ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ സംശയിച്ചതുപോലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിന്റെയും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെയും പടിവാതില്ക്കല് എത്തിനില്‍ക്കുകയാണ്. എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് ലഭിച്ച കരാര്‍ ഉപകരാറുകളിലൂടെ പല കമ്പനികള്‍ മറിഞ്ഞ് പ്രസാദിയോ എന്ന സ്വകാര്യ കമ്പനിക്ക് ലഭിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി ബന്ധമുള്ള കമ്പനിയാണ് പ്രസാദിയോയെന്നും, കമ്പനിയുടെ നടത്തിപ്പുകാരന് ഇയാളുടെ ബിനാമിയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കെല്‍ട്രോണിന്റെ മറ ഉപയോഗിച്ച് സിപിഎമ്മുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ടവര്‍ക്ക് വന്‍ അഴിമതി നടത്താനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് തെളിയിക്കുന്ന രേഖകള്‍ അനുദിനം പുറത്തുവരികയാണ്. വിവാദത്തിന്റെ തുടക്കത്തില്‍ കരാറിനെ ന്യായീകരിച്ചും, അഴിമതിയാരോപണങ്ങളെ നിഷേധിച്ചും സിപിഎമ്മും സര്‍ക്കാരും ഉന്നയിച്ച വാദഗതികളെല്ലാം പൊളിഞ്ഞിരിക്കുന്നു. അഴിമതിക്ക് മറയിടാന്‍ കെല്‍ട്രോണ്‍ ഉന്നയിച്ച അവകാശവാദങ്ങളും തെറ്റാണെന്ന് തെളിയുകയാണ്. എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച കരാര്‍ നിയമവിരുദ്ധമായി സ്വകാര്യകമ്പനികള്‍ക്ക് മറിച്ചു നല്‍കിയതിന്റെ രേഖകള്‍ കെല്‍ട്രോണ്‍ മറച്ചുവയ്ക്കുകയായിരുന്നു. കരാറില്‍ അഴിമതി നടന്നിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
റോഡ് സുരക്ഷയുടെ പേരില്‍ ആസൂത്രിതമായ അഴിമതിയാണ് നടന്നിരിക്കുന്നത്. ധനകാര്യവകുപ്പിന്റെ അനുമതിയും, മോട്ടോര്‍വാഹനവകുപ്പിന്റെ അംഗീകാരവും ഇല്ലാതിരുന്നിട്ടും ഇങ്ങനെയൊരു കരാറിന് മന്ത്രിസഭ അനുമതി നല്കാന് കാരണം മുഖ്യമന്ത്രിയുടെ താല്‍പ്പര്യമാണെന്ന് കരുതേണ്ടിയിരിക്കുന്നു. കരാറിലെ ക്രമക്കേടില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ധനവകുപ്പ് പിന്നീട് ഫയല്‍ കാണുകപോലും ചെയ്തില്ല. സ്വാഭാവിക നടപടിക്രമങ്ങള്‍ ഒഴിവാക്കിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇതുകൊണ്ടാണ് കരാര്‍ നല്‍കിയത് കെല്‍ട്രോണിനാണെന്നും, അതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് സര്‍ക്കാരിന് ബാധ്യതയില്ലെന്നും, വിശദീകരിക്കേണ്ടത് കെല്‍ട്രോണ്‍ അധികൃതരാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു തുടക്കത്തില്‍ തന്നെ പറഞ്ഞൊഴിഞ്ഞത്. കരാറിലെ അഴിമതിയുടെ ഗുണഭോക്താവ് ആരാണെന്ന് അറിയാമെന്നതിനാലാണ് സിപിഎമ്മും മൗനം പാലിക്കുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ട ബാധ്യതയൊന്നും പാര്‍ട്ടിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മിലും സര്‍ക്കാരിലും പിണറായിയുടെ ഡെപ്യൂട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്ന വ്യവസായ മന്ത്രി പി.രാജീവ് ന്യായീകരണവുമായി രംഗപ്രവേശം ചെയ്തതിന്റെ പശ്ചാത്തലവും ഇതാണ്. മറച്ചുവച്ച വിവരങ്ങളൊക്കെ പുറത്തുവന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുകയാണ്. കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് അഴിമതിയിലൂടെ വഴിതിരിച്ചുവിട്ടിട്ടും ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പൊടിപോലും കാണുന്നില്ല.
അഴിമതിയുടെ ഒരു പരമ്പരയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ നടന്നിട്ടുള്ളത്. ഇതിന്റെയൊക്കെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്നതിന്റെ പ്രത്യക്ഷവും പരോക്ഷവുമായുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുള്ളതാണ്. എന്നിട്ടും നിയമത്തിന്റെ സാങ്കേതികത്വവും അധികാരത്തിന്റെ പിന്‍ബലവും ഉപയോഗിച്ച് പിടിച്ചുനില്‍ക്കുകയാണ്. പല കേസുകളുടെയും അങ്ങേയറ്റത്ത് മുഖ്യമന്ത്രിയാണെന്ന നിഗമനമാണ് അന്വേഷണ ഏജന്‍സികളായ സിബിഐയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമുള്ളത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെപ്പോലുള്ള അനുചരന്മാര് പ്രതികളായ കേസുകള്‍ കോടതിയുടെ പരിഗണനയിലിരിക്കുകയാണല്ലോ. എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിക്ക് പിടിവീഴാം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബാര്‍കോഴക്കേസ് അന്വേഷിക്കാന്‍ ഒരുക്കമാണെന്നു കാണിച്ച് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ കേസിന്റെ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയാണെന്ന് പറയുന്നുണ്ട്. ഇത്രയേറെ അഴിമിതികളില്‍ പ്രതിക്കൂട്ടിലായിട്ടും പിന്മാറാന് കൂട്ടാക്കാത്തതാണ് പിണറായിയെ ഒരു ഭരണാധികാരിയെന്ന നിലയ്ക്ക് വ്യത്യസ്തനാക്കുന്നത്. ഐഎ ക്യാമറാ അഴിമതി വിവാദത്തില്‍ പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ബോധപൂര്‍വമാണ്. ബ്രഹ്മപുരം അഴിമതിയുടെ കാര്യത്തിലേതുപോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെ വരുതിയിലാക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ അഴിമതി നിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തുവരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലംമുതല്‍ കേരളം കണ്ടണ്ടുകൊണ്ടിരിക്കുന്നതാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: