തിരുവനന്തപുരം: കേരളം ആസ്ഥാനമായുള്ള ഐടി മേഖലയിലെ ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ ബിസിനസിന് കോവിഡ് കാരണമുണ്ടായ മാന്ദ്യം മറികടക്കാനായി യുഎസ്എയിലെ നാല് നഗരങ്ങളില്‍ സംസ്ഥാനത്തെ ഐടി, സോഫ്റ്റ് വെയര്‍ കമ്പനികളുടെ വ്യാവസായിക സംഘടനയായ ജിടെക് ബിസിനസ് കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കുന്നു.
ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് എന്നിവിടങ്ങളിലെ 16 ഐടി കമ്പനികളുടെ പ്രതിനിധികളാണ് ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെയുള്ള രണ്ടാഴ്ചത്തെ യുഎസ് പര്യടനത്തില്‍ പങ്കെടുക്കുന്നത്.
ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്കോ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘം ബിസിനസ് അവസരങ്ങള്‍ തേടും. വാഷിംഗ്ടണില്‍ നടക്കുന്ന സെലക്ട് യുഎസ്എ നിക്ഷേപ ഉച്ചകോടിയിലും സംഘം പങ്കെടുക്കും. ഇന്ത്യയിലെ ചെറുകിട ഐടി കമ്പനികളുമായി ചേര്‍ന്ന് ബിസിനസ് വിപുലീകരിക്കാന്‍ താല്പര്യമുള്ള ഐടി വ്യവസായത്തിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി സംഘം കൂടിക്കാഴ്ച നടത്തും.
യുഎസ്-ഇന്ത്യ ഇംപോര്‍ട്ടേഴ്സ് കൗണ്‍സില്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റും മിറോക്സ് സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ രാജേഷ് ബാബുവാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.
“നിലവില്‍ കേരളത്തിലുള്ള ഐടി കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകളേയും ഐടി സംരംഭകരേയും മുന്നോട്ടു കൊണ്ടുവരുന്നതിലും കേരളത്തിലെ ഐടി, ഐടിഇഎസ് എന്നിവയുടെ പെട്ടെന്നുള്ള വളര്‍ച്ച സുഗമമാക്കുന്നതിലും ജിടെക് മുന്‍നിരയിലാണെന്ന് ജിടെക് ചെയര്മാന് വി.കെ. മാത്യൂസ് പറഞ്ഞു.
കോവിഡ് മൂലം ചില ചെറുകിട ഐടി കമ്പനികളുടെ വളര്‍ച്ചയ്ക്ക് കാര്യമായ മാന്ദ്യം ഉണ്ടാക്കിയിട്ടുണ്ട്. യുഎസ് പര്യടനത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് ബിസിനസ് കൂടിക്കാഴ്ചകളിലൂടെ വളരെയധികം പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഐടി കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ കൂട്ടായ്മയാണ് ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് ഓഫ് കേരള). ചെറുതും വലുതുമായ 300 ഓളം ഐടി കമ്പനികള്‍ ഇതില്‍ അംഗങ്ങളാണ്. സംസ്ഥാനത്തെ 80% ഐടി പ്രൊഫഷണലുകളും ജിടെക് കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: