കൊല്‍ക്കത്ത: ബംഗാള്‍ കൂട്ടക്കൊലയുടെ രണ്ടാം വാര്‍ഷികത്തില്‍ ഗംഗയില്‍ തര്‍പ്പണം നടത്തി ബിജെപി നേതാക്കള്‍. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സംഘടിതമായ ആക്രമണത്തില്‍ നിരവധിപേര്‍ക്കാണ് അന്ന് ജീവന് നഷ്ടപ്പെട്ടത്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഗംഗാതീരത്തെത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്കൊപ്പം അദ്ദേഹവും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയും ബലി തര്‍പ്പണം നടത്തി. കൊല്‍ക്കത്തയിലെ ബാബുഘട്ടിലായിരുന്നു ചടങ്ങുകള്‍.
63 സഹപ്രവര്‍ത്തകരുടെ ജീവനാണ് മമത ബാനര്‍ജി അഴിച്ചുവിട്ട ഇസ്ലാമിക തീവ്രവാദികളുടെ അക്രമത്തില്‍ ഇല്ലാതായതെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത സുകാന്ത മജുംദാര്‍ ഓര്‍മ്മിപ്പിച്ചു. അന്ന് ഗുരുതരമായി പരിക്കേറ്റവരിലൊരാള്‍ കൂടി ഇന്നലെ മരണമടഞ്ഞു. മമത ബാനര്‍ജി ലേഡി ഹിറ്റ്ലറാണ്. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൂട്ടക്കൊലയാണ് നടന്നത്. ഈ തര്‍പ്പണച്ചടങ്ങുകള്‍ മമത സര്‍ക്കാരിന്റെ ഭീകരവാഴ്ചയുടെ അടിവേരറുക്കാനാണ്. ടിഎംസി സര്‍ക്കാരിന് ജനാധിപത്യത്തിലൂടെ സ്വന്തം തര്‍പ്പണം നടത്താനുള്ള അവസരം ഒരുക്കാനുള്ള സമയമാണ് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2021 മെയ് 2ന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് ബംഗാളില്‍ രാഷ്ട്രീയ എതിരാളികളെ തെരഞ്ഞുപിടിച്ച് തൃണമൂല്‍ ഗുണ്ടകളും ഇസ്ലാമിക തീവ്രവാദികളും വേട്ടയാടിയത്. നാലായിരം വീടുകളാണ് അവര്‍ നശിപ്പിച്ചത്. സ്ത്രീകള്‍ക്കുനേരെയും അക്രമങ്ങള്‍ ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: