അഡ്വ.ആര്.രാജേന്ദ്രന്
ഒരേ ലിംഗക്കാര്‍ തമ്മിലുള്ള വിവാഹത്തെ നിയമം മൂലം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്ജിയിന്മേല് നമ്മുടെ പരമോന്നത നീതിപീഠം വാദം കേട്ട് വരികയാണല്ലോ. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒന്നായി ബാധിക്കുന്നതാകയാലും വിവാഹ നിയമങ്ങള്‍ കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്നതാകയാലും എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം കേള്‍ക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളെ കക്ഷിചേര്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഈ വിഷയത്തില്‍ അഭിപ്രായ സമന്വയത്തിന്റെ ആവശ്യമുണ്ടെന്നും നിയമത്തെ വ്യാഖ്യാനിക്കാനുള്ള അധികാരത്തിന്റെ അപ്പുറത്ത് നിയമനിര്‍മ്മാണ സഭകളുടെ അധികാരത്തിലേക്ക് കടന്നു കയറുന്നത് നീതിയല്ല എന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.
ഭാരതത്തില്‍ വിവാഹമെന്നത് വളരെ പഴക്കം ചെന്ന ഒരു സംവിധാനമാണ്. അത് സമൂഹവുമായി ഏറ്റവും അടുത്ത് നില്ക്കുന്നതും സമൂഹത്തെ ആഴത്തട്ടില്‍ സ്പര്‍ശിക്കുന്നതുമാണ്. ഓരോ സമൂഹവും അതിന്റെതായ രീതിയില്‍ വിവാഹത്തെ നിര്‍വ്വചിച്ചിട്ടുണ്ട്. നിലവിലുള്ള വിവാഹ നിയമങ്ങള്‍ അത്തരം സാമുദായികക്രമങ്ങളെ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഭാരതത്തില്‍ വിവാഹ നടപടികള്‍ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നമ്മുടെ സമൂഹത്തിന്റെ നിലനില്പിന്റെ ആധാരമായി കണക്കാക്കുന്നത് ഇത്തരം വിവാഹ സമ്പ്രദായങ്ങളെയാണ്. അഗ്നിക്ക് വലംവയ്ക്കലും, കന്യാദാനവും, താലിചാര്‍ത്തലും, പുടവ കൊടുക്കലുമൊക്കെ ഒരു സംസ്കാരത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള സമ്പ്രദായങ്ങളാണ്. വിവാഹത്തിന്റെ ലക്ഷ്യം സന്താനോല്പാദനമോ ലൈംഗിക സംതൃപ്തിയോ മാത്രമല്ല. സത്രീയുടേയും പുരുഷന്റേയും ആത്മീയതലത്തിലുള്ള കൂടിചേരലുകൂടിയാണത്. ഓരോ വ്യക്തിയുടേയും വ്യക്തിപരവും, സാമൂഹികവും, സാമ്പത്തികവും, ആത്മീയവുമായ ഉയര്‍ച്ചയാണ് വിവാഹത്തിലൂടെ സാക്ഷാത്കകരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവാഹത്തിനും കുടുംബ ജീവിതത്തിനും വലിയ വില കല്പിച്ചിട്ടുള്ള സംസ്കാരമാണ് ഭാരതത്തിന്റേത്. ഒരു പക്ഷേ ഭാരതത്തിന്റെ നിലനില്പിന്റെയടിസ്ഥാനം തന്നെ നമ്മുടെ കുടുംബ സംവിധാനവും സങ്കല്പവുമാണ്; അതിന് അടിത്തറ പാകുന്നത് വിവാഹമെന്ന സംവിധാനവും.
പ്രകൃതിക്കനുസരണമായി സ്ത്രീയുടേയും പുരുഷന്റേയും ഒത്തുചേരലാണ് വിവാഹമെന്ന് ലോകത്തെല്ലാവരും അംഗീകരിക്കുന്നതാണ്. രണ്ട് വ്യത്യസ്ത ലിംഗങ്ങളില്‍പ്പെട്ടവരുടെ ഒത്തുചേരലാണ് വിവാഹമെന്ന ആശയത്തിന്റെ അടിസ്ഥാനം. മത ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്ന തരത്തിലോ മതപരമായ ചടങ്ങുകളുടെ അടിസ്ഥാനത്തിലോ ആണ് സമൂഹം വിവാഹത്തേയും അതിന് അനുബന്ധമായ കാര്യങ്ങളേയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അത് കേവലം ഏതെങ്കിലും നിയമത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ലഘൂകരിച്ച് കാണാനാവുന്നതല്ല. എല്ലാ മത വിശ്വാസികളെയും സംബന്ധിച്ചിടത്തോളം വിവാഹത്തെ ഒരു കരാര്‍ ആയിമാത്രം കാണുന്നില്ല. വിവാഹം പവിത്രമായ ആചാരമാണ്, അവയൊന്നും തന്നെ സ്വവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ വിവാഹത്തെ അംഗീകരിക്കുന്നില്ല എന്നു മാത്രമല്ല, അത് അത്യന്തം വിനാശകരവും ഭാരത സംസ്കാരത്തേയും കുടുംബവ്യവസ്ഥയേയും ഇല്ലായ്മ ചെയ്യുകയുമുണ്ടാകും.
വിവാഹമെന്നത് കുടുംബത്തിന്റേയും സമൂഹത്തിന്റേയും അടിത്തറയാണ്. വിവാഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ ചിലതായ കുട്ടികള്‍, അവരുടെ സുരക്ഷിത ജീവിതം, പരമ്പരയുടെ നില നില്പ് എന്നിവയൊന്നും തന്നെ സ്വവര്‍ഗ്ഗ വിവാഹത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നില്ല. മാത്രമല്ല നിയമപരമായും വലിയ നൂലാമാലകള്‍ സൃഷ്ടിക്കപ്പെടും. വിവാഹം, വിവാഹ മോചനം, പിന്തുടര്ച്ചാവകാശം, സ്വത്തവകാശം, സ്റ്റാറ്റസ് എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെടാം. ഒരേ ലിംഗക്കാര്‍ തമ്മിലുള്ള ഒത്തുചേരല്‍ ശാസ്ത്രീയമായും ബുദ്ധിമുട്ടുകളും, നൂലാമാലകളും സൃഷ്ടിക്കും. സ്വവര്‍ഗ്ഗ വിവാഹത്തെ പ്രത്യേക വിവാഹ നിയമത്തിന്റെ പരിധിയില്‍ പെടുത്താമെന്ന് പറയുമ്പോഴും വിവാഹം രണ്ട് വ്യക്തികള്‍ തമ്മിലുള്ള നിയമപരമായ ബന്ധമാണെന്ന് കണ്ടാലും അതിനെ നിയന്ത്രിക്കുന്ന ലിഖിതവും അലിഖിതവുമായ സാമൂഹിക ചട്ടങ്ങളെ ആര്‍ക്കും നിഷേധിക്കാനാവില്ല. ഗര്‍ഭിണിയായ സ്ത്രീയുടെ വയറ്റ് പൊങ്കാല നടത്തുന്നതും, ജനിച്ച കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങും, പേരിടല്‍ ചടങ്ങും, കാത്കുത്തല്‍ ചടങ്ങും, അന്നപ്രാശ ചടങ്ങും ഒക്കെ നടത്തുന്നത് ഏതെങ്കിലും നിയമത്തിന്റെയടിസ്ഥാനത്തിലല്ല. അത് ഒരു കീഴ്വഴക്കമാണ്, സംസ്കാരമാണ്, അതിലുപരി ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒരു പരമ്പരാഗത രീതിയിലും, ഒരു വിശ്വാസ പ്രമാണത്തിലും ഒരേ ലിംഗക്കാരുടെ വിവാഹത്തെ അംഗീകരിച്ചിട്ടേയില്ല.
ഭാരതം പോലുള്ള ഒരു രാജ്യത്ത് ജനങ്ങളുടെ നിത്യജീവിതവുമായി ഇഴചേര്‍ന്ന് നില്ക്കുന്ന എല്ലാത്തിനേയും നിയമത്തിന്റെ കണ്ണിലൂടെ വ്യാഖ്യാനിക്കാനാകില്ല. ഇവിടെ അഗ്നിയേയും ജലത്തേയും നാഗത്തേയും എന്തിന് ചിതലിനെ പോലും ഈശ്വരനായി ആരാധിക്കുന്നുണ്ട്. അത് ഒരു സംസ്കാരമാണ്, അതിനെ ഏതെങ്കിലും നിയമം മൂലം വ്യാഖ്യാനിക്കാനോ നിരോധിക്കാനോ കഴിയില്ല. ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒരു സംസ്ക്കാരം രൂപപ്പെടുത്തിയെടുത്ത ജീവിതരീതികളില്‍പ്പെട്ടവയാണത്. വിവാഹവും അങ്ങനെ രൂപപ്പെട്ട ഒരു സാംസ്കാകാരിക ചിഹ്നമാണ്. ഗംഗയിലെ സ്നാനം പവിത്രമാകുന്നതും രാമേശ്വരത്തെ ബലി പവിത്രമാകുന്നതും ഈ സംസ്കാരം മൂലമാണ്. ഇതിനെ ഒരു നിയമം മൂലവും വ്യാഖ്യാനിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല.
ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ധാരാളം ശക്തികള്‍ ഭാരതത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് കടന്നു വന്ന വൈദേശികര്‍ ഭാരതത്തെ തകര്‍ക്കാന്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തു നോക്കി, പിന്നെ സമ്പത്ത് കൊള്ളയടിച്ചു, പരസ്പരം തമ്മിലടിപ്പിച്ച് ഇല്ലാതെയാക്കാന്‍ ശ്രമിച്ചു. ചരിത്രം തിരുത്തിയെഴുതിയും, വിദ്യാഭ്യാസ സമ്പ്രദായത്തെ വികലമാക്കിയും ഭാരതത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച് അവര്‍ പരാജയപ്പെട്ടു. കുടുംബ ബന്ധത്തെ ഇല്ലാതെയാക്കാന്‍, കുടുബത്തെ ഇല്ലാതെയാക്കാന്‍ അതുവഴി ഭാരതത്തെ ഇല്ലാതെയാക്കാം എന്ന വ്യാമോഹമാണ് ഇന്നത്തെ ഈ ശ്രമത്തിന് പിന്നില്‍. എല്ലാത്തിനേയും അതിജീവിക്കാന്‍ ഈ നാടിന് കരുത്തുണ്ടെന്ന് ഇവര്‍ക്കിനിയും മനസ്സിലായിട്ടില്ല.
ഭാരത സംസ്കാരത്തെ ഇല്ലാതെയാക്കാന്‍ നടക്കുന്ന ഏതൊരു ശ്രമത്തേയും ശക്തിയുക്തം ചെറുക്കേണ്ടത് സമാജത്തിന്റെ ഉത്തരവാദിത്തമാണ്. ഭാവി തലമുറയ്ക്കായി ഈ നാടിനേയും സംസ്കാരത്തേയും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കും തന്നെ ഒഴിയാനാവില്ല.
(ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: