ന്യൂദല്‍ഹി: ചരക്കു സേവന നികുതി വരുമാനത്തില്‍ റിക്കാര്‍ഡ്. ഏപ്രിലിലെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപയാണ്. രാജ്യത്തൊട്ടാകെ ഒരു നികുതി സമ്പ്രദായം നടപ്പാക്കിയ ശേഷമുള്ള ഏറ്റവും വലിയ വരുമാനം, സകല പ്രതിസന്ധികളെയും മറികടന്ന് രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍ത്തന്നെയാണെന്ന് വ്യക്തമാക്കുന്ന നേട്ടം. ഇതിനു മുമ്പുള്ള ഏറ്റവും ഉയര്‍ന്ന ജിഎസ്ടി വരുമാനം 2022 ഏപ്രിലില്‍ ലഭിച്ച 1,67,540 കോടിയാണ്. അതിനെക്കാള്‍ 19,495 കോടിയുടെ വര്‍ധന, 12 ശതമാനം കൂടുതല്‍.
ഏപ്രിലിലെ ജിഎസ്ടി വരുമാനം 1,87,035 കോടി രൂപ. ഇതില്‍ കേന്ദ്ര ജിഎസ്ടി 38,440 കോടിയും സംസ്ഥാന ജിഎസ്ടി 47,412 കോടിയും സംയോജിത ജിഎസ്ടി 89,158 കോടിയുമാണ്. ആദ്യമായാണ് 1.75 ലക്ഷം കോടിയെന്ന നാഴികക്കല്ല് മറികടക്കുന്നതും. ഏറ്റവും കൂടുതല്‍ നികുതി വരുമാനം ലഭിച്ചത് ഈ ഏപ്രില്‍ 20നാണ്. 9.8 ലക്ഷം ഇടപാടുകളിലായി അന്നു മാത്രം ഖജനാവിലെത്തിയത് 68,228 കോടി രൂപ.
കേരളത്തിനും റിക്കാര്‍ഡ് വരുമാനമാണു ലഭിച്ചത്. 2022 ഏപ്രിലില്‍ 2689 കോടി രൂപയാണ് ജിഎസ്ടിയിനത്തില്‍ ലഭിച്ചതെങ്കില്‍ ഈ ഏപ്രിലില്‍ ഇത് 3010 കോടിയായി. നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിര്‍മല സീതാരാമനും അഭിനന്ദിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് മഹത്തായ വാര്‍ത്തയാണ് 1.87 ലക്ഷം കോടി രൂപ ജിഎസ്ടി വഴി ലഭിച്ചുവെന്നത്, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: