കോഴിക്കോട്: എ ഐ ക്യാമറാ വിവാദത്തിൽ ഉൾപ്പെട്ട കമ്പനി പ്രസാഡിയോയ്‌ക്ക് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യയുടെ അച്ഛനുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചില രേഖകള്‍ പുറത്ത് വന്നു. കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിലാണ് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യയുടെ അച്ഛന്‍ പ്രകാശ് ബാബുവുമായി ഇടപാടുകൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഉള്ളത്. ഈ കുറ്റാരോപണങ്ങളോട് പ്രസാഡിയോ കമ്പനി പ്രതികരിച്ചില്ല.
അതേ സമയം, പ്രസാഡിയോ കമ്പനിയുടെ ഔദ്യോഗിക സ്ഥാനങ്ങളൊന്നും പ്രകാശ് ബാബു വഹിക്കുന്നില്ല. എന്നാൽ 2020ൽ കമ്പനി പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ പ്രകാശ് ബാബുവുമായി ഇടപാടുകളുണ്ടായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇടപാടുകൾ നടത്തിയ ശേഷം കമ്പനി പണം നൽകാനുള്ളവരുടെ പട്ടികയിലാണ് പ്രകാശ് ബാബുവിന്റെ പേര് ഉള്ളത്. പ്രകാശ് ബാബുവിന്റെ എറണാകുളത്തെ ഗസ്റ്റ്ഹൗസ് ഉപയോഗിച്ച വകയിൽ നൽകേണ്ട വാടകയും റിപ്പോർട്ടിലുണ്ട്.
തലശ്ശേരി സ്വദേശിയായ പ്രകാശ് ബാബു കോഴിക്കോട് പുതിയറയിലാണ് ഇപ്പോൾ താമസം. പ്രസാഡിയോയുടെ കോഴിക്കോട്ടെ ബാങ്ക് അക്കൗണ്ടും പുതിയറയിലാണ്.
പ്രകാശ് ബാബുവിന് പങ്കാളിത്തമുള്ള കമ്പനിയാണെന്ന് പറഞ്ഞാണ് ക്യാമറ പദ്ധതിയിൽ ചേരാൻ പ്രസാഡിയോ എം ഡി രാംജിത് തങ്ങളെ ക്ഷണിച്ചതെന്ന് നേരത്തേ കരാറിന്റെ ഭാഗമായിരുന്ന അൽഹിന്ദ് വെളിപ്പെടുത്തിയിരുന്നു. രാഷ്‌ട്രീയ സ്വാധീനമുള്ള കമ്പനിയാണ് പ്രസാഡിയോ എന്നും അതില്‍ ധൈര്യമായി നിക്ഷേപം നടത്താമെന്നും വിശ്വസിപ്പിച്ചിരുന്നു. അൽഹിന്ദ് പങ്കെടുത്ത യോഗങ്ങളിൽ പ്രകാശ് ബാബുവും പങ്കെടുത്തിരുന്നതായി പറയുന്നു.
‘ട്രോയ്സ്’ എന്ന കമ്പനിയിൽ നിന്നു വൻ വിലയ്‌ക്ക് ക്യാമറ വാങ്ങാൻ പ്രസാഡിയോ നിർബന്ധിച്ചതിനെ തുടർന്ന് അൽഹിന്ദ് കരാറിൽനിന്നു പിന്മാറുകയായിരുന്നു. പിന്മാറുന്നതിനു മുൻപ് പ്രകാശ് ബാബുവിനെ വിളിച്ചിരുന്നുവെന്നും എന്നാൽ കമ്പനിയുമായി ബന്ധമില്ലെന്ന് പ്രകാശ് ബാബു അറിയിച്ചെന്നും അൽഹിന്ദ് പറയുന്നു. പദ്ധതിയുടെ ഭാഗമായി അൽഹിന്ദ് എസ്ആർഐടി മുഖേന കെൽട്രോണിന് 3 കോടി രൂപ നല്‍കിയിരുന്നു. ഇതില്‍ 2 കോടി രൂപ ഇപ്പോഴും തിരികെ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: