സ്വാമി സര്‍വ്വാത്മാനന്ദ തീര്‍ത്ഥപാദര്‍
(എടപ്പാവൂര് തീര്‍ത്ഥപാദാശ്രമം)
നമ്മുടെ ഭാരതത്തില്‍ ഇതുവരെ ആവശ്യം നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു വിഷയമാണ് ഇപ്പോള്‍ കോടതി ചര്‍ച്ചചെയ്യാന്‍ എടുത്തിരിക്കുന്നത്. ഹൈന്ദവ ധര്‍മ്മമനുസരിച്ച് വിവാഹമെന്നത് ഭിന്ന ലിംഗത്തില്‍പ്പെട്ട രണ്ടു വ്യക്തികള്‍ ചേര്‍ന്ന് ആചരിക്കേണ്ട ഒരു സംസ്കാരമാണ്. ആ സംസ്കാരം ചെയ്യപ്പെടുന്നതു കൊണ്ട് അവര്‍ക്കും അവരുള്‍പ്പെടുന്ന സമൂഹത്തിനും അത് ബലവും ശാന്തിയും സമാധാനവും ഉണ്ടാക്കുന്നു. പ്രപഞ്ചത്തിലെ ജീവന്റെ ഉത്ഭവത്തിനും സുരക്ഷിതമായ പോഷണത്തിനുസഹായകമായ കുടുംബ സംവിധാനത്തെ സൃഷ്ടിക്കുന്നു എന്നതിനാല്‍ വിവാഹ സം സ്കാരത്തിന് വളരെ പ്രസക്തിയുണ്ട്. ഭാരതത്തില്‍ ലൈംഗിക തൃഷ്ണാശമനത്തിനുള്ള ഉപായമായിട്ടല്ല വിവാഹം രൂപപ്പെടുത്തിയിരിക്കുന്നത്. അത് ധര്മ്മാചരണത്തിനുള്ള സംരംഭമായിട്ടാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പുരുഷന് സഹധര്‍മ്മിണിയായ സ്ത്രീയോടുകൂടി അനുഷ്ഠിക്കുന്ന യത്നങ്ങള്‍ പരലോകങ്ങളില്‍ കൂടുതല്‍ സുഖം നല്‍കുന്നതായി പറഞ്ഞിരിക്കുന്നു.
വിവാഹമെന്നത് പരിഷ്കൃത സമൂഹം ആചരിക്കുന്നതാണ്. സ്വവര്‍ഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് ജീവിക്കുന്നതിനും ലൈംഗിക ചേഷ്ടകള്‍ ചെയ്യുന്നതിനും ഇപ്പോള്‍ രാജ്യത്തുള്ള നിയമങ്ങള്‍ തടസ്സം നില്ക്കുന്നില്ല. മനുഷ്യരുടെ ആഗ്രഹങ്ങള്‍ക്ക് എല്ലാം അംഗീകാരം കൊടുക്കുമ്പോഴാണ് പരിഷ്കൃത സമൂഹം ഉണ്ടാകുന്നത് എന്നത് ശരിയല്ല. നിയമവ്യവസ്ഥയെ പരിപാലിക്കുന്നതിന് എത്രയധികം ധനമാണ് രാഷ്ട്രം ചെലവുചെയ്യുന്നത്. അത് സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനാകണം. ആഗ്രഹങ്ങളെല്ലാം അനുവദിക്കുന്നതിനാണ് നിയമമെങ്കില്‍ മയക്കുമരുന്ന് ഉപയോഗം തടയുന്നനിയമം എടുത്തു കളയേണ്ടിവരും. പല പാശ്ചാത്യരാജ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗം അനുവദിച്ചിട്ടുണ്ട്. നമ്മള് അതിനെ അനുകരിക്കേണ്ടതുണ്ടോ? ചില ആളുകള്‍ ചിലയിടങ്ങളില്‍ മൃഗങ്ങളെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. അവര്‍ ഇനി ആ മൃഗങ്ങളെ വിവാഹം കഴിക്കാനും കുടുംബത്തിനുള്ള അവകാശത്തിനും ആവശ്യപ്പെട്ടാല്‍ അനുവദിക്കാന്‍ കഴിയുമോ? നമ്മുടെ നാട്ടില്‍ എന്തിനൊക്കെ മനുഷ്യര്‍ക്ക് അവകാശം നല്‍കണമെന്നത് നിയമനിര്‍മാണസഭയില്‍ ചര്‍ച്ച ചെയ്താണ് നിയമങ്ങള്‍ സൃഷ്ടിക്കുന്നത്. ഏതെങ്കിലും നാട്ടില്‍ നടക്കുന്നതെല്ലാം നമ്മള് അനുകരിക്കേണ്ടതില്ല. കാലാകാലങ്ങളായി പരിഷ്കൃത വര്‍ഗത്തിന്റെ സഭ്യതയുടെ ഭാഗമായ വിവാഹ ബന്ധത്തെ സ്വവര്‍ഗാനുരാഗികളുടെ അവകാശമാക്കുന്ന നിയമനിര്‍മാണത്തില്‍ നിന്നും പരമോന്നത കോടതി പിന്മാറേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: