ലഖ്നൗ: ഐപിഎല്‍ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ലസിത് മലിംഗയെ മറികടന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ അമിത് മിശ്ര. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സുയാഷ് പ്രഭുദേശായിയെ പുറത്താക്കിയാണ് അമിത് മിശ്ര വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനായത്. 170 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യന്‍സ് മുന്‍ സൂപ്പര്‍ താരം ലസിത് മലിംഗയെ ആണ് അമിത് മിശ്ര മറികടന്നത്. പ്രഭുദേശായിയെ മടക്കിയതോടെ ഐപിഎല്ലില്‍ അമിത് മിശ്രയ്ക്ക് 172 വിക്കറ്റായി. മത്സരത്തില്‍ സുയാഷ് പ്രഭുദേശായിക്ക് പുറമെ ആര്‍സിബി നായകന് ഫാഫ് ഡുപ്ലസിസിന്റെ വിക്കറ്റും അമിത് മിശ്രയ്ക്കായിരുന്നു. മൂന്ന് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്താണ് മിശ്രയുടെ രണ്ട് വിക്കറ്റ് നേട്ടം. ബാറ്റ് കൊണ്ട് 19 റണ്‍സ് നേടുകയും ചെയ്തു നാല്‍പ്പതുകാരനായ താരം.
183 വിക്കറ്റ് വീഴ്ത്തിയ സിഎസ്കെ ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോയാണ് വിക്കറ്റ് ഐപിഎല്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. 178 വിക്കറ്റുമായി രാജസ്ഥാന് റോയല്‍സ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ രണ്ടാം സ്ഥാനത്തുണ്ട്. മിശ്ര റിക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചെങ്കിലും മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്താന്‍ സൂപ്പര്‍ ജയന്റ്സിനായില്ല. ചെറിയ സ്കോര്‍ പിറന്ന പോരാട്ടത്തില്‍ 18 റണ്‍സിനാണ് ആര്‍സിബി വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 126 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂവെങ്കിലും ലഖ്നൗവിന്റെ മറുപടി ബാറ്റിംഗ് 19.5 ഓവറില്‍ 108ല്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: