ന്യൂദല്‍ഹി: ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് ഇല്ലാതാക്കാന്‍ കുറെ നാളുകളായി ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇപ്പോഴിതാ യുഎഇയില്‍ നിന്നും ചെറുകിട ജ്വല്ലറിക്കാര്‍ക്കും കുറഞ്ഞ തീരുവയില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനുള്ള വാതില്‍ തുറക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇനി മുതല്‍ 40 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട ജ്വല്ലറിക്കാര്‍ക്കും സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനാകും.
ഉഭയകക്ഷി വ്യാപാര ഉടമ്പടി പ്രകാരം, താരിഫ് റേറ്റ് ക്വാട്ട (TRQ) എന്ന് വിളിക്കുന്ന ഇറക്കുമതി ക്വോട്ട സമ്പ്രദായത്തിലൂടെ യുഎഇയിൽ നിന്ന് കുറഞ്ഞ തീരുവയിൽ 140 ടണ്‍ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികളാണ് മോദി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷമായ 2023-24ല്‍ 140 ടണ്‍ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
ആഭരണ നിർമ്മാതാക്കൾക്കും ജ്വല്ലറികൾക്കും ഈ അവസരം ഉപയോഗിക്കാൻ വേണ്ടി ഇറക്കുമതി ചെയ്യാനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതിന് ശേഷം ക്വാട്ട സമ്പ്രദായത്തിന് കീഴിലായിരിക്കും ഇറക്കുമതി. യുഎഇയില്‍ നിന്നും സ്വര്‍ണ്ണം ഇറക്കുമതിക്ക് 15 ശതമാനമാണ് നിലവിലെ ഇറക്കുമതി തീരുവ. എന്നാല്‍ യുഎഇയുമായി ഒപ്പുവെച്ച പ്രത്യേക കരാര്‍ പ്രകാരം 14 ശതമാനം ഇറക്കുമതിച്ചുങ്കം നല്‍കിയാല്‍ മതി.
25 കോടി രൂപയ്‌ക്ക് മേല്‍ വിറ്റുവരവുള്ള വന്‍കിട ആഭരണ നിര്‍മ്മാതാക്കള്‍ക്കും വന്‍കിട ജ്വല്ലറിക്കാരുമായ 78 പേര്‍ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം കിട്ടിയിരുന്നത്. 2022ല്‍ കരാര്‍ പ്രകാരം കുറഞ്ഞ തീവയില്‍ 120 ടണ്‍ ഇറക്കുമതി ചെയ്യാന്‍ സമ്മതിച്ചിരുന്നെങ്കിലും 10 ടണ്ണില്‍ താഴെ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇറക്കുമതി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പേര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കുകയാണ് പോംവഴിയെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു. അതിന്റെ ഭാഗമായി 40 ലക്ഷം രൂപ വാര്‍ഷികവിറ്റുവരവുള്ള ആഭരണനിര്‍മ്മാതാക്കള്‍ക്കും ഇനി യുഎഇയില്‍ നിന്നും കുറഞ്ഞ തീരുവയോടെ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാന‍് കഴിയും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 140 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനാണ് യുഎഇ പ്രത്യേക കരാര്‍ പ്രകാരം അനുവദിച്ചിരിക്കുന്നത്.
ഇത് അഞ്ചു വര്‍ഷത്തിനകം 200 ടണ്ണിലേക്ക് ഉയര്‍ത്താനും ഇന്ത്യ ആലോചിക്കുന്നു. ഇന്ത്യ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് 800-900 ടണ്‍ സ്വര്‍ണ്ണമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലാണ് ഇന്ത്യ. ഇതില്‍ തന്നെ 90 ശതമാവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. യു എ ഇയില്‍ നിന്നും സ്വിറ്റ്സർലൻഡില്‍ നിന്നുമാണ് ഇന്ത്യ സ്വർണം കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. അതേസമയം തന്നെ ഉയർന്ന ഇറക്കുമതി തീരുവയും കേന്ദ്ര സർക്കാർ സ്വർണത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൊണ്ട് കൂടിയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വർണക്കള്ളക്കടത്ത് വർധിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: