ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ആരോഗ്യ മന്ത്രാലയത്തിലെയും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും (എഫ്എസ്എസ്എഐ) മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് രാജ്യത്തുടനീളം ആരോഗ്യകരവും ശുചിത്വവുമുള്ള 100 ഫുഡ് സ്ട്രീറ്റുകള്‍ അഥവാ ഭക്ഷണ തെരുവുകള്‍ വികസിപ്പിക്കുന്നതിനുള്ള ‘ഫുഡ് സ്ട്രീറ്റ് പദ്ധതി’ അവലോകനം ചെയ്തു.
ഭക്ഷ്യവ്യാപാര മേഖലയിലും സമൂഹത്തിലും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുക, അങ്ങനെ ഭക്ഷ്യജന്യ രോഗങ്ങള്‍ കുറയ്‌ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഭക്ഷ്യ തെരുവുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്, ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ ഇത്തരം 100 ഫുഡ് സ്ട്രീറ്റുകളെ പിന്തുണയ്‌ക്കുന്നതിനുള്ള പ്രാരംഭ പദ്ധതിക്കായി ഒരു ഫുഡ് സ്ട്രീറ്റിന് ഒരു കോടി രൂപ വീതം സഹായം നല്‍കും. എഫ്എസ്എസ്എഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഈ ഭക്ഷണ തെരുവുകളുടെ ബ്രാന്‍ഡിംഗ് നടത്തുമെന്ന വ്യവസ്ഥയോടെ സഹായധനം 60:40 അല്ലെങ്കില്‍ 90:10 എന്ന അനുപാതത്തിലായിരിക്കും നല്‍കുക.
സുരക്ഷിതമായ കുടിവെള്ളം, കൈകഴുകല്‍ ടോയ്‌ലറ്റ് സൗകര്യങ്ങള്‍, പൊതുസ്ഥലങ്ങളില്‍ ടൈല്‍ പാകിയ തറ, ഉചിതമായ ദ്രാവകഖരമാലിന്യ നിര്‍മാര്‍ജനം, ഡസ്റ്റ് ബിന്നുകള്‍, പൊതു സംഭരണ സ്ഥലം, വെളിച്ചം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്.
എഫ്എസ്എസ്എഐയുടെ സാങ്കേതിക പിന്തുണയോടെ, ഭവനനഗരകാര്യ മന്ത്രാലയവുമായി സംയോജിപ്പിച്ച് എന്‍എച്ച്എം മുഖേനയാണ് ഈ സംരംഭം നടപ്പിലാക്കുക. ഭക്ഷ്യ തെരുവുകളുടെ രൂപകല്പന, എസ്ഒപി തയ്യാറാക്കല്‍, ഹസാര്‍ഡ് അനാലിസിസ് ആന്‍ഡ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്റ്‌സ് (എച്ച്എസിസിപി) പ്രോട്ടോക്കോള്‍ പ്രകാരം പരിശീലനം നല്‍കല്‍ എന്നിവയ്‌ക്കുള്ള സഹായം സാങ്കേതിക സഹായത്തില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: