കിക്കുന്നതിനിടെയാണ് ഇത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് പുറത്ത് നടന്ന പ്രകടനത്തെ തുടര്‍ന്ന് അങ്കിത് തടങ്കലിലായിരുന്നു. പ്രധാനമന്ത്രിക്കയച്ച കത്തില്‍, അങ്കിത് ചെയ്ത തെറ്റിന് പശ്ചാത്താപവും ക്ഷമാപണവും പ്രകടിപ്പിച്ചു.
ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതാണ് തെറ്റിന് കാരണമായതെന്നും ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും അങ്കിത് എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: