ഡോ.ദേവദാസ് മേനോന്/
ഡോ.സുകുമാര്‍ കാനഡ
ഗുരുദേവന് സൂചിപ്പിച്ച അഹത്തെപ്പറ്റി ഞാന്‍ കൂടുതല്‍ ജിജ്ഞാസുവായി. കാരണം, എല്ലാ അനുഭവങ്ങള്‍ക്കും കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്നത് അഹമെന്ന ഞാന്‍ ആണല്ലോ. ഈ അഹവുമായാണ് നാം സ്വാഭാവികമായി താദാത്മ്യം പ്രാപിക്കുന്നത്. എന്റെ മനസ്സ്, എന്റെ ഓര്‍മ്മ, എന്റെ ബുദ്ധി, എന്റെ ദേഹം, എന്റെ ബന്ധുക്കള്‍, എന്റെ സമ്പത്ത്, എന്നിങ്ങനെയാണ് അഹമെന്ന തോന്നല്‍ ഉറയ്ക്കുന്നത്. എന്നാല്‍ അമൂര്‍ത്തമായ ഉള്ളുണര്‍വ്വിന്റെ, അവബോധത്തിന്റെ തലത്തില്‍ നിന്നു കാണുമ്പോള്‍, ഈ അഹംബോധവും വസ്തുനിഷ്ഠമായി കാണാനാകും, സദാ മാറ്റങ്ങള്‍ക്ക് വിധേയമായ വസ്തുതന്നെയാണ് അഹംബോധമെന്ന് തിരിച്ചറിയാനാകും.
അഹത്തിന് അത് താദാത്മ്യം ഭാവിക്കുന്ന വസ്തുവിന്റെ അഭാവത്തില്‍ നിയതമായ ഒരു അസ്തിത്വം ഇല്ല തന്നെ. ഭൗതികമായി ഐക്യപ്പെടുമ്പോള്‍ അത് ഭൗതികദേഹമാകുന്നു. പ്രാണനുമായി ഐക്യപ്പെടുമ്പോള്‍ സചേതനമായ ഒരു ജീവിയും സൂക്ഷ്മശരീരത്തിലെ ഇന്ദ്രിയചോദനകളുമാകുന്നു. ചിന്തിക്കുന്ന, വികാരജീവിയായി, മനസ്സുമായും ഓര്‍മ്മകളുടെ ശേഖരങ്ങളുമായും ഐക്യപ്പെടുന്നു. ബുദ്ധിയും ഉപരിമനവുമായി ഐക്യപ്പെടുമ്പോള്‍ അഹം മേധാശക്തിയുള്ള ജീവിയാകുന്നു. ജാഗ്രദവസ്ഥയില്‍ അഹം ഉണര്‍ന്നിരിക്കുന്നു. സ്വപ്നാവസ്ഥയില് സ്വപ്നജീവിയാകുന്നു. സുക്ഷുപ്തി അവസ്ഥയില്‍ അഹം ദീര്‍ഘസുഷുപ്തിയില്‍ വിലയിക്കുന്നു.
ഗുരു എന്നെ വിസ്മയപൂര്‍വ്വം സാകൂതം നോക്കി പറഞ്ഞു: ‘അതിശ്രേഷ്ഠം! അങ്ങിനെയെങ്കില്‍ നീ ആരാകുന്നു? ആരാണ് ആത്യന്തികമായി ദൃഷ്ടാവ് ആയിരിക്കുന്നത്? എന്താണ് സ്വയം വസ്തുവല്ക്കരിക്കപ്പെടാതെ, എന്നാല്‍ സകല അനുഭവങ്ങളേയും വേദിക്കുന്ന, ഒന്നായി നിലകൊള്ളുന്നത്?’
ഞാന്‍ കണ്ണുകളടച്ച് എല്ലാ അനുഭവങ്ങളും ഓരോന്നായി ഉപേക്ഷിച്ചു. അപ്പോള്‍ അവിടെ ശൂന്യമായ ഒരു അന്ധകാരം മാത്രം നാമരൂപങ്ങളുടെ ലാഞ്ഛന പോലുമില്ലാതെ അവശേഷിച്ചു. എന്നിലപ്പോള്‍ ആനന്ദനിര്‍വൃതിയായിരുന്നു. ഈ ശൂന്യതയെപ്പോലും അവബോധിക്കുന്ന, അറിയുന്ന ഒരു സാന്നിദ്ധ്യം ഉണ്ടായിരിക്കണം എന്നു ഞാന്‍ അനുമാനിച്ചു. വിശാലമായ ശൂന്യതയ്ക്കപ്പുറം ഉണ്ടായിരുന്ന അതിരുകളില്ലാത്ത പരമപ്രഭ പ്രകടമായ വസ്തുക്കളെ മാത്രമല്ലാ, അവയുടെ അഭാവത്തെയും പ്രകാശിപ്പിച്ചു. അവിടെയുണ്ടായിരുന്നത് വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ല. അമൂര്‍ത്തമായ ഉള്ളുണര്‍വ്വിന്റെ നിതാന്തമായ സാന്നിദ്ധ്യം എന്നേ അതിനെപ്പറ്റി പറയുവാനാവും. അതു തന്നെയാണ് സ്വയം യാതൊരുവിധ മാറ്റങ്ങള്‍ക്കും വിധേയമാകാതെ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, വന്നും പോയുമിരിക്കുന്ന എല്ലാ ഇന്ദ്രിയചോദനകളേയും, പ്രതീതികളേയും, സ്മരണകളേയും, വികാരങ്ങളേയും ചിന്തകളേയും ആശകളേയും സങ്കല്‍പ്പങ്ങളേയും തീരുമാനങ്ങളേയും സഹജാവബോധത്തേയും ദൃശ്യങ്ങളേയും സദാ കാണുന്ന പരമസാക്ഷി. ഒരിക്കലും മാറ്റമില്ലാത്ത ഉണ്മയായി നിലകൊണ്ട് എല്ലാ വസ്തുക്കളേയും അനുഭവവേദ്യമാക്കിത്തരുന്നത് ഈ ഉള്ളുണര്‍വ്വാണ്. അത് ഒരിക്കലും ഒരു വസ്തുവല്ല. ഞാനാ അചഞ്ചലസാന്നിദ്ധ്യവുമായി താദാത്മ്യ ഭാവത്തിലാകയാല്‍ ഞാനും അതും തമ്മില്‍ അന്തരമേതുമില്ല. ഞാന്‍ അതാണ്. പരിമിതമായ ദേഹവും മനസ്സുമായി നില്ക്കുന്ന ഞാന്‍, ജാഗ്രത്തിലും, സ്വപ്നത്തിലും, അനുഭവിക്കുന്ന ഭ്രമകല്പനമാത്രയായ, വെറുമൊരു കെട്ടുകാഴ്ചയാണ്. എന്റെ ഉണ്മ അതല്ല. ഞാന്‍ പരിധികളില്ലാത്തവനാണ്. ഞാന്‍ നാമരൂപങ്ങളാല്‍ ബദ്ധനല്ല. ഞാന്‍ അപരിമേയനും അമൂര്ത്തനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: