ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോളടിയില്‍ ചരിത്രം കുറിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരമെന്ന റിക്കോര്‍ഡാണ് ഹാളണ്ട് സ്വന്തമാക്കിയത്. ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമിനെതിരെ ഗോളടിച്ചാണ് എര്‍ലിങ് ഹാളണ്ട് ചരിത്രം കുറിച്ചത്. വെസ്റ്റ് ഹാമിനെതിരേ 70-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതോടെ ഹാളണ്ടിന്റെ ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ഗോളുകളുടെ എണ്ണം 35 ആയി ഉയര്‍ന്നു. അലന് ഷിയററും ആന്‍ഡ്രു കോളും കൈവശം വെച്ചിരുന്ന 34 ഗോളിന്റെ റെക്കോഡാണ് ഹാളണ്ട് തകര്‍ത്തത്. 42 മത്സര ലീഗ് ഫോര്‍മാറ്റിലാണ് ഇരുവരും ഇത്രയും ഗോളുകള്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ ഹാളണ്ടിന് 35 ഗോളുകള്‍ നേടാന്‍ വെറും 33 മത്സരങ്ങള്‍ മാത്രമാണ് വേണ്ടിവന്നത്. ഈ സീസണില്‍ എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നുമായി സിറ്റിക്ക് വേണ്ടി ഹാളണ്ട് നേടുന്ന 51-ാം ഗോള്‍ കൂടിയാണിത്. സിറ്റിയ്ക്ക് വേണ്ടി അരങ്ങേറ്റ സീസണ് കളിച്ച ഹാളണ്ട് അവിശ്വസനീയമായ പ്രകടനമാണ് വെറും 22 വയസ്സ് മാത്രമുള്ള താരം പുറത്തെടുക്കുന്നത്.
മത്സരത്തില്‍ സിറ്റി വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ലീഗില്‍ ഒന്നാമതെത്തി. ഹാളണ്ടിന് പുറമേ 49-ാം മിനിറ്റില്‍ നഥാന്‍ അകെ, 85-ാം മിനിറ്റില്‍ ഫില്‍ ഫോഡന് എന്നിവരും സിറ്റിക്ക് വേണ്ടി വലകുലുക്കി. വിജയത്തോടെ ആഴ്സണലിനെ പിന്തള്ളി സിറ്റി വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 33 കളികളില്‍ നിന്ന് സിറ്റിക്ക് 79 പോയിന്റും ആഴ്സണലിന് 34 കളികളില്‍ നിന്ന് 78 പോയിന്റുമാണുള്ളത്.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത ഒരു ഗോളിന് ഫുള്‍ഹാമിനെ പരാജയപ്പെടുത്തി. 39-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുഹമ്മദ് സലയാണ് ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്. 34 കളികളില്‍ നിന്ന് 59 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: